“ഏഴാമത്തെ സീസണിലെ ശാപം” ലിവർപൂളിലും ക്ളോപ്പിനെ പിന്തുടരുന്നു

ലിവർപൂളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലകരെ എടുത്താൽ അതിൽ യർഗൻ ക്ളോപ്പിന്റെ പേര് മുന്നിൽ തന്നെയുണ്ടാകും. പ്രീമിയർ ലീഗിൽ ഒരു കാലത്ത് ആധിപത്യം സ്ഥാപിച്ച ഒരു ക്ലബ് പിന്നീട് തിരിച്ചടികൾ നേരിട്ടപ്പോൾ അതിൽ നിന്നും ഉയർത്തിയെടുത്തു കൊണ്ടുവന്ന് ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗുമടക്കം സാധ്യമായ എല്ലാ കിരീടങ്ങളും സമ്മാനിച്ച പരിശീലകനാണ് ക്ലോപ്പ്. ഇക്കാലയളവിൽ യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നായി മാറി, പ്രമുഖ ടീമുകളുടെയെല്ലാം പേടിസ്വപ്‌നമായി മാറാനും ലിവർപൂളിന് കഴിഞ്ഞു.

എന്നാൽ ഈ സീസണിൽ ലിവർപൂൾ മോശം ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. സാഡിയോ മാനെ ക്ലബ് വിട്ടെങ്കിലും ലൂയിസ് ഡയസ്, ഡാർവിൻ നുനസ് എന്നിവരെ ടീമിലെത്തിക്കാൻ ലിവർപൂളിന് കഴിഞ്ഞിരുന്നു. എന്നാൽ സീസണിൽ എട്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ടു മത്സരങ്ങളിൽ മാത്രം വിജയം നേടാൻ കഴിഞ്ഞ ലിവർപൂൾ നിലവിൽ പത്താം സ്ഥാനത്താണ് നിൽക്കുന്നത്. ഇതോടെ പരിശീലകനായ ക്ളോപ്പിന്റെ “ഏഴാം വർഷത്തിലെ ശാപം” വീണ്ടുമൊരിക്കൽ കൂടിയ യാഥാർഥ്യമാവുന്നുണ്ടോ എന്ന ചർച്ചയും ഫുട്ബോൾ ലോകത്ത് ആരംഭിച്ചു കഴിഞ്ഞു.

പരിശീലകനായിരിക്കുന്ന ക്ലബുകൾ ഏഴാമത്തെ സീസണിൽ മോശം ഫോമിലേക്ക് വീഴുന്നത് ഇതിനു മുൻപ് രണ്ടു തവണ ക്ലോപ്പിന്റെ കരിയറിൽ ഉണ്ടായിട്ടുണ്ട്. ആദ്യം മെയിൻസ് പരിശീലകനായിരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ജർമൻ ക്ലബിന്റെ ചരിത്രത്തിൽ ആദ്യമായി അവർക്ക് ബുണ്ടസ്‌ലിഗയിലേക്ക് പ്രൊമോഷൻ നൽകിയ പരിശീലകനാണ് ക്ലോപ്പ്. എന്നാൽ അതു കഴിഞ്ഞു മൂന്നാം വർഷം തന്നെ മെയിൻസ് ലീഗിൽ നിന്നും വീണ്ടും തരം താഴ്ത്തപ്പെട്ടു. ക്ലോപ്പ് മെയിൻസ് പരിശീലകനായ ഏഴാമത്തെ സീസണായിരുന്നു അത്.

അതിനു ശേഷം സമാനമായ സംഭവം ബൊറൂസിയ ഡോർട്മുണ്ടിനൊപ്പവും ഉണ്ടായി. ഡോർട്മുണ്ടിനു രണ്ടു ജർമൻ ലീഗ് നേടിക്കൊടുക്കാനും ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ കളിപ്പിക്കാനും ക്ലോപ്പിനു കഴിഞ്ഞിട്ടുണ്ട്. എന്നാൽ അവിടെയും ഏഴാമത്തെ സീസൺ ക്ളോപ്പിനു തിരിച്ചടിയായിരുന്നു. ടീമിലെ പ്രധാന താരമായ റോബർട്ട് ലെവൻഡോസ്‌കിയെ നഷ്‌ടമായ ബൊറൂസിയ ഡോർട്മുണ്ട് ആ സീസണിൽ ഏഴാമതാണ് ലീഗിൽ ഫിനിഷ് ചെയ്‌തത്‌. അതിനു പിന്നാലെ പരിശീലകൻ ക്ലബ് വിടുകയും ചെയ്‌തു.

ലിവർപൂളിൽ ഏഴാമത്തെ സീസണിൽ ടീമിനെ നയിക്കുമ്പോൾ മുൻകാല അനുഭവങ്ങൾ ക്ലോപ്പിന്റെ തലക്കു മുകളിൽ തൂങ്ങി നിൽപ്പുണ്ട്. ഈ സീസണിൽ ലിവർപൂൾ പതറുന്നത് ക്ലോപ്പിന്റെ “ഏഴാം സീസണിലെ ശാപം” ഒരിക്കൽ കൂടി യാഥാർഥ്യമാകാനുളള സാധ്യത വർധിപ്പിക്കുന്നു. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുമായി ഒരൊറ്റ പോയിന്റ് വ്യത്യാസത്തിൽ പ്രീമിയർ ലീഗ് കിരീടം നഷ്‌ടമാവുകയും ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുകയും ചെയ്‌ത മികച്ച ഫോമിലുണ്ടായിരുന്ന ടീമാണ് ഈ സീസണിൽ പതറുന്നതെന്നത് ഇതിനൊപ്പം എടുത്തു പറയേണ്ട കാര്യമാണ്.