തുടർച്ചയായ രണ്ടാം ദിവസവും മത്സരം കളിച്ച് അർജന്റീന, ഗോളുകൾ അടിച്ചുകൂട്ടി ഗംഭീരവിജയം

ഖത്തർ ലോകകപ്പിന് ശേഷമുള്ള ആദ്യത്തെ മത്സരം ഇന്നലെ പനാമക്കെതിരെ കളിച്ച അർജന്റീന എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കിയിരുന്നു. അതിനു ശേഷം ഇന്ന് വീണ്ടും അർജന്റീന ഒരു മത്സരം കളിക്കുകയുണ്ടായി. ഇന്നലെ നടന്ന മത്സരത്തിൽ കൃത്യമായി അവസരം ലഭിക്കാത്ത താരങ്ങളെ വെച്ച് പരിശീലന മൈതാനത്ത് അർജന്റീനിയൻ ക്ലബായ റിവർപ്ലേറ്റിനെതിരെയാണ് അർജന്റീന കളിച്ചത്. ഇതിലും ടീം മികച്ച വിജയമാണ് നേടിയത്.

അർജന്റീനയിലെ പ്രധാന ക്ലബിനെതിരെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അർജന്റീന ടീം വിജയം നേടിയത്. ഏഞ്ചൽ കൊറേയ ഇരട്ടഗോളുകൾ നേടിയപ്പോൾ പൗലോ ഡിബാല, നിക്കോ ഗോൺസാലസ് എന്നിവർ മറ്റു ഗോളുകൾ നേടി. റിവർപ്ലേറ്റിന് വേണ്ടി മാറ്റിയാസ് സുവാരസാണ് ഗോൾ നേടിയത്. എല്ലാ താരങ്ങളെയും കൃത്യമായി ഉപയോഗിച്ച് അർജന്റീന ടീമിന്റെ പദ്ധതികൾ മനസിലാക്കി നൽകാൻ വേണ്ടിയാണ് മത്സരം പ്രധാനമായും സംഘടിപ്പിച്ചത്.

അർമാനി വല കാത്ത മത്സരത്തിൽ ഫോയ്ത്ത്, ലിസാൻഡ്രോ മാർട്ടിനസ്, പെസെല്ല, മോണ്ടിയാൽ, ഗയ്‌ഡോ റോഡ്രിഗസ്, ലോ സെൽസോ, പലാസിയോസ്, ഡിബാല, നിക്കോ ഗോൺസാലസ്, ലൗറ്റാറോ മാർട്ടിനസ് എന്നിവരാണ് ആദ്യ ഇലവനിൽ ഇറങ്ങിയത്. അതിനു ശേഷം നിരവധി താരങ്ങളെ സ്‌കലോണി ഇറക്കിയിരുന്നു. തൊണ്ണൂറു മിനുട്ട് അർജന്റീന കളിച്ചില്ല. മുപ്പത് മിനുട്ട് നീളമുള്ള രണ്ടു പകുതിയാണ് മത്സരം ഉണ്ടായിരുന്നത്.

അർജന്റീന ടീമിലെ താരങ്ങളുടെ കഴിവുകൾ മനസിലാക്കാനും അവർ ടീമിനോട് എത്രത്തോളം അടുത്ത് നിൽക്കുന്നു എന്നറിയാനുമാണ് ഈ മത്സരം നടത്തിയത്. വരുന്ന വർഷത്തിൽ നടക്കുന്ന കോപ്പ അമേരിക്കയും മൂന്നു വർഷത്തിന് ശേഷം നടക്കുന്ന ലോകകപ്പും ലക്ഷ്യമിട്ടാണ് അർജന്റീന ഈ ഒരുക്കങ്ങൾ നടത്തുന്നത്. 2018 ലോകകപ്പിന് ശേഷം സ്ഥാനമേറ്റെടുത്ത സ്‌കലോണി ഇതുപോലെ നിരവധി താരങ്ങളെ പരീക്ഷിച്ചാണ്‌ തനിക്ക് വേണ്ടൊരു ടീമിനെ സൃഷ്‌ടിച്ചത്.