“അടുത്ത തവണയെങ്കിലും ഇങ്ങിനെ ഭീരുവായി നിൽക്കരുത്”- മെസിക്ക് ഉപദേശവുമായി ലൂയിസ് സുവാരസ്

ബാഴ്‌സലോണയിൽ ഒരുമിച്ച് കളിച്ചിരുന്ന മെസിയും സുവാരസും കളിക്കളത്തിലും പുറത്തും അടുത്ത സുഹൃത്തുക്കളാണ്. രണ്ടു താരങ്ങളും മറ്റു ക്ലബ്ബിലേക്ക് ചേക്കേറിയിട്ടും ആ സൗഹൃദം നല്ല രീതിയിൽ തന്നെ തുടരുന്നുണ്ട്. മെസി സ്വന്തമാക്കുന്ന ഓരോ നേട്ടങ്ങളിലും ഹൃദയം നിറഞ്ഞ അഭിനന്ദനം നൽകുന്ന സുവാരസ് മെസിയുടെ ഭാവിയെ സംബന്ധിച്ച കാര്യങ്ങളിൽ പലപ്പോഴും നിർണായകമായ വെളിപ്പെടുത്തലും നടത്താറുണ്ട്.

അതിനിടയിൽ കഴിഞ്ഞ ദിവസം സുവാരസ് മെസിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിനിട്ട ഒരു കമന്റിപ്പോൾ ചർച്ചയാവുകയാണ്. പനാമക്കെതിരെ നടന്ന സൗഹൃദമത്സരത്തിന് ശേഷം അർജന്റീന ആരാധകർക്കൊപ്പം മെസി ലോകകപ്പ് വിജയത്തിന്റെ ആഘോഷങ്ങൾ നടത്തിയിരുന്നു. ഇതിനിടയിൽ മെസിയോട് ഡാൻസ് കളിക്കാൻ ആരാധകർ ആവശ്യപ്പെട്ടെങ്കിലും അർജന്റീനിയൻ നായകൻ നാണം കലർന്ന മുഖഭാവത്തോടെ മാറി നിൽക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഇതിന്റെ വീഡിയോ പുറത്തു വന്നപ്പോൾ അതിനു കീഴിലായിരുന്നു സുവാരസിന്റെ രസകരമായ കമന്റ്. “നിങ്ങളെയിങ്ങനെ സന്തോഷത്തോടെ കാണാൻ എന്തൊരു രസമാണ്, ഞാനത് വളരെയധികം ആസ്വദിക്കുന്നു, നിങ്ങളത് അർഹിക്കുന്ന വ്യക്തിയുമാണ്. പക്ഷെ അടുത്ത തവണ ഇങ്ങിനെ ഭീരുത്വം കാണിച്ച് നാണം കുണുങ്ങി നിൽക്കരുത്, ഡാൻസ് ചെയ്യണം. നല്ലൊരു ആലിംഗനം നേരുന്നു.” ഇതായിരുന്നു സുവാരസ് നൽകിയ കമന്റ്.

പൊതുവെ നാണം കുണുങ്ങിയായിരുന്ന ലയണൽ മെസി പക്ഷെ ഇപ്പോൾ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. താരത്തിന്റെ സുഹൃത്‌വലയങ്ങൾ അതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നു തന്നെയാണ് അതിൽ നിന്നും വ്യക്തമാകുന്നത്. ലൂയിസ് സുവാരസിന്റെ ഈ പ്രതികരണം ലയണൽ മെസിയോട് താരത്തിന് എത്രത്തോളം അടുപ്പമുണ്ടെന്നു വ്യക്തമാക്കുന്നു. എന്തായാലും താരത്തിന്റെ പ്രതികരണം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്.