മെസിയെ ട്രാപ്പിലാക്കി അർജന്റീന ആരാധകരുടെ ആവശ്യം, രസകരമായ പ്രതികരണവുമായി അർജന്റീന നായകൻ

അർജന്റീനയെ സംബന്ധിച്ച് ആഘോഷമായിരുന്നു ഇന്ന് പുലർച്ചെ നടന്ന സൗഹൃദ മത്സരം. ലോകകപ്പ് കിരീടം നേടിയതിനു ശേഷം ആദ്യമായി നടക്കുന്ന മത്സരം ആയതിനാൽ തന്നെ ആരാധകരെ കിരീടവുമായി അഭിവാദ്യം ചെയ്യാൻ അർജന്റീന ടീമിന് പദ്ധതിയുണ്ടായിരുന്നു. അതിന്റെ ഭാഗമായി തന്നെയാണ് ചെറിയ ടീമുമായി അർജന്റീന മത്സരം വെച്ചത്. മത്സരത്തിൽ രണ്ടു ഗോളുകളുടെ വിജയം നേടാനും അർജന്റീനക്ക് കഴിഞ്ഞു.

അർജന്റീനയുടെ ഇരുപത്തിയൊന്നുകാരനായ താരം തിയാഗോ അൽമാഡക്ക് പുറമെ ലയണൽ മെസി ഫ്രീ കിക്കിലൂടെയാണ് ടീമിനായി ഗോൾ നേടിയത്. മത്സരത്തിന് ശേഷം ലോകകപ്പ് കിരീടം ആരാധകർക്ക് മുന്നിൽ ഉയർത്തിയ ലയണൽ മെസി അവരെ അഭിവാദ്യം ചെയ്‌ത്‌ സംസാരിക്കുകയും ചെയ്‌തിരുന്നു. ടീമിനായി കിരീടം നേടാൻ മുൻപ് ശ്രമിച്ച് പരാജയപ്പെട്ട താരങ്ങളെയും പരിശീലകരെയുമെല്ലാം മെസി തന്റെ പ്രസംഗത്തിൽ സ്‌മരിച്ചു.

അതിനിടയിൽ ലയണൽ മെസിയെ സ്റ്റേഡിയത്തിലെ ആരാധകർ ഒന്നടങ്കം ഡാൻസ് കളിക്കാൻ ക്ഷണിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പടർന്നു പിടിക്കുന്നുണ്ട്. അർജന്റീന താരങ്ങൾ ആദ്യം മെസിയെ ക്ഷണിച്ചപ്പോൾ അതിനൊപ്പം സ്റ്റേഡിയത്തിലെ ആരാധകരും കൂടുകയായിരുന്നു. സ്റ്റേഡിയം മുഴുവൻ ആവശ്യപ്പെട്ടപ്പോൾ ലയണൽ മെസിയുടെ മുഖത്ത് നാണമായിരുന്നു ഉണ്ടായിരുന്നത്. സന്തോഷത്തോടെ താരം ആ ക്ഷണം നിരസിക്കുകയും ചെയ്‌തു.

ബാഴ്‌സലോണക്കായി നേട്ടങ്ങൾ സ്വന്തമാക്കിയിരുന്ന സമയത്ത് അർജന്റീന ടീമിനൊപ്പം കിരീടങ്ങൾ ഉയർത്താൻ മെസിക്ക് കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്ന് അർജന്റീനയിലെ ആരാധകർ താരത്തിന് എതിരായിരുന്നു. എന്നാൽ ഖത്തർ ലോകകപ്പ് ഉൾപ്പെടെ മൂന്നു കിരീടങ്ങൾ തുടർച്ചയായി നേടിയതോടെ അർജന്റീന മുഴുവൻ മെസിക്ക് പിന്നിലാണ്. അതിന്റെ ആത്മനിർവൃതി മെസിയുടെ മുഖത്ത് തെളിഞ്ഞു കാണാനും കഴിയും.