മികച്ച താരത്തിനുള്ള പുരസ്‌കാരം എതിരാളിക്ക് നൽകി, ചോദ്യം ചെയ്‌ത്‌ ക്രിസ്റ്റ്യാനോ റൊണാൾഡോ | Ronaldo

അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിന്റെ ഫൈനൽ കഴിഞ്ഞപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹീറോയിക് പ്രകടനത്തെക്കുറിച്ച് ഫുട്ബോൾ ആരാധകർ ചർച്ച ചെയ്‌തു കൊണ്ടിരിക്കുകയാണ്. ഒരു ഗോളിന് പിന്നിൽ നിന്ന ടീം എഴുപത്തിയൊന്നാം മിനുട്ടിൽ പത്ത് പേരായി ചുരുങ്ങിയതിനു ശേഷമാണ് റൊണാൾഡോ രണ്ടു ഗോളുകൾ നേടി വിജയം നേടിക്കൊടുത്തത്. ഇതോടെ ആദ്യമായി അറബ് ക്ലബ് ചാമ്പ്യൻസ് കപ്പെന്ന നേട്ടം അൽ നസ്റിന് സ്വന്തമാക്കി നൽകാൻ താരത്തിന് കഴിഞ്ഞു.

മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയ റൊണാൾഡോ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. സെമി ഫൈനലിൽ പെനാൽറ്റി ഗോൾ നേടി ടീമിനെ വിജയിപ്പിച്ച റൊണാൾഡോയെ കളിയിലെ താരമായി തിരഞ്ഞെടുത്തിരുന്നു. എന്നാൽ ഫൈനലിൽ നിർണായകമായ രണ്ടു ഗോളുകൾ നേടിയിട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പകരം അൽ ഹിലാലിന്റെ സെർജി മിലിങ്കോവിച്ച് സാവിച്ചിനെയാണ് കളിയിലെ താരമായി തിരഞ്ഞെടുത്തത്.

മത്സരത്തിലെ ഏറ്റവും മികച്ച താരത്തെ പ്രഖ്യാപിച്ച സമയത്ത് റൊണാൾഡോ നടത്തിയ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. തന്നെ മികച്ച താരമായി തിരഞ്ഞെടുക്കുമെന്നാണ് റൊണാൾഡോ കരുതിയതെന്ന് താരത്തിന്റെ മുഖഭാവത്തിൽ നിന്നും വ്യക്തമാണ്. അതിനു പിന്നാലെ അടുത്ത് നിൽക്കുന്ന ഒഫീഷ്യലിനോട് റൊണാൾഡോ പ്രതിഷേധരൂപേണെ എന്തോ പറയുന്നതും വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

അതേസമയം മത്സരത്തിന്റെ ഗതി മുഴുവൻ തിരിച്ചുവിട്ട റൊണാൾഡോയാണ് കളിയിലെ താരമെന്ന പുരസ്‌കാരം അർഹിച്ചതെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. എന്തായാലും കളിയിലെ താരമായില്ലെങ്കിലും മറ്റൊരു നേട്ടം റൊണാൾഡോയെ തേടിയെത്തിയിരുന്നു. ചാമ്പ്യൻഷിപ്പിൽ ആറു ഗോളുകൾ നേടിയ റൊണാൾഡോയാണ് ടോപ് സ്‌കോറർ പുരസ്‌കാരം സ്വന്തമാക്കിയത്. ഫൈനൽ വിജയത്തിലൂടെ പുതിയ സീസണിന് കിരീടത്തിലൂടെ തുടക്കം കുറിക്കാൻ ക്രിസ്റ്റ്യാനൊ റൊണാൾഡോക്ക് കഴിഞ്ഞു.

Ronaldo Reaction After Savic Won Best Player Award