പരിഹസിക്കുന്നവർക്ക് കളിക്കളത്തിൽ മറുപടി നൽകുന്നതൊരു ശീലമായിപ്പോയി, എതിരാളികളുടെ വായടപ്പിച്ച് റൊണാൾഡോ | Ronaldo

ലയണൽ മെസി ലോകകപ്പ് ഉയർത്തിയതോടെ ഏറ്റവുമധികം പരിഹാസങ്ങൾ ഏറ്റുവാങ്ങിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോകകപ്പിന് പിന്നാലെ സൗദി അറേബ്യൻ ലീഗിലേക്ക് ചേക്കേറിയത് അത് വർധിപ്പിക്കുകയും ചെയ്‌തു. കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതി മുഴുവൻ സൗദി ലീഗിൽ കളിച്ചെങ്കിലും ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിയാതെ പോയത് റൊണാൾഡൊക്കെതിരെ വിമർശനങ്ങളും പരിഹാസങ്ങളും വർധിക്കാൻ കാരണമാവുകയും ചെയ്‌തു.

എന്നാൽ സൗദിയിൽ താനെത്തിയത് കിരീടങ്ങൾ സ്വന്തമാക്കാനും പുതിയ നേട്ടങ്ങൾ കൊയ്യാനുമാണെന്ന് പറഞ്ഞ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ വാക്കുകൾ നിറവേറ്റുന്നതാണ് കഴിഞ്ഞ ദിവസം നടന്ന അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിന്റെ ഫൈനലിൽ കണ്ടത്. അൽ ഹിലാലിനെതിരെ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്നതിനു ശേഷം പത്ത് പേരായി ചുരുങ്ങുകയും ചെയ്‌തിട്ടും ഇരട്ടഗോളുകൾ നേടി ടീമിനെ ഫൈനലിൽ വിജയിപ്പിച്ച ഹീറോയിസം മറ്റാർക്കാണ് കാണിക്കാൻ കഴിയുക.

ബ്രസീലിയൻ താരം മാൽക്കത്തിന്റെ അസിസ്റ്റിൽ അൻപത്തിയൊന്നാം മിനുട്ടിൽ അൽ ഹിലാൽ മുന്നിലെത്തിയിരുന്നു. അതിനു ശേഷം എഴുപത്തിയൊന്നാം മിനുട്ടിൽ ഒരു അൽ നസ്ർ താരം ചുവപ്പുകാർഡ് വാങ്ങി പുറത്തു പോയി. ഏതൊരു ടീമും അവിടെ തളരുമെങ്കിലും റൊണാൾഡോ അതിനു തയ്യാറായിരുന്നില്ല. മൂന്നു മിനിറ്റിനകം താരത്തിന്റെ സമനിലഗോൾ പിറന്നു. സമനിലയിൽ പിരിഞ്ഞ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് പോയപ്പോൾ തൊണ്ണൂറ്റിയെട്ടാം മിനുട്ടിൽ മറ്റൊരു ഗോൾ കൂടി നേടി റൊണാൾഡോ വിജയം ഉറപ്പിക്കും.

ചരിത്രത്തിൽ ആദ്യമായാണ് അൽ നസ്ർ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് കിരീടം സ്വന്തമാക്കുന്നത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ റൊണാൾഡോ പരിക്കേറ്റു പുറത്തു പോയിരുന്നെങ്കിലും താരം തന്നെയാണ് കിരീടം വാങ്ങാനെല്ലാം മുന്നിലുണ്ടായിരുന്നത്. സൗദിയിലെ ആദ്യത്തെ കിരീടനേട്ടം ഗംഭീരമായി താരം ആസ്വദിക്കുകയും ചെയ്‌തു. നിരവധി വമ്പൻ താരങ്ങൾ സൗദിയിലെ പല ക്ലബുകളിലും എത്തിയെങ്കിലും തന്നിൽ അൽ നസ്റിന് പൂർണമായും പ്രതീക്ഷ വെക്കാമെന്ന് താരം വീണ്ടും തെളിയിച്ചു.

Ronaldo Won Trophy With Al Nassr