രണ്ടു കാര്യങ്ങൾ അവന്റെ വളർച്ചയിൽ നിർണായകമായി, ലാമിൻ യമാലിനെ പ്രശംസിച്ച് അർജന്റീന പരിശീലകൻ സ്കലോണി
ബാഴ്സലോണക്കൊപ്പം ചരിത്രം കുറിച്ച താരമാണെങ്കിലും ലാമിൻ യമാലിനു കൂടുതൽ ശ്രദ്ധ ലഭിക്കാൻ ഈ യൂറോ കപ്പിലെ പ്രകടനം കാരണമായിട്ടുണ്ട്. സ്പെയിൻ ഫൈനൽ വരെയെത്തി നിൽക്കുമ്പോൾ ടീമിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയത് പതിനേഴു വയസ് മാത്രം പ്രായമുള്ള യമാലാണ്. യൂറോയിലെ മികച്ച താരത്തിനുള്ള പുരസ്കാരവും യമാലിനെ തേടിയെത്തിയേക്കാം.
കഴിഞ്ഞ ദിവസം അർജന്റീന പരിശീലകനായ ലയണൽ സ്കലോണി സ്പാനിഷ് താരത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ലാമിൻ യമാലിന്റെ വളർച്ചയെയും താരത്തിന്റെ മികവിനെയും സ്കലോണി പ്രശംസിച്ചു. പതിനാറാം വയസിൽ താരം ഇത്രയും വളർച്ചയുണ്ടാക്കാൻ രണ്ടു കാര്യങ്ങൾ വളരെ നിർണായകമായെന്നാണ് ലയണൽ സ്കലോണി വിലയിരുത്തുന്നത്.
Lionel Scaloni: "Lamine Yamal is a spectacular emergence, and much credit goes to Xavi for giving him the opportunity to play at such a young age and wear the Barcelona jersey. And then to Luis for giving him the chance with the Spanish national team. It must be one of the most… pic.twitter.com/TO52fl6BFq
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 13, 2024
“ലാമിൻ യമാലിന് അവിശ്വസനീയമായ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. അതിന്റെ ക്രെഡിറ്റ് കൂടുതൽ അർഹിക്കുന്നത് സാവിയാണ്. കാരണം ഇത്രയും ചെറുപ്പത്തിൽ തന്നെ ബാഴ്സലോണ ജേഴ്സി അണിയാനുള്ള അവസരം താരത്തിന് നൽകിയത് സാവിയാണ്. അതുപോലെ തന്നെ സ്പെയിനിൽ താരത്തിന് അവസരം നൽകിയ ലൂയിസും. ഇതും രണ്ടും പ്രധാനപ്പെട്ട വഴിത്തിരിവായിരുന്നു.”
“ഇവിടെ നിന്നുമുള്ള കാര്യങ്ങൾ നോക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി എനിക്കു തോന്നുന്നത് ഇനി മുതൽ താരത്തെ ഏറ്റവും നല്ല രീതിയിൽ തന്നെ ശ്രദ്ധിക്കണം, അവനൊപ്പം തന്നെ നിൽക്കണം. വളരെയധികം മികവുള്ള ഒരു യുവതാരത്തെയാണ് നമ്മൾ കാണുന്നത്. സ്പെയിനിനു ഒരുപാട് നേട്ടങ്ങളുണ്ടാക്കാൻ അവനു കഴിയുമെന്നുറപ്പാണ്.” സ്കലോണി പറഞ്ഞു.
ഈ യൂറോ കപ്പിൽ ആറു മത്സരങ്ങളിൽ ഇറങ്ങിയ യമാൽ ഒരു ഗോൾ നേടുകയും മൂന്നു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. ഫ്രാൻസിനെതിരെ താരം നേടിയ കിടിലൻ ഗോളാണ് സ്പെയിനിന്റെ തിരിച്ചു വരവിനു വഴിയൊരുക്കിയത്. സ്പെയിനിന്റെ കിരീടപ്രതീക്ഷകളും യമാലിന്റെ പ്രകടനമികവിൽ തന്നെയാണ്.