സുവർണാവസരങ്ങൾ തുലച്ച് ലുക്കാക്കു, ഞങ്ങളുടെ ഇതിഹാസമെന്ന് മാഞ്ചസ്റ്റർ സിറ്റി ആരാധകർ | Lukaku

ഇന്റർ മിലാനെതിരെ കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വിജയം നേടിയതോടെ ചരിത്രമാണ് മാഞ്ചസ്റ്റർ സിറ്റി കുറിച്ചത്. ആദ്യമായാണ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുന്നത്. നേരത്തെ തന്നെ പ്രീമിയർ ലീഗും എഫ്എ കപ്പും സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് കൂടി നേടിയതോടെ ക്ലബിന്റെ ചരിത്രത്തിൽ ആദ്യത്തെ ട്രെബിൾ നേട്ടം കൂടിയാണ് സ്വന്തമാക്കിയത്.

മാഞ്ചസ്റ്റർ സിറ്റിയുടെ വിജയത്തിൽ റൊമേലു ലുക്കാക്കുവിനോടുള്ള കടപ്പാട് വെളിപ്പെടുത്തുകയാണ് മത്സരത്തിന് ശേഷം ആരാധകർ. എഡിൻ സീക്കോക്ക് പരിക്ക് പറ്റിയതു കാരണം മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ബെൽജിയൻ താരം കളത്തിലിറങ്ങിയത്. മുൻപും നിർണായക മത്സരങ്ങളിൽ അവസരങ്ങൾ തുലച്ചു കളഞ്ഞതിന്റെ പേരിൽ ട്രോളുകൾ ഏറ്റു വാങ്ങിയ താരം ഇന്നലെയും അതാവർത്തിച്ചു.

മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി മുന്നിലെത്തിയതിനു ശേഷം ആക്രമണം ശക്തമാക്കിയ ഇന്റർ മിലാന്റെ ഒരു ഷോട്ട് ബാറിലടിച്ചിരുന്നു. ഇതിന്റെ റീബൗണ്ടിൽ നിന്നും ഹെഡർ ഗോൾ നേടാനുള്ള ഡിമാർക്കോയുടെ ശ്രമം ലുക്കാക്കുവിന്റെ കാലുകളിൽ തട്ടിയാണ് ഇല്ലാതായത്. ലുക്കാക്കു അതിനു മുന്നിൽ ഇല്ലായിരുന്നെങ്കിൽ ഇന്റർ മിലാൻ സിറ്റിക്കെതിരെ സമനില ഗോൾ നേടിയേനെ.

അതിനു പുറമെ ഒരു സുവർണാവസരവും താരം തുലച്ചു. എൺപത്തിയേഴാം മിനുട്ടിൽ ക്ലോസ് റേഞ്ചിൽ നിന്നും ഒരു ഹെഡർ ഗോൾ നേടാനുള്ള അവസരം ലുക്കാക്കുവിനുണ്ടായിരുന്നു. താരം ക്രോസ് കണക്റ്റ് ചെയ്‌തെങ്കിലും അത് പോസ്റ്റിന്റെ ഒഴിഞ്ഞ മൂലയിലേക്ക് തൊടുക്കുന്നതിനു പകരം എഡേഴ്‌സണു നേരെയാണ് തൊടുത്തത്. മാഞ്ചസ്റ്റർ സിറ്റി ഗോൾകീപ്പർ അത് തടുത്തിടുകയും ചെയ്‌തു.

മത്സരത്തിന് ശേഷം ലുക്കാക്കു ട്രോളുകളിൽ നിറയുകയാണ്. ഇതാദ്യമായല്ല താരത്തിന്റെ അബദ്ധം വാർത്തകളിൽ നിറയുന്നത്. മാഞ്ചസ്റ്റർ സിറ്റി ആരാധകർ താരത്തോടുള്ള കടപ്പാടും അറിയിക്കുന്നുണ്ട്.

Lukaku Missed Chances Against Man City