ഒളിമ്പിക്‌സ് ടീമിൽ ലയണൽ മെസിയുണ്ടാകുമോ, താരവുമായി ഉറപ്പായും ചർച്ചകൾ നടത്തുമെന്ന് മഷെറാനോ | Lionel Messi

കഴിഞ്ഞ ദിവസമാണ് അർജന്റീന 2024 ഒളിമ്പിക്‌സ് ഫുട്ബോളിന് യോഗ്യത നേടിയത്. യോഗ്യത നേടാൻ അവസാനത്തെ ഗ്രൂപ്പ് മത്സരത്തിൽ വിജയം നേടേണ്ടത് അനിവാര്യമായിരുന്ന അർജന്റീന ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ഒളിമ്പിക്‌സിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. അർജന്റീനയോട് തോൽവി വഴങ്ങിയതോടെ ബ്രസീൽ ഒളിമ്പിക്‌സ് യോഗ്യത നേടാതെ പുറത്താവുകയും ചെയ്‌തു.

അർജന്റീന ഒളിമ്പിക്‌സിന് യോഗ്യത നേടിയതോടെ ആരാധകർക്കിടയിൽ ഉയരുന്ന ചോദ്യമാണ് ലയണൽ മെസി അർജന്റീന ടീമിനൊപ്പം ഒളിമ്പിക്‌സ് കളിക്കാനുണ്ടാകുമോയെന്നത്. 23 വയസിൽ താഴെയുള്ള താരങ്ങളെയാണ് ഒളിമ്പിക്‌സിൽ പങ്കെടുപ്പിക്കേണ്ടതെങ്കിലും അതിനേക്കാൾ കൂടുതൽ പ്രായമുള്ള ഏതാനും താരങ്ങളെയും ടീമിലുൾപ്പെടുത്താൻ കഴിയുമെന്നതാണ് മെസിക്ക് സാധ്യത നൽകുന്നത്.

കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് ടീമിന്റെ പരിശീലകനായ മഷറാനോ പ്രതികരിക്കുകയുണ്ടായി. ” മെസി ഒളിമ്പിക്‌സിൽ കളിക്കുമോ? താരത്തിന് മുന്നിൽ വാതിലുകൾ തുറന്നു കിടക്കും, എന്നാൽ തീരുമാനം എടുക്കേണ്ടത് താരം തന്നെയാണ്. മെസി ഞങ്ങളെ അഭിനന്ദിച്ചിരുന്നു, ദേശീയ ടീമിനെ വലിയ ആരാധകനാണ് അദ്ദേഹം. താരവുമായി ചർച്ചകൾ നടത്താൻ സമയമുണ്ട്.” മഷെറാനോ പറഞ്ഞു.

ഇതിനു മുൻപ് ലയണൽ മെസിയും ഏഞ്ചൽ ഡി മരിയയും ഒളിമ്പിക്‌സ് ടൂർണമെന്റിൽ പങ്കെടുക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഡി മരിയ അതിനെ തള്ളിക്കളയുകയാണുണ്ടായത്. ജൂൺ, ജൂലൈ മാസങ്ങളിൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് ദേശീയ ടീമിനൊപ്പം അവസാനത്തെ മത്സരങ്ങൾ ആയിരിക്കുമെന്ന് താരം വ്യക്തമാക്കിയിരുന്നു.

എന്നാൽ മെസിയെ ഒളിമ്പിക്‌സിൽ പങ്കെടുപ്പിക്കാനുള്ള ശ്രമം സജീവമായി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. താരം പങ്കെടുത്താൽ ഒളിമ്പിക്‌സിന്റെ മുഖം തന്നെ മാറുമെന്നതിൽ സംശയമില്ല. ഒളിമ്പിക്‌സിൽ അർജന്റീനക്കൊപ്പം മെസി സ്വർണം നേടിയിട്ടുണ്ട്. ദേശീയ ടീമിനൊപ്പം മറ്റൊരു നേട്ടം കൂടി സ്വന്തമാക്കാനുള്ള അവസരം താരം ഉപയോഗിക്കുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.

Lionel Messi Might Participate In The Olympics