നിർണായകമായ കൂടിക്കാഴ്‌ച ഉടനെ, ടീമിൽ നടത്തേണ്ട അഴിച്ചുപണികളിൽ തീരുമാനമുണ്ടാകും | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായി മൈക്കൽ സ്റ്റാറെയെ നിയമിച്ചതിനു പിന്നാലെ ടീമിൽ ഒരുപാട് അഴിച്ചുപണികൾ നടക്കാനുള്ള സാധ്യതയുണ്ട്. സ്റ്റാറെയുടെ ശൈലി, അദ്ദേഹം താരങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്ന വർക്ക് റേറ്റ് എന്നിവ ഇവാൻ വുകോമനോവിച്ചിൽ നിന്നും വ്യത്യസ്‌തമാണ്‌ എന്നതിനാൽ തന്നെ അതിനനുസൃതമായ താരങ്ങളെ ടീമിലേക്ക് എത്തിക്കേണ്ടതുണ്ട്.

പുതിയ താരങ്ങളുടെ കാര്യത്തിൽ കൃത്യമായ ആസൂത്രണം ഇത്തവണ ഉണ്ടാകുമെന്നാണ് കരുതേണ്ടത്. മൈക്കൽ സ്റ്റാറെ ഇതുവരെ കേരളത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും തനിക്ക് വേണ്ട ടീമിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ ഇടപെടൽ ഉണ്ടെന്നാണ് അനുമാനിക്കാൻ കഴിയുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം ഒരു യൂട്യൂബ് പോഡ്‌കാസ്റ്റിൽ പറഞ്ഞ വാക്കുകളിൽ നിന്നും ഇക്കാര്യം വ്യക്തമാണ്.

“പുതിയ താരങ്ങളുടെ റിക്രൂട്ട്മെന്റ് എല്ലാം സെറ്റായിട്ടില്ല. വരുന്ന ദിവസങ്ങളിൽ അതിൽ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് എനിക്ക് പറയാനുള്ളത്. എസ്‌ഡി (ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്റ്റർ) താമസിക്കുന്ന വിൽനിയസിലേക്ക് ഞാൻ നാളെ പോവുകയാണ്. അവിടെ അദ്ദേഹത്തിനൊപ്പം രണ്ടു ദിവസം ചിലവഴിച്ച് കളിക്കാരുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കും.” സ്റ്റാറെ പറഞ്ഞു.

കേരളത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലെങ്കിലും ആരാധകർക്ക് വേണ്ട വിവരങ്ങളെല്ലാം അദ്ദേഹം കൃത്യമായി പങ്കു വെക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ആരാധകരോട് നല്ല രീതിയിൽ ഇടപഴകുന്ന പരിശീലകൻ തന്നെയാണ് അദ്ദേഹമെന്നാണ് കരുതേണ്ടത്. അതിനു പുറമെ ടീമിന്റെ പ്ലാനിങ്ങിൽ കൃത്യമായ ഇടപെടൽ സ്റ്റാറെ നടത്തുന്നുണ്ടെന്നും ഇതിൽ നിന്നും വ്യക്തമാണ്.

സ്റ്റാറെ തന്നെ അറിയിച്ചത് പ്രകാരം ജൂലൈ മാസത്തിലാണ് അദ്ദേഹം കേരളത്തിലേക്ക് വരുന്നത്. അതിനു മുൻപ് അദ്ദേഹത്തിന് വേണ്ട താരങ്ങളെ എത്തിക്കാനുള്ള ശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ജൂൺ മാസം അവസാനിക്കുമ്പോഴേക്കും സൈനിംഗുകൾ പൂർത്തിയാക്കിയാൽ സ്റ്റാറെ എത്തുമ്പോൾ തന്നെ അദ്ദേഹത്തിന് തന്റെ ജോലികൾ ആരംഭിക്കാൻ കഴിയും.

Kerala Blasters Working On Their New Recruitments