കളിക്കുന്നത് മാരകഫോമിൽ, കോപ്പ അമേരിക്ക കിരീടം നിലനിർത്താൻ ലയണൽ മെസി തയ്യാർ | Lionel Messi

ഏതാനും ദിവസങ്ങൾക്കുള്ളിൽ കോപ്പ അമേരിക്ക കിരീടത്തിനു വേണ്ടിയുള്ള പോരാട്ടം അമേരിക്കൻ മണ്ണിൽ വെച്ച് ആരംഭിക്കാൻ പോവുകയാണ്. 2020ലെ കോപ്പ അമേരിക്ക ടൂർണമെന്റ് കോവിഡ് കാരണം 2021ൽ ബ്രസീലിൽ വെച്ച് നടന്നപ്പോൾ ആതിഥേയരെ തന്നെ കീഴടക്കി അർജന്റീനയാണ് കിരീടം ചൂടിയത്. അവിടെ നിന്നങ്ങോട്ട് ലോകഫുട്ബോളിൽ അർജന്റീനയുടെ ആധിപത്യമാണ് കണ്ടത്.

ഒരുപാട് വർഷത്തെ കാത്തിരിപ്പവസാനിപ്പിച്ച് അർജന്റീന നേടിയ കിരീടമായിരുന്നു കഴിഞ്ഞ കോപ്പ അമേരിക്ക. അത് നിലനിർത്തണമെന്ന ഉറച്ച ലക്ഷ്യത്തോടെയാണ് ഇത്തവണയും ടീം ഇറങ്ങുന്നത്. ലയണൽ സ്‌കലോണി എന്ന തന്ത്രജ്ഞന്റെയും ലയണൽ മെസിയെന്ന അസാമാന്യ പ്രതിഭയുടെയും സാന്നിധ്യം തന്നെയാണ് അർജന്റീനക്ക് കിരീടം നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷ നൽകുന്നത്.

കോപ്പ അമേരിക്കക്കായി ഏറ്റവും മികച്ച രീതിയിൽ തന്നെയാണ് ലയണൽ മെസി എത്തുന്നത്. അമേരിക്കൻ ക്ലബായ ഇന്റർ മിയാമിക്ക് വേണ്ടി കളിക്കുന്ന താരം ഈ വർഷം ഗംഭീര ഫോമിലാണ്. ഇതുവരെ അമേരിക്കൻ ലീഗിലും കോൺകാഫ് ചാമ്പ്യൻസ് കപ്പിലുമായി പതിനഞ്ചു മത്സരങ്ങൾ കളിച്ച മെസി ഇരുപത്തിയഞ്ചു ഗോളുകളിലാണ് പങ്കാളിയായിരിക്കുന്നത്.

ലയണൽ മെസിയുടെ പ്രതിഭ നോക്കുമ്പോൾ അമേരിക്കൻ ലീഗിൽ എതിരാളികളായ ക്ലബുകളും അതിലെ താരങ്ങളും ദുർബലരാണ്. അതുകൊണ്ടു തന്നെ താരം ഇത്രയും മികച്ച പ്രകടനം അവർക്കെതിരെ നടത്തുന്നതിൽ അത്ഭുതമില്ല. ഇത്രയും മികച്ച പ്രകടനം ക്ലബിനൊപ്പം നടത്തുന്നതിനാൽ തന്നെ അതിന്റെ ആത്മവിശ്വാസം കോപ്പ അമേരിക്കയിലും മെസിക്കുണ്ടാകും.

കഴിഞ്ഞ ദിവസം അമേരിക്കൻ ലീഗിലെ മത്സരം പൂർത്തിയാക്കിയ ലയണൽ മെസി അർജന്റീന ടീമിന്റെ ക്യാമ്പിലേക്ക് തിരിച്ചിട്ടുണ്ട്. കോപ്പ അമേരിക്കക്ക് മുൻപ് ഇക്വഡോർ, ഗ്വാട്ടിമാല എന്നീ ടീമുകൾക്കെതിരെ സൗഹൃദമത്സരം കളിക്കുന്ന അർജന്റീന ജൂൺ ഇരുപത്തിയാറിനു നടക്കുന്ന ടൂർണമെന്റിലെ അവരുടെ ആദ്യത്തെ മത്സരത്തിൽ നേരിടുക കാനഡയെയാണ്.

Lionel Messi Is In Superb Form Now