മെസിയോട് ചെയ്‌തത്‌ ശരിയായില്ലെന്ന് പരസ്യമായി ഏറ്റു പറഞ്ഞ് ലപോർട്ട, മെസിക്കു മുന്നിൽ വാതിലുകൾ തുറന്ന് ബാഴ്‌സലോണ

ലയണൽ മെസി ബാഴ്‌സലോണയിലേക്കു തിരിച്ചു വരുമെന്ന സ്വപ്‌നം മെസിയുടെയും ബാഴ്‌സലോണയുടെയും ആരാധകർ കണ്ടു തുടങ്ങിയിട്ട് നാളുകളേറെയായി. ഖത്തർ ലോകകപ്പിന് പിന്നാലെ മെസി പിഎസ്‌ജി കരാർ പുതുക്കുമെന്നു കരുതിയെങ്കിലും ഇതുവരെയും അത് സംഭവിച്ചിട്ടില്ല. ഈ സീസൺ അവസാനിക്കുന്നമ്പോൾ ഫ്രീ ഏജന്റാകുന്ന മെസി ക്ലബുമായി കരാർ പുതുക്കില്ലെന്ന സൂചനകളും ശക്തമായി വരുന്നുണ്ട്.

ഇപ്പോൾ ബാഴ്‌സലോണ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന പ്രസ്‌താവനയുമായി രംഗത്തു വന്നിരിക്കുന്നത് ക്ലബിന്റെ പ്രസിഡന്റായ ലപോർട്ടായാണ്. മെസി ക്ലബ് വിട്ടത് താൻ കൈകാര്യം ചെയ്‌ത രീതി ശരിയായില്ലെന്നു പറഞ്ഞ അദ്ദേഹം മെസിക്ക് മുന്നിൽ ബാഴ്‌സലോണയുടെ വാതിലുകൾ തുറന്നു കിടക്കുമെന്നും വ്യക്തമാക്കി. ഏതാനും ദിവസങ്ങൾക്ക് മുൻപ് ലപോർട്ട മെസിയെ വിളിച്ച് ക്ഷമാപണം നടത്തിയെന്ന വാർത്തക്ക് പിന്നാലെയാണ് അദ്ദേഹം തന്റെ തെറ്റ് സമ്മതിച്ചിരിക്കുന്നത്.

” മെസി ക്ലബ് വിട്ടതുമായി ബന്ധപ്പെട്ട് ഞാൻ പ്രസിഡന്റ് ആയിരിക്കുമ്പോൾ സൃഷ്ടിച്ചൊരു കറുത്ത പാട് വളരെ മോശമായ ഒന്നായിരുന്നു. എനിക്കൊരു തീരുമാനം എടുക്കണമായിരുന്നു, ഞാനതിൽ സന്തോഷവാനല്ലെങ്കിൽ പോലും. മെസിക്കറിയാം ബാഴ്‌സലോണയുടെ വാതിലുകൾ ഇപ്പോഴും തുറന്നു കിടക്കുമെന്ന്. നമുക്ക് നോക്കാം. മെസിയുമായി ഇപ്പോഴുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തിയെടുക്കണം.” ലപോർട്ട പറഞ്ഞു.

ബാഴ്‌സലോണയിലേക്ക് തിരിച്ചു പോകാൻ തന്നെയാകും ലയണൽ മെസിയും ആഗ്രഹിക്കുന്നുണ്ടാവുക. എന്നാൽ ക്ലബിന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയും ലാ ലിഗ നൽകുന്ന സമ്മർദ്ദവും കാരണം ബാഴ്‌സയ്ക്ക് താരത്തെ തിരിച്ചെത്തിക്കാൻ കഴിയുമെന്ന് യാതൊരു ഉറപ്പുമില്ല. കഴിഞ്ഞ സീസണിൽ ആസ്തികൾ വിറ്റ് പുതിയ താരങ്ങളെ ബാഴ്‌സലോണ സ്വന്തമാക്കിയിരുന്നു. അതുപോലൊരു നീക്കം ക്ലബ് നടത്തുമോയെന്നാണ് നോക്കേണ്ടത്.