വെറും പത്തു മില്യൺ നൽകി ഡിബാലയെ സ്വന്തമാക്കാം, നീക്കങ്ങളാരംഭിച്ച് പ്രീമിയർ ലീഗ് ക്ലബ്

യുവന്റസ് കരാർ അവസാനിച്ച് ഫ്രീ ഏജന്റായി ഇറ്റാലിയൻ ക്ലബായ റോമയിലേക്ക് ചേക്കേറിയ പൗളോ ഡിബാല തകർപ്പൻ ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. സീസണിൽ ഇരുപതു മത്സരങ്ങൾ കളിച്ച് പത്ത് ഗോളുകളും ഏഴു അസിസ്റ്റുകളും താരം ടീമിനായി സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണിൽ റോമ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്നതും ഡിബാലയുടെ ഈ മികച്ച പ്രകടനം കൊണ്ടു തന്നെയാണ്.

എന്നാൽ റോമക്ക് ഡിബാലയെ ഈ സീസണിനപ്പുറം നിലനിർത്താൻ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം മൂന്നു വർഷത്തെ കരാറാണ് റോമയുമായി ഡിബാല ഒപ്പിട്ടതെങ്കിലും അടുത്ത സമ്മറിൽ പത്തു മില്യൺ പൗണ്ടോളം വരുന്ന റിലീസ് ക്ലോസ് ആക്റ്റിവേറ്റ് ആകുമെന്ന ഉടമ്പടി അതിനൊപ്പമുണ്ട്. ഈ സാഹചര്യം മുതലെടുത്ത് ഡിബാലയെ സ്വന്തമാക്കാൻ ക്ലബുകൾ ശ്രമം നടത്തുന്നുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡാണ്‌ താരത്തിനായി സജീവമായി രംഗത്തുള്ളത്. ഈ സീസണിൽ എറിക് ടെൻ ഹാഗിന് കീഴിൽ പ്രതീക്ഷ നൽകുന്ന പ്രകടനം നടത്തുന്ന ക്ലബ് അടുത്ത സീസണിൽ കൂടുതൽ മെച്ചപ്പെടാനുള്ള ഒരുക്കത്തിലാണ്. ജനുവരിയിൽ ലോണിൽ സ്വന്തമാക്കിയ വേഗോസ്റ്റ്, ഫ്രഞ്ച് താരമായ ആന്റണി മാർഷ്യൽ എന്നിവർ ക്ലബ് വിടാനുള്ള സാധ്യതയുള്ളതു കൂടി കണക്കിലെടുത്താണ് പുതിയ മുന്നേറ്റനിര താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തുന്നത്.

പൗളോ ഡിബാല മാത്രമല്ല മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റഡാറിലുള്ള സീരി എ താരം. നാപ്പോളിയുടെ സ്‌ട്രൈക്കറായ വിക്റ്റർ ഒസിംഹൻ, റോമയിൽ ഡിബാലയുടെ സഹതാരമായ മുൻ ചെൽസി സ്‌ട്രൈക്കർ ടാമി അബ്രഹാം എന്നിവരെല്ലാം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റഡാറിലുള്ള താരങ്ങളാണ്. ഇതിനു പുറമെ ഹാരി കേനിലും ക്ലബിന് താല്പര്യമുണ്ടെങ്കിലും വമ്പൻ തുക നൽകേണ്ടി വരുമെന്നതിനാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അതിനു കൂടുതൽ ശ്രദ്ധ നൽകാൻ സാധ്യതയില്ല.