ക്ലബ് പ്രോഡക്റ്റെന്നു വിളിച്ചവർ ഇനിയെന്തു പറയും, അർജന്റീന ടീമിനൊപ്പമുള്ള മെസിയുടെ പ്രകടനം അത്ഭുതപ്പെടുത്തുന്നത്

ലയണൽ മെസിയെക്കുറിച്ച് ഒരു കാലത്ത് ഉയർന്നു വന്ന വിമർശനമാണ് ക്ലബിന് വേണ്ടി മാത്രം മികച്ച പ്രകടനം നടത്തുന്ന താരമെന്നത്. ബാഴ്‌സലോണക്കായി ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കുമ്പോഴും അർജന്റീനക്കായി കിരീടങ്ങൾ സ്വന്തമാക്കാൻ കഴിയാതെ വന്നതാണ് ഇതിനു കാരണം. നിരവധി ടൂർണമെന്റുകളിൽ അർജന്റീനയെ ഫൈനലിലേക്ക് നയിച്ച് നിർഭാഗ്യം കൊണ്ട് തോൽക്കേണ്ടി വന്നതു കണക്കാക്കാതെ ആ വിമർശനങ്ങൾ എതിരാളികൾ തുടർന്നു കൊണ്ടിരുന്നു.

എന്നാൽ തന്റെ വിമർശകരുടെ വായടപ്പിച്ചാണ് മെസിയിപ്പോൾ അർജന്റീന ടീമിനായി മികച്ച പ്രകടനം നടത്തുന്നത്. തന്റെ പിന്നിൽ ഒരു ടീം ഒറ്റക്കെട്ടായി നിന്നാൽ ഏറ്റവും മികച്ച പ്രകടനം വരുമെന്ന് തെളിയിച്ച് കഴിഞ്ഞ രണ്ടു വർഷത്തിനിടെ സാധ്യമായ എല്ലാ കിരീടങ്ങളും അർജന്റീനക്കൊപ്പം നേടാൻ മെസിക്ക് കഴിഞ്ഞു. ഇതിൽ കോപ്പ അമേരിക്കയും ലോകകപ്പും ഉൾപ്പെടുന്നു. ഇനി കരിയറിൽ സ്വന്തമാക്കാൻ യാതൊരു കിരീടങ്ങളും മെസിക്ക് ബാക്കിയില്ല.

ദേശീയ ടീമിനായി മികച്ച പ്രകടനം നടത്തുന്നില്ലെന്നു പറഞ്ഞു മെസിയെ വിമർശിച്ചവർ എല്ലാം ഇപ്പോൾ താരത്തെ പ്രശംസ കൊണ്ട് മൂടുകയാണ്. അർജന്റീന ടീമിനൊപ്പമുള്ള കഴിഞ്ഞ പതിനാലു മത്സരങ്ങളിൽ ഇരുപത്തിയൊന്നു ഗോളും ഏഴു അസിസ്റ്റുമാണ് മെസി സ്വന്തമാക്കിയിരിക്കുന്നത്. ക്ലബ് തലത്തിൽ അത്ര മികച്ച പ്രകടനം നടത്താതിരിക്കുമ്പോഴാണ് തന്റെ മികവിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് മെസി ദേശീയ ടീമിനൊപ്പം തെളിയിച്ചു കൊണ്ടിരിക്കുന്നത്.

മുപ്പത്തിയാറാം വയസിലേക്ക് പോകുന്ന മെസി ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച താരമാണ്. തനിക്ക് ചുറ്റും കറങ്ങുന്ന ഒരു ടീമിനെയും മികച്ചൊരു പരിശീലകനെയും ലഭിച്ചാൽ കളിക്കളത്തിൽ അത്ഭുതങ്ങൾ സൃഷ്‌ടിക്കാൻ കഴിയുമെന്ന് മെസി ലോകത്തിനു മുന്നിൽ കാണിച്ചു കൊടുക്കുന്നത് കഴിഞ്ഞ ലോകകപ്പിൽ കണ്ടതാണ്. ഇനിയും ഏതാനും വർഷങ്ങൾ കൂടി ആ ബൂട്ടുകൾ മനോഹാരനീക്കങ്ങൾ നടത്തും, അതിനായി മെസിക്ക് വേണ്ടി ആത്മാർത്ഥമായി കളിക്കുന്ന ഒരു സംഘത്തെ ഉണ്ടാക്കിയെടുക്കണമെന്നു മാത്രം.