മലപ്പുറത്ത് ഒരു ലക്ഷം കപ്പാസിറ്റിയിൽ വരുന്ന പുതിയ സ്റ്റേഡിയത്തിലാണോ അർജന്റീന കളിക്കുക, അഭ്യൂഹങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത് | Kerala

അർജന്റീന കേരളത്തിലേക്ക് കളിക്കാൻ വരാൻ സമ്മതം മൂളിയെന്ന് കായികമന്ത്രിയായ വി അബ്ദുറഹ്മാൻ തന്നെയാണ് കുറച്ചു ദിവസം മുൻപ് അറിയിച്ചത്. നേരത്തെ ഈ ജൂലൈ മാസത്തിൽ അർജന്റീന ടീം വരാൻ സമ്മതം മൂളിയെന്നും എന്നാൽ അത് മഴക്കാലമായതിനാൽ 2025 ഒക്ടോബറിൽ രണ്ടു സൗഹൃദ മത്സരങ്ങൾ കേരളത്തിൽ കളിക്കാൻ അവർ സമ്മതം അറിയിച്ചുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.

അർജന്റീന കളിക്കാൻ കേരളത്തിൽ വരുമെന്ന് അറിയിച്ചതു മുതൽ ഒരുപാട് അഭ്യൂഹങ്ങൾ പുറത്തു വരുന്നുണ്ട്. മലപ്പുറത്ത് വരാൻ പോകുന്ന പുതിയ സ്റ്റേഡിയത്തിലാണ് അർജന്റീന ടീം കളിക്കുകയെന്നതാണ് അതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിനു പുറമെ മലപ്പുറം പയ്യനാട് വരാൻ പോകുന്ന ഈ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി ഒരു ലക്ഷം ആളുകൾ ആയിരിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ സ്പോർട്ട്സ് കേരള ഫൗണ്ടേഷൻ ഡയറക്റ്റർമാരിൽ ഒരാളായ ആഷിക് കൈനിക്കര പറയുന്നത് പ്രകാരം ഈ അഭ്യൂഹങ്ങൾ തെറ്റാണ്. അർജന്റീന കേരളത്തിലേക്ക് വരുമെന്നും മലപ്പുറത്തെ പുതിയ സ്റ്റേഡിയത്തിൽ മത്സരത്തിനായി ഇറങ്ങുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ ആ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി മുപ്പത്തിയയ്യായിരം ആയിരിക്കുമെന്നാണ് ആഷിഖ് പറയുന്നത്.

പയ്യാനാട്ടെ നിലവിലെ സ്റ്റേഡിയം അടക്കം ഇരുപത്തിയഞ്ച് ഏക്കർ ഭൂമിയിൽ ഇരുപത് ഏക്കർ പുതിയ സ്റേഡിയത്തിനായി ലഭ്യമായെന്നും അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സ്റ്റേഡിയത്തിന്റെ നിർമാണം പതിനെട്ടു മാസം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശമെന്നും അദ്ദേഹം പറയുന്നു. ഫെബ്രുവരി മാസത്തിൽ അന്തിമ രൂപരേഖ തയ്യാറാകുന്നതോടെ കാര്യങ്ങൾ വേഗത്തിൽ മുന്നോട്ടു പോകുമെന്നും പറയുന്നു.

പുതിയ സ്റ്റേഡിയത്തിനായി എഴുപത്തിയഞ്ച് കോടി രൂപ അനുവദിച്ചുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്തായാലും പുതിയ സ്റ്റേഡിയം കേരളത്തിൽ വരുമെന്ന് ഇതോടെ ഉറപ്പാണ്. അതിൽ ലയണൽ മെസിയും സംഘവും പന്ത് തട്ടിയാൽ അത് ലോകം തന്നെ ശ്രദ്ധിക്കുമെന്നതിൽ സംശയമില്ല. അതിനായി കേരള സർക്കാർ മുന്നോട്ടു പോകുമെന്ന് തന്നെ കരുതാം.

Kerala To Built New Stadium Before Argentina Arrival