ഒരൊറ്റ കാര്യത്തിൽ ബ്ലാസ്‌റ്റേഴ്‌സിന് പിഴച്ചു, തോൽവിയുടെ കാരണം വെളിപ്പെടുത്തി വുകോമനോവിച്ച്

ഇന്ത്യൻ സൂപ്പർ ലീഗിൽ നിർണായകമായ ഒരു മത്സരത്തിൽ കൂടി കേരള ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയിരിക്കുകയാണ്. എതിരില്ലാത്ത ഒരു ഗോളിന് ബെംഗളൂരു എഫ്‌സിയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ സ്വന്തം മൈതാനത്ത് കീഴടക്കിയത്. റോയ് കൃഷ്‌ണ ബെംഗളൂരുവിലെ ഒരേയൊരു ഗോൾ നേടി. ഈ സീസണിൽ ബെംഗളൂരു തുടർച്ചയായ ആറാം മത്സരത്തിൽ വിജയം നേരിയപ്പോൾ ഭാഗ്യം കൂടെയില്ലാതെ പോയ ബ്ലാസ്റ്റേഴ്‌സ് അഞ്ചാമത്തെ എവേ മത്സരത്തിൽ തോൽവി വഴങ്ങി.

മത്സരത്തിന് ശേഷം ടീമിന്റെ തോൽവിയുടെ കാരണത്തെക്കുറിച്ച് പരിശീലകനായ ഇവാൻ വുകോമനോവിച്ച് വെളിപ്പെടുത്തുകയുണ്ടായി. കേരള ബ്ലാസ്റ്റേഴ്‌സ് നന്നായി കളിച്ചുവെന്നും മത്സരത്തിന്റെ ഭൂരിഭാഗവും നിയന്ത്രിച്ചുവെന്നും പറഞ്ഞ അദ്ദേഹം ഫൈനൽ തേർഡിൽ ടീം അവസരങ്ങൾ സൃഷ്‌ടിച്ചുവെന്നും പറഞ്ഞു. എന്നാൽ ഗോളുകൾ നേടാൻ നിർണായകമായ ഫൈനൽ ടച്ച് ടീമിനില്ലാതെ പോയതാണ് മത്സരത്തിൽ തോൽവി വഴങ്ങാൻ കാരണമെന്നാണ് അദ്ദേഹം പറയുന്നത്.

മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും തന്റെ താരങ്ങളെ അഭിനന്ദിക്കാനും ഇവാൻ മറന്നില്ല. ബെംഗളൂരു എഫ്‌സി ഒരു മികച്ച ടീമാണെന്ന് പറഞ്ഞ അദ്ദേഹം താരങ്ങൾ മികച്ച പ്രകടനം നടത്തിയെന്ന് വ്യക്തമാക്കി. കടുപ്പമേറിയ മത്സരമായിരുന്നു ഇതെന്നും വുകോമനോവിച്ച് പറഞ്ഞു. സെറ്റ് പീസുകൾ തടുക്കുന്നതിലുള്ള പോരായ്‌മയും വ്യക്തിഗത പിഴവുകളുമാണ് പല മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടി നൽകുന്നതെന്നും അതൊഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ പതിനെട്ടു മത്സരങ്ങളിൽ 31 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് നിൽക്കുന്നത്. ഇതോടെ 17 കളികളിൽ 36 പോയിന്റുള്ള ഹൈദരാബാദിനെ മറികടന്നു രണ്ടാം സ്ഥാനത്തെത്തി നേരിട്ട് സെമിയിലേക്ക് മുന്നേറാമെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ ഏറെക്കുറെ അവസാനിച്ചു. രണ്ടു മത്സരങ്ങൾ കൂടി ബാക്കി നിൽക്കെ മൂന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തോ ഫിനിഷ് ചെയ്യുകയെന്നതാവും ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ലക്‌ഷ്യം.