സൂപ്പർ സബ് ലൗടാരോ, ലോകകപ്പിലെ നിരാശ കോപ്പ അമേരിക്കയിൽ മാറ്റിയെടുക്കുന്ന പ്രകടനം

ലയണൽ മെസി കഴിഞ്ഞാൽ ലയണൽ സ്‌കലോണിയുടെ അർജന്റീന ടീമിനു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ താരമാണ് ലൗടാരോ മാർട്ടിനസ്. എന്നാൽ ഖത്തർ ലോകകപ്പിൽ താരത്തിന്റെ പ്രകടനം വളരെ മോശമായിരുന്നു. പല സുവർണാവസരങ്ങളും നഷ്‌ടപ്പെടുത്തിയ താരത്തിനു പകരം കളിക്കാനിറങ്ങിയ അൽവാരസ് മികച്ച പ്രകടനം നടത്തുകയും ചെയ്‌തു.

ലോകകപ്പിലെ പ്രകടനത്തിന്റെ പേരിൽ പലരും വിമർശിച്ച താരം പക്ഷെ അതിന്റെ നിരാശയെല്ലാം കോപ്പ അമേരിക്കയിൽ ഇല്ലാതാക്കുന്ന പ്രകടനമാണ് നടത്തുന്നത്. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ പൊരുതിക്കളിച്ച ചിലിക്കെതിരെ അർജന്റീന ഒരു ഗോളിന്റെ വിജയം നേടിയപ്പോൾ അതിൽ ടീമിന്റെ വിജയഗോൾ നേടിയത് പകരക്കാരനായിറങ്ങിയ ലൗടാരോ മാർട്ടിനസായിരുന്നു.

അർജന്റീനക്ക് വേണ്ടി തുടർച്ചയായ മൂന്നാമത്തെ മത്സരത്തിലാണ് ലൗടാരോ മാർട്ടിനസ് ഗോൾ കണ്ടെത്തുന്നത്. കാനഡക്കെതിരെ കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയ താരം അതിനു മുൻപ് ഗ്വാട്ടിമാലക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയിരുന്നു. ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം താൻ അർജന്റീനയിൽ ഫോം കണ്ടെത്താൻ തുടങ്ങിയെന്ന് താരം വ്യക്തമാക്കുന്നു.

കോപ്പ അമേരിക്കക്കു മുൻപ് ലൗടാരോ മാർട്ടിനസിന്റെ ആത്മവിശ്വാസം വർധിപ്പിച്ചതിൽ ലയണൽ മെസിക്കും പങ്കുണ്ട്. ലോകകപ്പിന് ശേഷം ദേശീയ ടീമിനായി ആകെ ഒരു ഗോൾ മാത്രം നേടിയ താരത്തിന് ഗ്വാട്ടിമാലക്കെതിരെ ലഭിച്ച പെനാൽറ്റി മെസി നൽകിയിരുന്നു. ആ മത്സരത്തിൽ രണ്ടു ഗോൾ നേടിയ താരം അതിനു ശേഷം നടന്ന രണ്ടു മത്സരങ്ങളിലും ഗോൾ കണ്ടെത്തി.

ഇന്നത്തെ മത്സരത്തിൽ രണ്ടു ഗോളുകൾ കൂടി നേടാൻ ലൗടാരോക്ക് അവസരമുണ്ടായിരുന്നു. ഡി മരിയ നൽകിയ ഓപ്പൺ ചാൻസടക്കം താരം തുലച്ചത് അവിശ്വസനീയമായ കാഴ്‌ചയായിരുന്നു. എന്നാൽ രണ്ടു ഗോളുകളോടെ നിലവിൽ കോപ്പ അമേരിക്കയിൽ ടോപ് സ്കോററായി നിൽക്കുന്ന താരം ഇനി വരുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം ഉറപ്പു നൽകുന്നുണ്ടെന്നത് ആരാധകർക്ക് പ്രതീക്ഷയാണ്.