ആരൊക്കെ എന്തൊക്കെ നേടിയാലും എട്ടാമത്തെ ബാലൺ ഡി ഓർ മെസി ഉയർത്തും, കാരണങ്ങളിതാണ് | Messi

ഖത്തർ ലോകകപ്പ് കിരീടം നേടിയതിനു ശേഷം വ്യക്തിഗത പുരസ്‌കാരങ്ങൾ ഓരോന്നായി ലയണൽ മെസി സ്വന്തമാക്കുന്ന. ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ലയണൽ മെസി അതിനു ശേഷം കായികലോകത്തെ ഓസ്‌കാർ എന്നറിയപ്പെടുന്ന ലോറിസ് പുരസ്‌കാരവും സ്വന്തമാക്കി. ഫുട്ബോൾ മേഖലയിൽ നിന്നും ലോറിസ് പുരസ്‌കാരം നേടുന്ന ഒരേയൊരു താരമായ മെസി ഈ പുരസ്‌കാരം രണ്ടു തവണ നേടിയിട്ടുണ്ടെന്നത് പ്രത്യേകം ശ്രദ്ധയർഹിക്കുന്ന കാര്യമാണ്.

ഈ പുരസ്‌കാരങ്ങൾക്ക് പുറമെ ഫിഫ ബാലൺ ഡി ഓർ പുരസ്‌കാരവും ലയണൽ മെസി സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസണിൽ ട്രെബിൾ കിരീടങ്ങൾ നേടുകയും ആഴ്‌ചകൾക്കു മുൻപ് യുവേഫ സൂപ്പർകപ്പ് കിരീടം സ്വന്തമാക്കുകയും ചെയ്‌ത എർലിങ് ഹാലാൻഡ് ലയണൽ മെസിക്ക് വെല്ലുവിളി ഉയർത്താനുണ്ടെങ്കിലും മെസി തന്നെ എട്ടാമത്തെ ബാലൺ ഡി ഓർ ഉയർത്തുമെന്നുറപ്പാണ്. പുരസ്‌കാരം ഉറപ്പിക്കാനുള്ള പ്രകടനം താരം നടത്തിയിട്ടുമുണ്ട്.

ഖത്തറിൽ നടന്ന ലോകകപ്പിൽ കിരീടമുയർത്തിയതും ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയതും അതിനൊരു പ്രധാന കാരണമാണ്. ഖത്തർ ലോകകപ്പിൽ പോകുമ്പോൾ അർജന്റീനയെ ഒരു ശരാശരി ടീം മാത്രമായാണ് എല്ലാവരും കണ്ടിരുന്നത്. എന്നാൽ നിർണായക മത്സരങ്ങളിലെല്ലാം നിറഞ്ഞാടിയ ലയണൽ മെസി ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളുമായി കളം നിറഞ്ഞു കളിച്ചാണ് കിരീടം സ്വന്തമാക്കിയത്. മെസി മുന്നിലുണ്ടെന്ന ആത്മവിശ്വാസം അർജന്റീന താരങ്ങൾക്കെല്ലാം ഉണ്ടായിരുന്നു.

മറ്റൊന്ന് കഴിഞ്ഞ സീസണിൽ താരം നടത്തിയ വ്യക്തിഗത പ്രകടനമാണ്. ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്‌ജി നേരത്തെ തന്നെ പുറത്തു പോയെങ്കിലും കഴിഞ്ഞ സീസണിൽ ലയണൽ മെസി മിന്നുന്ന പ്രകടനമാണ് നടത്തിയത്. എല്ലാ മത്സരങ്ങളിലുമായി മുപ്പത്തിയെട്ടു ഗോളുകൾ നേടിയ താരം ഇരുപത്തിയഞ്ചു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തു. പിഎസ്‌ജിക്ക് വേണ്ടി ഫ്രഞ്ച് ലീഗ് കിരീടം നേടാനും ലയണൽ മെസിക്ക് കഴിയുകയുണ്ടായി.

അതേസമയം പ്രീമിയർ ലീഗിൽ റെക്കോർഡ് ഗോൾവേട്ട നടത്തുകയും ട്രെബിൾ കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്‌ത എർലിങ് ഹാലാൻഡ് മികച്ച പ്രകടനം നടത്തിയെങ്കിലും നിർണായകമായ പല മത്സരങ്ങളിലും നിറം മങ്ങിപ്പോയെന്നത് വ്യക്തമാണ്. ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ മുതൽ നിശബ്‌ദനാക്കപ്പെട്ട താരത്തെ മറികടന്ന് ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം റോഡ്രിയാണ് സ്വന്തമാക്കിയതെന്നത് ഇതിനൊപ്പം ചേർത്തു വായിക്കാൻ കഴിയുന്ന കാര്യമാണ്. അതിനാൽ തന്നെ മെസി തന്നെയാണ് ബാലൺ ഡി ഓർ നേടാൻ സാധ്യതയുള്ളത്.

Messi Favorite To Win Ballon Dor