മുപ്പത്തിയാറാം വയസിൽ അർജന്റീന ടീമിലേക്ക് തിരിച്ചുവരാൻ റോമെറോ, ടീം പ്രഖ്യാപനം ഉടൻ | Argentina

2014 ലോകകപ്പിൽ അർജന്റീന ഫൈനലിൽ തോൽവി വഴങ്ങിയെങ്കിലും ആ ടൂർണമെന്റിൽ ടീമിന്റെ ഗോൾകീപ്പറായിരുന്ന സെർജിയോ റൊമേറോയെ ആരും മറക്കാനുള്ള സാധ്യതയില്ല. സെമി ഫൈനലിൽ നെതർലാൻഡ്‌സിനെതിരെ നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടു കിക്കുകൾ തടഞ്ഞിട്ട് ടീമിന്റെ ഹീറോയായി മാറാൻ താരത്തിന് കഴിഞ്ഞിരുന്നു. എന്നാൽ പരിക്ക് കാരണം അതിനടുത്ത ലോകകപ്പിൽ കളിക്കാൻ അർജന്റീന ടീമിന്റെ പ്രധാന ഗോൾകീപ്പറായിരുന്ന താരത്തിന് കഴിഞ്ഞിരുന്നില്ല.

2018ലാണ് അർജന്റീനക്കായി അവസാനത്തെ മത്സരം റോമെറോ കളിക്കുന്നത്. മികച്ച ഫോമിൽ നിൽക്കുന്ന സമയത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം നമ്പർ ഗോൾകീപ്പറാകാനുള്ള തീരുമാനം താരത്തിന്റെ ദേശീയ ടീം കരിയറിനെ ബാധിച്ചിരുന്നു. എന്നാൽ അഞ്ചു വർഷത്തിന് ശേഷം അർജന്റീന ദേശീയ ടീമിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുകയാണ് റോമെറോ. വരുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള സ്‌ക്വാഡ് ഈയാഴ്‌ച പ്രഖ്യാപിക്കാനിരിക്കെ റൊമേറോയെ സ്‌കലോണി പരിഗണിക്കുന്നുണ്ട്.

മുപ്പത്തിയാറുകാരനായ റോമെറോ നിലവിൽ ബൊക്ക ജൂനിയേഴ്‌സ് താരമാണ്. ടീമിനായി മികച്ച പ്രകടനം നടത്തുന്ന താരം അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതാണ് അർജന്റീന ടീമിലേക്ക് താരത്തിന്റെ തിരിച്ചു വരവിനു വഴിയൊരുക്കുന്നത്. അർജന്റീന ടീമിലേക്ക് വീണ്ടുമെത്താനുള്ള താൽപര്യം റോമെറോ തന്നെ വെളിപ്പെടുത്തുകയും ചെയ്‌തിരുന്നു. അതേസമയം ടീമിന്റെ ബാക്കപ്പ് ഗോൾകീപ്പറായിട്ടാകും റോമെറോയെ സ്‌കലോണി സ്‌ക്വാഡിലുൾപ്പെടുത്തുക.

അർജന്റീന ദേശീയ ടീമിനായി 96 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ക്രിസ്റ്റ്യൻ റോമെറോ. അർജന്റീനക്കൊപ്പം അണ്ടർ 20 ലോകകപ്പും ഒളിമ്പിക് ഗോൾഡ് മെഡലും താരം നേടിയിട്ടുണ്ട്. ബാക്കപ്പ് ഗോൾകീപ്പറായി ടീമിന് വേണ്ടി കളിക്കാൻ തയ്യാറാണെന്ന് അറിയിച്ച താരം മൂന്നാം നമ്പർ ഗോളിയാകാനാണ് സാധ്യത. സെപ്‌തംബർ ഏഴിനും പന്ത്രണ്ടിനുമാണ് അർജന്റീനയുടെ മത്സരങ്ങൾ നടക്കുക. ഇക്വഡോർ, ബൊളീവിയ എന്നീ രാജ്യങ്ങളോടാണ് അർജന്റീന മത്സരിക്കുക.

Sergio Romero To Be Called Up To The Argentina Team