യൂറോപ്പിൽ നിന്നും ഏതു വമ്പന്മാർ വന്നിട്ടും കാര്യമില്ല, സൗദിയിലെ രാജാവ് റൊണാൾഡോ തന്നെ | Ronaldo

മുപ്പത്തിയെട്ടാം വയസിലും എന്തുകൊണ്ടാണ് ലോകത്തിലെ ഏറ്റവും മികച്ച താരമായി താൻ തുടരുന്നതെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ തെളിയിച്ച ദിവസമായിരുന്നു ഇന്നലെ. തന്റെ പോരാട്ടവീര്യം വീണ്ടുമൊരിക്കൽ കൂടി തെളിയിച്ച താരം അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിന്റെ ഫൈനലിൽ ഒരു ഗോളിന് പിന്നിൽ നിന്നിരുന്ന അൽ നസ്ർ പത്ത് പേരായി ചുരുങ്ങിയിട്ടും രണ്ടു ഗോളുകൾ നേടി ടീമിന് കിരീടം സ്വന്തമാക്കി നൽകി. ആദ്യമായാണ് അൽ നസ്ർ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് സ്വന്തമാക്കുന്നത്.

ഖത്തർ ലോകകപ്പിന് പിന്നാലെയാണ് റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയത്. കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം നടത്തിയെങ്കിലും കിരീടങ്ങളൊന്നും സ്വന്തമാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞില്ല. ഏഷ്യൻ ഫുട്ബോളിൽ പുതിയ നേട്ടങ്ങൾ സ്വന്തമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച റൊണാൾഡോക്ക് ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിയാതിരുന്നതിന്റെ പേരിൽ ഉയർന്ന കളിയാക്കലുകൾക്ക് ഈ സീസണിന്റെ തുടക്കത്തിൽ തന്നെ കിരീടനേട്ടത്തിലൂടെ താരം മറുപടി നൽകിയിട്ടുണ്ട്.

ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ യൂറോപ്പിൽ നിന്നുള്ള വമ്പൻ താരങ്ങളുടെ ഒഴുക്ക് സൗദി അറേബ്യൻ ക്ളബുകളിലേക്ക് ഉണ്ടായിരുന്നു. മാനെ, ബ്രോസോവിച്ച് എന്നിവർ അൽ നസ്റിലേക്കും എത്തി. അതേസമയം അൽ ഹിലാലിൽ യൂറോപ്പിൽ തിളങ്ങിയ നാല് താരങ്ങളാണ് കളിച്ചിരുന്നത്. പത്ത് പേരായി ചുരുങ്ങിയിട്ടും അങ്ങിനെയൊരു ടീമിനെതിരെ വിജയം നേടാൻ കഴിഞ്ഞത് ഏതൊക്കെ വമ്പന്മാർ വന്നാലും സൗദി അറേബ്യയിലെ കിംഗ് റൊണാൾഡോ തന്നെയാകുമെന്ന വ്യക്തമായ സൂചന നൽകുന്നു.

സീസണിലെ തുടക്കത്തിൽ തന്നെ നടന്ന ടൂർണമെന്റിൽ വിജയം നേടി കിരീടം സ്വന്തമാക്കാൻ കഴിഞ്ഞത് ഇനി മുന്നോട്ടു പോകാൻ അൽ നസ്റിന് കൂടുതൽ ആത്മവിശ്വാസം നൽകും. വമ്പൻ ടീമുകളെ പലരെയും വീഴ്ത്തി കിരീടം നേടിയതോടെ ഈ സീസണിൽ ഏതു ടീമിനെയും തോൽപ്പിക്കാൻ കഴിയുമെന്ന ഇച്ഛാശക്തി റൊണാൾഡോക്കും സംഘത്തിലും നൽകിയിട്ടുണ്ടാകുമെന്നതിൽ സംശയമില്ല. ഒരു കിരീടം നേടിയതിനാൽ തന്നെ കൂടുതൽ മികച്ച താരങ്ങളെ അൽ നസ്ർ എത്തിക്കാനും ശ്രമിച്ചേക്കും.

Ronaldo Proves He Is The King