ഗോളടിമികവിൽ ഹാലൻഡിനും എംബാപ്പെക്കും മുന്നിൽ, അവിശ്വസനീയ പ്രകടനവുമായി അർജന്റീന താരം | Lautaro

ലയണൽ സ്‌കലോണിയുടെ അർജന്റീന ടീമിൽ മെസി കഴിഞ്ഞാൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമായിരുന്നു എങ്കിലും ഖത്തർ ലോകകപ്പിൽ ലൗടാരോ മാർട്ടിനസിനു തിളങ്ങാൻ കഴിഞ്ഞില്ലായിരുന്നു. പരിക്കിന്റെ പ്രശ്‌നങ്ങൾ അലട്ടിയ താരം ഒരു ഗോൾ പോലും നേടാതെയാണ് ലോകകപ്പ് പൂർത്തിയാക്കിയത്. ലോകകപ്പിൽ ടോപ് സ്കോററായി മാറുമെന്ന് പ്രതീക്ഷിച്ച താരം ഇത്തരത്തിൽ ഫോമൗട്ടായത് ആരാധകരെ നിരാശരാക്കി എങ്കിലും അതിനു ശേഷം ലൗടാരോ നടത്തിയ പ്രകടനം വിസ്‌മയിപ്പിക്കുന്നതായിരുന്നു.

ലോകകപ്പ് കഴിഞ്ഞതിനു ശേഷം ഇന്റർ മിലാനു വേണ്ടി മിന്നുന്ന ഫോമിൽ കളിച്ച താരം ടീമിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ലോകകപ്പ് കഴിഞ്ഞതിനു ശേഷമുള്ള 2023 വർഷത്തെ ഗോളിന്റെ കണക്കുകൾ എടുത്താൽ താരത്തിന്റെ പ്രകടനം കൂടുതൽ ആശ്ചര്യപ്പെടുത്തും. താരം ശരാശരി ഗോൾ പെർ മിനുട്ട് എടുത്താൽ യൂറോപ്പിൽ മിന്നുന്ന പ്രകടനം നടത്തുന്ന ഹാലാൻഡ്, എംബാപ്പെ എന്നിവരേക്കാൾ മുന്നിലാണ്. 2023ലെ കണക്കുകളിലാണ് താരം മുന്നിൽ നിൽക്കുന്നത്.

ഗസറ്റ ഇറ്റാലിയയുടെ റിപ്പോർട്ടുകൾ പ്രകാരം 2023ൽ കളിക്കുന്ന ഓരോ 89.81 മിനുട്ടിലും ലൗടാരോ ഒരു ഗോൾ നേടുന്നുണ്ട്. ഇത്തരത്തിൽ ഇരുപത്തിനാലു മത്സരങ്ങളിൽ നിന്നും പതിനാറു ഗോളുകളാണ് താരം നേടിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ളത് നാപ്പോളി താരം ഒസിംഹനാണ്. 22 മത്സരങ്ങളിൽ നിന്നും 19 ഗോൾ നേടിയ താരത്തിന്റെ ആവറേജ് ഗോൾ പെർ മിനുട്ട് 92നു മുകളിലാണ്. 95നു മുകളിൽ നിൽക്കുന്ന എംബാപ്പെ മൂന്നാമതും 101നു മുകളിൽ ഹാലാൻഡ് നാലാമതും നിൽക്കുന്നു.

ലോകകപ്പിൽ പരിക്കിന്റെ പ്രശ്‌നങ്ങൾ അലട്ടിയ താരം അതിനു ശസ്ത്രക്രിയ നടത്തി പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്ത് കഴിഞ്ഞു. കഴിഞ്ഞ സീസണിൽ ഇന്റർ മിലാനു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയ താരത്തെ ടീമിന്റെ നായകനായും നിയമിച്ചു കഴിഞ്ഞു. കഴിഞ്ഞ സീസണിൽ നടത്തിയ പ്രകടനത്തിന്റെ ബാക്കി ഈ സീസണിൽ നടത്താനാണ് ലൗടാരോ മാർട്ടിനസ് ഒരുങ്ങുന്നത്. അടുത്ത വർഷം കോപ്പ അമേരിക്ക നടക്കാനിരിക്കെ അർജന്റീനക്കും അത് കരുത്ത് നൽകും.

Lautaro Ahead Of Mbappe And Haaland In 2023