മുന്നിലുള്ളത് മെസിയും വിനീഷ്യസും മാത്രം, ഗ്വാർഡിയോളക്ക് പുതിയ വജ്രായുധത്തെ നൽകി മാഞ്ചസ്റ്റർ സിറ്റി | Doku

യൂറോപ്യൻ ഫുട്ബോളിൽ കഴിഞ്ഞ കുറച്ച വർഷങ്ങളായി ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന ടീമാണ് മാഞ്ചസ്റ്റർ സിറ്റി. ലീഗിലും ചാമ്പ്യൻസ് ലീഗിലും മുന്നേറ്റങ്ങൾ ഉണ്ടാക്കിയിട്ടും നിരവധി വർഷങ്ങൾ ചാമ്പ്യൻസ് ലീഗില്ലാതെ പൂർത്തിയാക്കിയ അവർ കഴിഞ്ഞ സീസണിൽ അതിന്റെ കുറവ് നികത്തുകയുണ്ടായി. ട്രെബിൾ കിരീടമാണ് കഴിഞ്ഞ സീസണിൽ അവർ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലെ കുതിപ്പ് ഈ സീസണിൽ ആവർത്തിക്കാൻ വേണ്ടിയാണ് മാഞ്ചസ്റ്റർ സിറ്റി തയ്യാറെടുക്കുന്നത്.

ഗുൻഡോഗൻ, റിയാദ് മഹ്റാസ്, ലപോർട്ട തുടങ്ങിയ താരങ്ങൾ ക്ലബ് വിട്ടെങ്കിലും അതിനുള്ള പകരക്കാരെ അവർ സ്വന്തമാക്കിയിട്ടുണ്ട്. മധ്യനിരയിലേക്ക് മാറ്റിയോ കോവാസിച്ചിനെയും പ്രതിരോധത്തിലേക്ക് ജോസ്കോ ഗ്വാർഡിയോളിനെയും സ്വന്തമാക്കിയ അവർ മുന്നേറ്റനിരയിലേക്ക് ഒരു തകർപ്പൻ സൈനിങ്‌ പ്രഖ്യാപിക്കുന്നതിന്റെ തൊട്ടരികിലാണ്. ഫ്രഞ്ച് ലീഗ് ക്ലബായ റെന്നാസിൽ നിന്നും ബെൽജിയൻ താരം ജെറമി ഡോക്കുവിനെയാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കുന്നത്.

അറുപത് മില്യൺ യൂറോയാണ് ഇരുപത്തിയൊന്നുകാരനായ താരത്തിനായി മാഞ്ചസ്റ്റർ സിറ്റി മുടക്കിയിരിക്കുന്നത്. മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയാൽ ട്രാൻസ്‌ഫർ ഔദ്യോഗികമായി പ്രഖ്യാപിക്കും. കഴിഞ്ഞ സീസണിൽ യൂറോപ്പിലെ ഏഴു പ്രധാന ലീഗുകളിൽ ഏറ്റവുമധികം ടെക്ക് ഓൺസ്‌ പൂർത്തിയാക്കിയ മൂന്നാമത്തെ താരമാണ് ഡോക്കു. വമ്പൻ താരങ്ങളായ ലയണൽ മെസി, വിനീഷ്യസ് ജൂനിയർ എന്നിവർ മാത്രമേ താരത്തിന് മുന്നിലുള്ളൂ. വേഗതയും ഡ്രിബ്ലിങ് മികവും ഒരുപോലെ ഒത്തിണങ്ങിയ താരമാണ് ഡോക്കു.

ഫുട്ബോൾ ലോകത്ത് വളരെയധികം പേരെടുത്ത താരമല്ലെങ്കിലും ജെറമി ഡോക്കുവിന്റെ പ്രകടനം കണ്ടിട്ടുള്ളവർക്കെല്ലാം താരത്തിന്റെ മികവെന്താണെന്ന് അറിയുന്നുണ്ടാകും. ചില പോരായ്‌മകൾ ഉണ്ടെങ്കിലും തന്റെ അരികിലേക്ക് വരുന്ന താരത്തെ ഏറ്റവും മികച്ച രീതിയിൽ വാർത്തെടുക്കാൻ കഴിയുന്ന ഗ്വാർഡിയോളയെ പോലൊരു പരിശീലകന് കീഴിൽ താരം തേച്ചു മിനുക്കിയെടുക്കപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. ഈ സീസണിലും മാഞ്ചസ്റ്റർ സിറ്റിയുടെ കുതിപ്പിന് ഇത് വഴിയൊരുക്കും.

Man City Close To Sign Jeremy Doku