ലയണൽ മെസിയുടെ സംഹാരതാണ്ഡവം തുടരുന്നു, ഗോളും അസിസ്റ്റുമായി നായകൻറെ ഗംഭീരപ്രകടനം | Lionel Messi
അമേരിക്കൻ ലീഗിൽ ലയണൽ മെസിയുടെ ഗംഭീര പ്രകടനം തുടരുന്നു. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ മെസി മുന്നിൽ നിന്ന് നയിച്ചപ്പോൾ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്റർ മിയാമി ന്യൂ ഇംഗ്ലണ്ട് ക്ലബ്ബിനെ കീഴടക്കിയത്. രണ്ടു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയ മെസിയുടെ പ്രകടത്തിൽ വിജയം നേടിയ ഇന്റർ മിയാമി ലീഗിൽ ഒന്നാം സ്ഥാനത്താണ് നിൽക്കുന്നത്.
അമേരിക്കൻ ലീഗിൽ അവസാനസ്ഥാനങ്ങളിൽ നിൽക്കുന്ന ന്യൂ ഇംഗ്ലണ്ട് ക്ലബ് മത്സരത്തിന്റെ ആദ്യത്തെ മിനുട്ടിൽ തന്നെ ഇന്റർ മിയാമിയെ ഞെട്ടിച്ച് മത്സരത്തിൽ മുന്നിലെത്തി. എന്നാൽ അര മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ ഇന്റർ മിയാമി തിരിച്ചടിച്ചു. മനോഹരമായ ഒരു നീക്കത്തിന് ശേഷം റോബർട്ട് ടെയ്ലറിന്റെ പാസ് സ്വീകരിച്ച് മെസിയാണ് ഒപ്പമെത്തിച്ചത്.
In case you guys missed…here's highlights of Lionel Messi vs New England Revolution | 2 goals and an assist🐐pic.twitter.com/hu4l8fhgvq
— SK10 𓃵🇵🇸 (@SK10_Football) April 28, 2024
രണ്ടാം പകുതിയിലാണ് രണ്ടാമത്തെ ഗോൾ പിറന്നത്. സെർജിയോ ബുസ്ക്വറ്റ്സ് നൽകിയ തകർപ്പൻ പാസ് സ്വീകരിച്ച മെസിക്ക് ഗോൾകീപ്പറെ കീഴടക്കുക മാത്രമാണ് വേണ്ടിയിരുന്നത്. അതിനു ശേഷം അവസാനത്തെ മിനിറ്റുകളിൽ രണ്ടു ഗോളുകൾ കൂടി നേടി. യുവതാരം ബെഞ്ചമിൻ ക്രേമാഷി, ലൂയിസ് സുവാരസ് എന്നിവരാണ് ടീമിന്റെ മൂന്നും നാലും ഗോളുകൾ നേടിയത്.
ന്യൂ ഇംഗ്ലണ്ടിന്റെ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം നടന്നത്. എതിരാളികളുടെ മൈതാനമായിരുന്നിട്ടും ലയണൽ മെസിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. അറുപത്തിയയ്യായിരത്തോളം കാണികളാണ് താരത്തെ കാണാനെത്തിയത്. അമേരിക്കയിൽ അർജന്റീന താരം വലിയൊരു തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്ന് ഇന്നത്തെ മത്സരവും വ്യക്തമാക്കുന്നു.
മത്സരത്തിൽ വിജയം നേടിയതോടെ ലീഗിൽ ഒന്നാം സ്ഥാനം മറ്റൊരാൾക്കും വിട്ടു കൊടുക്കാതെ നിൽക്കുകയാണ് ഇന്റർ മിയാമി. പതിനൊന്നു മത്സരങ്ങളിൽ ഇരുപത്തിയൊന്ന് പോയിന്റുള്ള ഇന്റർ മിയാമിക്ക് പിന്നിൽ പത്ത് മത്സരങ്ങളിൽ നിന്നും പതിനെട്ടു പോയിന്റ് വീതം സ്വന്തമാക്കിയ സാൾട്ട് ലേക്ക്, എൽഎ ഗ്യാലക്സി, സിൻസിനാറ്റി എന്നിവർ നിൽക്കുന്നു.
Lionel Messi Brace And Assist Against New England