പലതും മനസിലാക്കാനുണ്ട്, വിജയം നേടിയെങ്കിലും ആസ്വദിക്കാൻ ഒന്നുമില്ലായിരുന്നുവെന്ന് ലയണൽ സ്കലോണി
വിജയം നേടിയെങ്കിലും അർജന്റീനയെ സംബന്ധിച്ച് ഇന്ന് ഇക്വഡോറിനെതിരെ നടന്ന മത്സരം വളരെ നിരാശപ്പെടുത്തുന്ന ഒന്നായിരുന്നു. ടൂർണമെന്റിൽ കിരീടം നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്ന ടീം അതിനു ചേരുന്ന പ്രകടനമല്ല നടത്തിയത്. ഇക്വഡോർ വിജയം നേടുമോ എന്ന് പല ഘട്ടത്തിലും തോന്നിപ്പിക്കുന്നതായിരുന്നു അർജന്റീനയുടെ പ്രകടനം.
അർജന്റീന പരിശീലകനായ ലയണൽ സ്കലോണിയും ടീമിന്റെ പ്രകടനത്തിൽ വളരെയധികം അസ്വസ്ഥനാണെന്ന് മത്സരത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തിൽ നിന്നും വ്യക്തമാണ്. ടീം വിജയം നേടിയെങ്കിലും അതിൽ സന്തോഷിക്കാൻ മാത്രം യാതൊന്നുമില്ലെന്നാണ് മത്സരത്തിന് ശേഷം സംസാരിക്കുമ്പോൾ പരിശീലകൻ പറഞ്ഞത്.
Lionel Scaloni: “I need to watch the match carefully, there are always things to improve. I will analyze it better later.
"This time I didn’t enjoy anything. We are happy, of course, but this time I didn’t have a good time.” pic.twitter.com/ELlQ2a6vAK
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 5, 2024
“മത്സരം വളരെ ശ്രദ്ധാപൂർവം വീണ്ടും കാണേണ്ടതുണ്ട്. ഞങ്ങൾ ഇനിയും മെച്ചപ്പെടാനുണ്ടെന്നത് വ്യക്തമാണ്. പിന്നീട് ഞങ്ങളതെല്ലാം കൃത്യമായി വിശകലനം ചെയ്യും. ഇപ്പോൾ ഞങ്ങളൊന്നും ആസ്വദിക്കുന്നില്ല. വിജയം നേടിയതിൽ തീർച്ചയായും സന്തോഷമുണ്ട്. എന്നാൽ ഇപ്പോൾ ഞങ്ങളുള്ളത് നല്ലൊരു സമയത്താണെന്ന് തോന്നുന്നില്ല.” അദ്ദേഹം വ്യക്തമാക്കി.
മധ്യനിര താരങ്ങളുടെ മോശം പ്രകടനമാണ് അർജന്റീനയെ പിന്നോട്ട് വലിച്ച കാരണങ്ങളിലൊന്ന്. ഡി പോൾ, എൻസോ തുടങ്ങിയ താരങ്ങൾ ഇന്നത്തെ മത്സരത്തിൽ തിളങ്ങിയില്ല. അതിനു പുറമെ പരിക്ക് ഭേദമായി ഇറങ്ങിയ മെസിയും ശരാശരിയിൽ താഴെയായിരുന്നു. മത്സരത്തിന്റെ തീവ്രതക്കൊപ്പം നിൽക്കുന്ന പ്രകടനം മെസിയിൽ നിന്നും ഉണ്ടായില്ല.
അർജന്റീന കിരീടം നേടണമെങ്കിൽ ഇനിയും ഒരുപാട് മുന്നേറാനുണ്ട്. അടുത്ത മത്സരത്തിൽ അവർ വെനസ്വല അല്ലെങ്കിൽ കാനഡയെയാണ് നേരിടുക. ഗ്രൂപ്പിൽ മികച്ച പ്രകടനം നടത്തുകയും എല്ലാ മത്സരങ്ങളും വിജയിക്കുകയും ചെയ്ത ടീമാണ് വെനസ്വല എന്നതിനാൽ സെമിയിൽ അർജന്റീനക്ക് കൂടുതൽ വെല്ലുവിളിയുണ്ടാകാനുള്ള സാധ്യതയുണ്ട്.