റൊണാൾഡോയുടെ എതിരാളിയായി നെയ്‌മർ, ഫൈനൽ തോറ്റതിനു പിന്നാലെ വമ്പൻ നീക്കവുമായി അൽ ഹിലാൽ | Neymar

കഴിഞ്ഞ ദിവസം നടന്ന അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് ഫൈനലിൽ ആദ്യം മുന്നിലെത്തിയെങ്കിലും പിന്നീട് പരാജയം വഴങ്ങുകയായിരുന്നു സൗദി അറേബ്യൻ ക്ലബായ അൽ ഹിലാൽ. അൽ നസ്‌റുമായി നടന്ന മത്സരത്തിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അൽ ഹിലാലിന്റെ വിജയപ്രതീക്ഷകളെ തകർത്തത്. എഴുപത്തിനാലാം മിനുട്ടിലും എക്‌സ്ട്രാ ടൈമിലും താരം നേടിയ ഗോളുകളിൽ അൽ ഹിലാൽ തോൽവി വഴങ്ങുകയായിരുന്നു.

നിരവധി വമ്പൻ താരങ്ങൾ അണിനിരക്കുന്ന ടീമാണ് അൽ ഹിലാൽ. പ്രതിരോധതാരം കൂളിബാളി, മധ്യനിര താരങ്ങളായ റൂബൻ നെവസ്, മിലിങ്കോവിച്ച് സാവിച്ച്, മുന്നേറ്റനിര താരം മാൽക്കം എന്നിവരെല്ലാം ഈ സമ്മറിൽ ക്ലബിലെത്തിയിട്ടും വിജയം നേടാൻ അവർക്ക് കഴിയാതിരുന്നത് വലിയ തിരിച്ചടിയാണ്. എന്നാൽ അതിനെല്ലാം മറുപടി നൽകി സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഏറ്റവും വലിയ ട്രാൻസ്‌ഫറിനായി അൽ ഹിലാൽ ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം പിഎസ്‌ജി വിടാനൊരുങ്ങുന്ന ബ്രസീലിയൻ താരം നെയ്‌മർക്കു വേണ്ടിയാണ് അൽ ഹിലാൽ ശ്രമം നടത്തുന്നത്. താരത്തിനായി നൂറു മില്യൺ യൂറോ ഒരു സീസണിൽ പ്രതിഫലം നൽകാമെന്ന കരാർ അൽ ഹിലാൽ മുന്നോട്ടു വെച്ചിട്ടുണ്ട്. താരത്തിന്റെ പ്രതിനിധികളും അൽ ഹിലാൽ ക്ലബിന്റെ നേതൃത്വവും ഇക്കാര്യത്തിൽ ചർച്ചകൾ നടത്തുകയാണ്. ചർച്ചകൾ വിജയിച്ചാൽ ബ്രസീലിയൻ താരം സൗദി ലീഗിലേക്ക് ചേക്കേറുമെന്ന കാര്യം ഉറപ്പാണ്.

ലഭ്യമായ സൂചനകൾ പ്രകാരം അൽ ഹിലാലിന്റെ ഓഫറിൽ നെയ്‌മറുടെ അച്ഛനു വളരെയധികം താൽപര്യമുണ്ട്. എന്നാൽ ബാഴ്‌സലോണയും നെയ്‌മറെ ടീമിലെത്തിക്കണോയെന്ന കാര്യം ചർച്ച ചെയ്‌തു കൊണ്ടിരിക്കുന്നതിനാൽ അതിനു ശേഷമാകും താരം തീരുമാനമെടുക്കുക. സൗദി അറേബ്യൻ ലീഗിലേക്ക് നെയ്‌മർ ചേക്കേറിയാൽ അവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട താരമായി മാറുമെന്ന കാര്യത്തിൽ സംശയമില്ല. റൊണാൾഡോയുടെ അപ്രമാദിത്വത്തിനും താരത്തിന്റെ സാന്നിധ്യം ഭീഷണിയാകും.

Al Hilal Submit Huge Offer For Neymar