മെസിയെ തടയുന്നത് കാറ്റിനെ പിടിക്കാൻ ശ്രമിക്കുന്നതു പോലെയാണ്, മോശം ദിവസങ്ങളിൽ പോലും താരം കുഴപ്പമുണ്ടാക്കുമെന്ന് കസമീറോ

അർജന്റീന നായകനായ ലയണൽ മെസിയെ പ്രശംസിച്ച് ബ്രസീലിയൻ മധ്യനിര താരമായ കസമീറോ. താൻ കരിയറിൽ നേരിടാൻ ബുദ്ധിമുട്ടിയ മുന്നേറ്റനിര താരം ലയണൽ മെസിയാണെന്നാണ് കസമീറോ പറയുന്നത്. മെസിയെ തടയാൻ ശ്രമിക്കുന്നത് കാറ്റിനെ പിടിക്കാൻ ശ്രമിക്കുന്നത് പോലെയാണെന്നും അതിനൊരു തന്ത്രവും ഗുണം ചെയ്യില്ലെന്നും ബ്രസീലിയൻ താരം പറഞ്ഞു.

“നേരിടാൻ ഏറ്റവുമധികം ബുദ്ധിമുട്ടിയ മുന്നേറ്റനിര താരം? ലയണൽ മെസി. ഒരിക്കലും പ്രതിരോധിക്കാൻ കഴിയാത്ത ഒരു പ്രകൃതിശക്തിയെ തടുക്കാൻ ശ്രമിക്കുന്നത് പോലെയാണ് ലയണൽ മെസിയെ തടയാൻ നോക്കുന്നത്, കാറ്റിനെയൊക്കെ പിടിക്കാൻ ശ്രമിക്കുന്നതു പോലെ. തുടക്കം മുതൽ തന്നെ അത് പരാജയപ്പെട്ട യുദ്ധമാണ്.”

“തടഞ്ഞു നിർത്താൻ യാതൊരു വഴിയും എനിക്ക് കണ്ടെത്താൻ കഴിയാത്ത താരമാണ് ലയണൽ മെസി. പരിശീലകർക്ക് പോലും അതിനൊരു പോംവഴിയുണ്ടായിരുന്നില്ല. മോശം ദിവസങ്ങളിൽ പോലും ലയണൽ മെസി ഒരുപാട് കുഴപ്പങ്ങൾ സൃഷ്‌ടിക്കും. യൂറോപ്പിൽ ഇപ്പോഴുള്ള പ്രതിരോധതാരങ്ങൾക്ക് ഞങ്ങൾ മെസിയെ തടഞ്ഞു നിർത്താൻ ബുദ്ധിമുട്ടിയതിനെക്കുറിച്ച് അറിയുന്നുണ്ടാകില്ല.”

“മെസി ഒരു യുഗത്തെ അടയാളപ്പെടുത്തിയിരിക്കുന്നു. ബാഴ്‌സലോണയിലും അർജന്റീനയിലും താരം ഏറ്റവും മികച്ച രീതിയിൽ പൊരുതി. ഫുട്ബോളിനെ ഇഷ്‌ടപ്പെടുന്നവരെല്ലാം മെസിയെ ഇഷ്‌ടപ്പെടും. താരത്തിനെതിരെ കളിക്കാൻ കഴിഞ്ഞത് സന്തോഷമുള്ള കാര്യമാണ്. മെസിയെക്കുറിച്ച് നമുക്ക് പറയാൻ കഴിയില്ല, ആരാധിക്കാൻ മാത്രമേ കഴിയൂ.” കസമീറോ പറഞ്ഞു.

ലയണൽ മെസി ബാഴ്‌സലോണയിലും കസമീറോ റയൽ മാഡ്രിഡിലും കളിച്ചിരുന്ന സമയത്ത് നിരവധി തവണ രണ്ടു പേരും പരസ്‌പരം ഏറ്റുമുട്ടിയിട്ടുണ്ട്. അതിനു പുറമെ ബ്രസീലിനും അർജന്റീനക്കും വേണ്ടിയും രണ്ടു താരങ്ങളും കളിക്കളത്തിൽ ഏറ്റുമുട്ടിയിട്ടുണ്ട്. എതിരാളിയാണെങ്കിലും മെസിയെക്കുറിച്ച് കസമീറോ എപ്പോഴും പ്രശംസ ചൊറിയാറുണ്ട്.