ഇത് റൊണാൾഡോയെ ഉന്നം വെച്ചു തന്നെ, ബ്രൂണോ ഫെർണാണ്ടസിന്റെ പെനാൽറ്റികൾ ഷെയർ ചെയ്‌ത്‌ മാഞ്ചസ്റ്റർ യുണൈറ്റഡ്

യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിൽ സ്ലോവേനിയക്കെതിരെ എക്‌സ്ട്രാ ടൈമിൽ ലഭിച്ച പെനാൽറ്റി റൊണാൾഡോ തുലച്ചു കളഞ്ഞതും അതിനു ശേഷം നിരാശയിൽ പൊട്ടിക്കരഞ്ഞതുമെല്ലാം നമ്മൾ കണ്ടതാണ്. അതിനു ശേഷം മത്സരത്തിൽ ഷൂട്ടൗട്ട് നടപ്പോൾ ആദ്യത്തെ പെനാൽറ്റി തന്നെ എടുക്കാനും അത് ഗോളാക്കി മാറ്റാനും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു.

എന്നാൽ ആ മത്സരത്തിന് ശേഷം ഉയർന്ന പ്രധാന ചർച്ചകളിൽ ഒന്ന് പോർച്ചുഗലിന്റെ സെറ്റ് പീസുകൾ റൊണാൾഡോ മാത്രം എടുക്കുന്നതിനെക്കുറിച്ചായിരുന്നു. സെറ്റ് പീസുകൾ എടുക്കുന്നതിൽ കഴിവുള്ള ബ്രൂണോ ഫെർണാണ്ടസ് ടീമിലുണ്ടായിട്ടും ഒരെണ്ണം പോലും താരത്തിന് ലഭിച്ചില്ല. റൊണാൾഡോ സെറ്റ് പീസുകൾ പാഴാക്കുന്നതിനാൽ ബ്രൂണോ ഫെർണാണ്ടസിനെയും പരിഗണിക്കണമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

ഇന്ന് റൊണാൾഡോയുടെ മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്‌ത വീഡിയോ താരത്തെ ഉന്നം വെക്കുന്നതാണോ എന്നു സംശയിച്ചാൽ അതിൽ തെറ്റൊന്നുമില്ല. റൊണാൾഡോ പെനാൽറ്റി പാഴാക്കിയത് ചൂടേറിയ ചർച്ചയായി നിൽക്കുമ്പോൾ ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി പെനാൽറ്റികൾ എടുത്ത് ഗോളാക്കുന്ന വീഡിയോയാണ് ഷെയർ ചെയ്‌തത്‌.

“നിർണായക സമയത്ത് പെനാൽറ്റികൾ ഗോളാക്കി മാറ്റേണ്ടത് എങ്ങിനെയാണെന്ന് ബ്രൂണോ ഫെർണാണ്ടസിന് അറിയാം” എന്നാണു ആ പോസ്റ്റിന്റെ ക്യാപ്‌ഷനായി നൽകിയിരിക്കുന്നതെന്നും ശ്രദ്ധേയമായ കാര്യമാണ്. ബ്രൂണോ ഫെർണാണ്ടസിന് സെറ്റ് പീസുകൾ അനുവദിച്ചു നൽകാനുള്ള സമ്മർദ്ദതന്ത്രത്തിന്റെ ഭാഗമായാണോ ഈ പോസ്റ്റെന്ന് കരുതാവുന്നതാണ്.

എന്തായാലും പോസ്റ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരും റൊണാൾഡോ ആരാധകരും പ്രതിഷേധം അറിയിക്കുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ അവമതിക്കുന്നതാണ് പോസ്റ്റെന്നും പേജിന്റെ അഡ്‌മിനെ മാറ്റണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്.

fpm_start( "true" ); /* ]]> */