സ്പെയിൻ ടീമിലേക്ക് ക്ഷണം വന്നാൽ സ്വീകരിക്കും, ക്ലബിനെയും പരിശീലിപ്പിക്കുമെന്ന് സ്‌കലോണി

അർജന്റീന ദേശീയ ടീമിൽ വിപ്ലവകരമായ മാറ്റങ്ങൾ വന്നത് ലയണൽ സ്‌കലോണി പരിശീലകനായി എത്തിയതിനു ശേഷമാണ്. പരിശീലകനെന്ന നിലയിൽ വലിയ പരിചയസമ്പത്തൊന്നും ഇല്ലാതെയാണ് അർജന്റീന ടീമിന്റെ ചുമതല ഏറ്റെടുത്തെങ്കിലും ടീമിനെ വളരെ മികച്ച രീതിയിൽ മുന്നോട്ടു നയിച്ച അദ്ദേഹം ഒന്നര വർഷത്തിനിടയിൽ മൂന്നു കിരീടങ്ങൾ ടീമിന് നേടിക്കൊടുത്തു. ഇതിൽ കോപ്പ അമേരിക്കയും ഇത്തവണത്തെ ലോകകപ്പും ഉൾപ്പെടുന്നു.

അർജന്റീന ദേശീയ ടീമിന്റെ പരിശീലകനായി തുടരുമെന്നുറപ്പുള്ള ലയണൽ സ്‌കലോണി പക്ഷെ ഇതുവരെയും പുതിയ കരാർ ഒപ്പിട്ടിട്ടില്ല. ലോകകപ്പിനു മുൻപേ തന്നെ അർജന്റീനക്കൊപ്പം തുടരാമെന്ന് അദ്ദേഹം വാക്കാൽ സമ്മതം മൂളിയിരുന്നു. അർജന്റീന ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ടാപ്പിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്തു തന്നെ അർജന്റീന ടീമിനൊപ്പം 2026ൽ നടക്കുന്ന അടുത്ത ലോകകപ്പ് വരെ തുടരാനുള്ള കരാർ അദ്ദേഹം ഒപ്പിടുമെന്നാണ് കരുതപ്പെടുന്നത്.

അതിനിടയിൽ അർജന്റീന ടീമിൽ നിന്നും മറ്റിടങ്ങളിലേക്ക് പോകാനുള്ള സാധ്യതകൾ ലയണൽ സ്‌കലോണി തുറന്നിടുകയുണ്ടായി. ഇപ്പോൾ അർജന്റീന ടീമിൽ തന്നെ തുടരാനാണ് പദ്ധതിയെങ്കിലും ഭാവിയിൽ ക്ലബ്ബിനെ പരിശീലിപ്പിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു. നിലവിൽ അർജന്റീനയിൽ തന്റെ കുടുംബത്തിനൊപ്പം തുടരാനും കുട്ടികൾക്കൊപ്പം നിൽക്കാനും കഴിയുന്നതിൽ സന്തോഷമുണ്ടെന്നും ഒരു ഘട്ടത്തിൽ ക്ലബ് ഫുട്ബോളിലേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രൊഫെഷണൽ കരിയറിൽ സ്പെയിനിൽ വളരെക്കാലം ചിലവഴിച്ച താരമാണ് സ്‌കലോണി. അതുകൊണ്ടു തന്നെ സ്പെയിൻ ദേശീയ ടീമിനെ പരിശീലിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സ്പെയിനിൽ നിന്നും ഓഫർ വന്നാൽ പരിഗണിക്കുമെന്നാണ് സ്‌കലോണി പറഞ്ഞത്. സ്പെയിൻ തനിക്കൊരുപാട് നൽകിയിട്ടുണ്ടെന്നും തന്റെ രണ്ടാമത്തെ വീടായി സ്പെയിനിനെയാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്‌കലോണിയുടെ വാക്കുകൾ അർജന്റീന ആരാധകർക്ക് ആശങ്ക സമ്മാനിക്കുന്നതാണ്. അർജന്റീനക്ക് ഒട്ടനവധി നേട്ടങ്ങൾ നൽകിയ അദ്ദേഹം ടീം വിടാൻ ആരും ആഗ്രഹിക്കുന്നുണ്ടാകില്ല. എന്നാൽ അടുത്ത ലോകകപ്പ് വരെ അദ്ദേഹം ടീമിനൊപ്പം ഉണ്ടാകുമെന്ന കാര്യം തീർച്ചയാണ്. അതിനിടയിൽ 2024ൽ കോപ്പ അമേരിക്ക ടൂർണമെന്റും വരുന്നുണ്ട്.