റൊണാൾഡോയും നെയ്‌മറും ബെൻസിമയും ഇന്ത്യയിൽ കളിക്കാനുള്ള സാഹചര്യമൊരുങ്ങുന്നു, പ്രതീക്ഷയോടെ ആരാധകർ | Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്ക് ചേക്കേറിയതു മുതൽ ഇന്ത്യയിലെ ഫുട്ബോൾ ആരാധകർ ചർച്ച ചെയ്‌തിരുന്ന കാര്യമാണ് താരം ഇന്ത്യയിലേക്ക് കളിക്കാനെത്തുമോയെന്നത്. സൗദി ക്ലബുകളും ഇന്ത്യയിലെ ക്ലബുകളും എഎഫ്‌സി ചാമ്പ്യൻസ് ലീഗ്, എഎഫ്‌സി കപ്പ് എന്നീ മത്സരങ്ങളിൽ കളിക്കുമെന്നതിനാൽ റൊണാൾഡോ ഇന്ത്യയിൽ കളിക്കാനെത്തുന്നതിന്റെ സാധ്യതകൾ ആരാധകർ തിരഞ്ഞു കൊണ്ടേയിരുന്നു. ഇപ്പോൾ ആരാധകർക്ക് പ്രതീക്ഷ നൽകി അൽ നസ്ർ എഎഫ്‌സി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയതിനു പുറമെ നെയ്‌മറും ബെൻസിമയും ഇന്ത്യയിൽ കളിക്കാനുള്ള സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസം നടന്ന പ്ലേ ഓഫ് മത്സരത്തിൽ ദുബായിലെ ക്ലബായ ഷബാബ് അൽ അഹ്ലിക്കെതിരെ വിജയം നേടിയാണ് അൽ നസ്ർ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിന് യോഗ്യത നേടിയത്. നെയ്‌മറെ സ്വന്തമാക്കിയ അൽ ഹിലാലും ബെൻസിമ കളിക്കുന്ന അൽ ഇത്തിഹാദും നേരത്തെ തന്നെ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയിട്ടുണ്ട്. ഇതോടെ ഇന്ത്യയിലെ പ്രധാന ക്ലബായ മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഈ ടീമുകൾ കളിക്കാനുള്ള സാഹചര്യം വന്നിരിക്കുന്നു. നിലവിൽ ഐഎസ്എൽ ഷീൽഡ് വിന്നേഴ്‌സായ മുംബൈ സിറ്റി കഴിഞ്ഞ സീസണിലെ ഷീൽഡ് വിന്നേഴ്‌സായ ജംഷഡ്‌പൂരിനെ മെയിൽ നടന്ന മത്സരത്തിൽ കീഴടക്കിയാണ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയത്.

എന്നാൽ മുംബൈ സിറ്റി എഫ്‌സിയും ഈ ക്ലബുകളും തമ്മിൽ മത്സരം നടക്കുമോ എന്നറിയാൻ നാളെ, ഓഗസ്റ്റ് 24 വരെ കാത്തിരിക്കണം. ഇന്ത്യൻ സമയം അന്ന് വൈകുന്നേരം നാല് മണിക്കാണ് എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിന്റെ നറുക്കെടുപ്പ് നടക്കുന്നത്. അതിലെ പോട്ടുകൾ പ്രകാരം മുംബൈ സിറ്റിയും അൽ നസ്‌റും ഒരു ഗ്രൂപ്പിൽ വരാനുള്ള സാധ്യതയുണ്ട്. അങ്ങിനെയെങ്കിൽ റൊണാൾഡോ ഇന്ത്യയിൽ കളിക്കും. അതല്ലെങ്കിൽ അൽ ഹിലാൽ, അൽ ഇത്തിഹാദ് എന്നീ ടീമുകളെ മുംബൈ സിറ്റിക്ക് എതിരാളികളായി ലഭിച്ചാൽ നെയ്‌മർ, ബെൻസിമ എന്നിവരും ഇന്ത്യയിലേക്കെത്തും.

ഇന്ത്യയിലേക്ക് ഈ താരങ്ങൾ കളിക്കാനെത്താനാവും ഇന്ത്യയിലെ ഓരോ ഫുട്ബോൾ ആരാധകനും പ്രാർത്ഥിക്കുന്നുണ്ടാവുക. ഈ താരങ്ങൾക്കും അവർ കളിച്ചിരുന്ന ക്ളബുകൾക്കും ദേശീയ ടീമിനുമെല്ലാം വലിയ ആരാധകരാണ് ഇന്ത്യയിലുള്ളത്. എന്നാൽ എല്ലാ സാഹചര്യങ്ങളും അനുകൂലമായി വരികയും ഭാഗ്യം കൂടെ നിൽക്കുകയും ചെയ്‌താൽ മാത്രമേ അത് സംഭവിക്കൂ. അത് സംഭവിച്ചാൽ ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് ആഘോഷരാവായിരിക്കും. ഇന്ത്യൻ ക്ലബ് ഫുട്ബോളിന് ആഗോള തലത്തിൽ തന്നെ ശ്രദ്ധ കിട്ടാനും അതുപകരിക്കും.

Ronaldo Neymar Benzema May Play In India