ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാൻ ലയണൽ മെസിയും ഇന്റർ മിയാമിയും, ഇനി വേണ്ടത് ഒരൊറ്റ ജയം | Messi

ലയണൽ മെസി എത്തിയതിനു ശേഷം ഇന്റർ മിയാമിയുടെ കുതിപ്പ് അവിശ്വസനീയമാണ്. അതുവരെ തുടർച്ചയായ തോൽവികളും വല്ലപ്പോഴും മാത്രം വിജയവും ഉണ്ടായിരുന്ന ടീമിൽ മെസി എത്തിയതിനു ശേഷം നടന്ന അഞ്ചു മത്സരങ്ങളിലും അവർ വിജയം നേടി. എട്ടു ഗോളുകളും ഒരു അസിസ്റ്റുമായി ലയണൽ മെസി മുന്നിൽ നിന്നു നയിച്ച് അഞ്ചു മത്സരങ്ങളിലും വിജയം നേടിക്കൊടുത്തതോടെ ലീഗ്‌സ് കപ്പിന്റെ സെമി ഫൈനലിൽ ഇന്റർ മിയാമി എത്തിയിട്ടുണ്ട്.

ലയണൽ മെസി എത്തിയതിനു ശേഷം ഇന്റർ മിയാമി കളിച്ച മത്സരങ്ങളെല്ലാം ലീഗ് കപ്പിലായതിനാൽ തന്നെ എംഎൽഎസിൽ ഒരു മത്സരത്തിൽ പോലും താരം ഇറങ്ങിയിട്ടില്ല. അതുകൊണ്ടു തന്നെ ഈസ്റ്റേൺ കോൺഫറൻസിൽ അവസാനസ്ഥാനത്താണ് ഇന്റർ മിയാമി നിൽക്കുന്നത്. കോൺകാഫ് ചാമ്പ്യൻസ് ലീഗ് യോഗ്യത പ്ലേ ഓഫിലെത്താൻ ഒൻപതാം സ്ഥാനമെങ്കിലും വേണമെന്നിരിക്കെ ഇന്റർ മിയാമിക്ക് അത് നേടാൻ കഴിയുമോയെന്ന സംശയം പലർക്കുമുണ്ടായിരുന്നു.

എന്നാൽ ലീഗ്‌സ് കപ്പിന്റെ സെമി ഫൈനലിൽ എത്തിയതോടെ കോൺകാഫ് ചാമ്പ്യൻസ് ലീഗിനു നേരിട്ട് യോഗ്യത നേടാൻ മെസിക്കും ഇന്റർ മിയാമിക്കും സുവർണാവസരം ഒരുങ്ങിയിട്ടുണ്ട്. ലീഗ് കപ്പിലെ ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തുന്ന ടീമിന് കോൺകാഫ് ചാമ്പ്യൻസ് ലീഗിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. അതുകൊണ്ടു തന്നെ ടീമിന് അടുത്തത് നടക്കുന്ന സെമി ഫൈനലിലോ അല്ലെങ്കിൽ ലൂസേഴ്‌സ് ഫൈനലിലോ വിജയിച്ചാൽ മതി. കിരീടമുയർത്തിയാൽ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിലേക്ക് തന്നെ നേരിട്ട് മുന്നേറാം.

പ്രൊഫെഷണൽ കരിയറിൽ എല്ലാ സീസണിലും ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിച്ചിട്ടുള്ള താരമാണ് ലയണൽ മെസി. ഇന്റർ മിയാമി ലീഗിൽ പിന്നിലാണെങ്കിലും മറ്റൊരു വഴിയിലൂടെ ടീമിന് ചാമ്പ്യൻസ് ലീഗിലേക്ക് വഴി തുറക്കാൻ താരത്തിന് വലിയ അവസരമാണ് വന്നിരിക്കുന്നത്. സെമിയിൽ ഫിലാഡൽഫിയ യൂണിയനെ നേരിടുന്ന ഇന്റർ മിയാമി അതിൽ വിജയിച്ചാൽ ഫൈനലിൽ മെക്‌സിക്കൻ ക്ലബായ മോന്ററിയെയോ അമേരിക്കൻ ക്ലബായ നാഷ്‌വില്ലയെയോ ആകും നേരിടുക.

Leagues Cup Path For Messi To CONCACAF Champions League