ഒരു സാധാരണ ഗോൾസ്കോററല്ല, അർജന്റീന ടീമിനെ ഇനി നയിക്കാൻ പോകുന്ന അസാമാന്യ പ്രതിഭയാണ്

ഖത്തർ ലോകകപ്പിന് ശേഷം അർജന്റീന ആദ്യമായി കളിക്കുന്ന മത്സരമായിരുന്നു ഇന്ന് പുലർച്ചെ പനാമക്കെതിരെ നടന്നത്. അർജന്റീനയെ അപേക്ഷിച്ച് നോക്കുമ്പോൾ ദുർബലരായ എതിരാളികൾക്കെതിരെ അനായാസമായി വിജയം നേടുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും എഴുപത്തിയെട്ടാം മിനുട്ട് വരെ ഗോളൊന്നും പിറന്നില്ല. എഴുപത്തിയെട്ടാം മിനുട്ടിൽ മെസിയുടെ ഫ്രീ കിക്ക് ബാറിൽ തട്ടി തിരിച്ചു വന്നതിനു ശേഷം തിയാഗോ അൽമാഡയാണ് അർജന്റീനയുടെ ആദ്യത്തെ ഗോൾ നേടിയത്.

ഇരുപത്തിയൊന്ന് വയസ് മാത്രം പ്രായമുള്ള തിയാഗോ അൽമാഡ അർജന്റീനക്കായി നേടുന്ന ആദ്യത്തെ ഗോളായിരുന്നു ഇന്നലെ പിറന്നത്. അർജന്റീനക്കായി മൂന്നാമത്തെ മാത്രം മത്സരമാണ് താരം കഴിഞ്ഞ ദിവസം കളിച്ചത്. ഈ മൂന്നു മത്സരങ്ങളിലും താരം പകരക്കാരനായാണ് ഇറങ്ങിയത്. ഇതിലൊരു മത്സരം ലോകകപ്പിൽ പോളണ്ടിനെതിരെ ആയിരുന്നു. ലോകകപ്പിന്റെ തുടക്കത്തിൽ നിക്കോ ഗോൺസാലസ്, ജൊവാക്വിൻ കൊറേയ എന്നിവർക്ക് പരിക്ക് പറ്റിയതിനെ തുടർന്നാണ് താരത്തെ ടീമിലെത്തിച്ചത്.

ഈ സീസണിൽ ക്ലബ് തലത്തിൽ അതിഗംഭീര പ്രകടനം നടത്തുന്ന താരം അർജന്റീന ടീമിന് വേണ്ടിയും ആ കുതിപ്പ് തുടർന്നിരിക്കയാണ്. അമേരിക്കൻ ലീഗിൽ അറ്റ്‌ലാന്റാ യുണൈറ്റഡ് എഫ്‌സിക്കായി കളിക്കുന്ന താരം ലീഗ് ആരംഭിച്ചതിനു ശേഷം നാല് മത്സരങ്ങളിൽ നിന്നും നാല് ഗോളും നാല് അസിസ്റ്റുമാണ് നേടിയത്. അതിൽ രണ്ടു കിടിലൻ ഫ്രീ കിക്ക് ഗോളുകളും ഉൾപ്പെടുന്നു. എംഎൽഎസിൽ ആദ്യത്തെ നാല് മത്സരങ്ങളിൽ ഇത്രയും ഗോൾ പങ്കാളിത്തം ഒരു താരത്തിനുണ്ടാകുന്നത് ആദ്യമായാണ്.

നിലവിൽ എംഎൽഎസിലാണ് കളിക്കുന്നതെങ്കിലും ഇതേ ഫോം തുടർന്നാൽ അടുത്ത സീസണിൽ യൂറോപ്പിലെ ഏതെങ്കിലും വമ്പൻ ക്ലബ് അൽമാഡയെ റാഞ്ചുമെന്ന കാര്യത്തിൽ തർക്കമില്ല. അർജന്റീന ടീമിലും താരത്തിന് വലിയ ഭാവിയുള്ളതു കൊണ്ടാണ് സ്‌കലോണി പനാമക്കെതിരെ ആദ്യപകുതിക്ക് ശേഷം താരത്തെ കളത്തിലിറക്കിയത്. കുറകാവോക്കെതിരെ നടക്കുന്ന മത്സരത്തിൽ താരത്തിന് ആദ്യ ഇലവനിൽ തന്നെ ഇടം പിടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.