ആശാൻ പറയുന്നതിനപ്പുറം ശിഷ്യന്മാർക്ക് മറ്റൊന്നുമില്ല, സൗദിയുടെ വമ്പൻ ഓഫർ തഴഞ്ഞ് ഡി പോൾ | De Paul

ഫുട്ബോൾ ലോകത്ത് വലിയൊരു വിപ്ലവത്തിന് തുടക്കം കുറിച്ച സൗദി അറേബ്യ നിരവധി വമ്പൻ താരങ്ങളെ സ്വന്തമാക്കി കൊണ്ടിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ തുടങ്ങിയ ട്രാൻസ്‌ഫർ വിപ്ലവം ഇപ്പോൾ നെയ്‌മറിൽ എത്തി നിൽക്കുന്നു. ഇപ്പോഴും പുതിയ മികച്ച താരങ്ങളെ സൗദി തേടിക്കൊണ്ടിരിക്കുകയാണ്. ഖത്തർ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയ റോഡ്രിഗോ ഡി പോളിനെയാണ് അവസാനമായി സൗദി അറേബ്യൻ ക്ലബുകൾ ലക്ഷ്യമിട്ടത്.

അത്ലറ്റികോ മാഡ്രിഡ് താരമായ ഡി പോളിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ സൗദി അറേബ്യൻ ക്ലബായ അൽ അഹ്ലിയാണ് നടത്തിയത്. എന്നാൽ താരത്തെ വിട്ടുകൊടുക്കാൻ അത്ലറ്റികോ മാഡ്രിഡിന് താൽപര്യമൊന്നും ഇല്ലായിരുന്നു. അൽ അഹ്ലി തൊണ്ണൂറു മില്യൺ യൂറോയോളം നൽകിയാൽ ട്രാൻസ്‌ഫർ പരിഗണിക്കാമെന്ന നിലപാടായിരുന്നു അത്ലറ്റികോയുടെത്. എന്നാൽ ഇരുപത്തിയൊമ്പതുകാരനായ താരം തുടക്കത്തിൽ തന്നെ സൗദി അറേബ്യയുടെ ഓഫർ തഴയുകയാനുണ്ടായത്.

നിലവിൽ സൗദി അറേബ്യയിലേക്ക് ചേക്കേറാൻ ഡി പോളിന് താൽപര്യമില്ല. യൂറോപ്പിൽ തന്നെ തുടർന്ന് മികച്ച പ്രകടനം നടത്തുകയാണ് താരത്തിന്റെ ലക്‌ഷ്യം. സൗദി അറേബ്യയുടെ ഓഫർ വന്ന സമയത്ത് അത്ലറ്റികോ മാഡ്രിഡ് പരിശീലകനായ ഡീഗോ സിമിയോണിയോടും അർജന്റീന പരിശീലകനായ ലയണൽ സ്‌കലോണിയോടും ഡി പോൾ അഭിപ്രായം തേടിയിരുന്നു. അവരുടെ കൂടി നിർദ്ദേശപ്രകാരമാണ് ഡി പോൾ സൗദി അറേബ്യ ട്രാൻസ്‌ഫർ വേണ്ടെന്നു വെച്ചത്.

അടുത്ത വർഷം കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുമെന്നത് ഡി പോളിന്റെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട് എന്ന കാര്യം വ്യക്തമാണ്. യൂറോപ്പ് വിട്ട് സൗദി അറേബ്യയിലേക്ക് ചേക്കേറിയാൽ അത് തന്റെ പ്രകടനത്തെയും അർജന്റീന ടീമിലെ സ്ഥാനത്തേയും ബാധിക്കുമെന്ന് താരത്തിനറിയാം. അർജന്റീന ടീമിൽ സ്ഥാനം പിടിക്കുന്നതിനു പുതിയ യുവതാരങ്ങൾ മത്സരിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ സൗദി അറേബ്യ ട്രാൻസ്‌ഫർ തന്റെ ഭാവിയെ ബാധിക്കുമെന്ന് താരം ചിന്തിച്ചു.

Rodrigo De Paul Reject Saudi Offer