മുപ്പത്തിരണ്ടുകാരൻ ലെസ്കോക്ക് പകരക്കാരൻ മുപ്പത്തിമൂന്നു വയസുള്ള താരം, ബ്ലാസ്റ്റേഴ്‌സിന്റെ നീക്കത്തിന് പിന്നിലെ കാരണമെന്ത് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീസൺ അവസാനിച്ചതിനു പിന്നാലെ അടുത്ത സീസണിലേക്കുള്ള ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ ശക്തമായി ഉയർന്നു വരികയാണ്. നോവ സദൂയിയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാർകോ ലെസ്‌കോവിച്ചിന് പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തിയെന്നും വാർത്തകളിൽ നിറയുന്നു.

ഓസ്‌ട്രേലിയൻ ലീഗിൽ ബ്രിസ്‌ബേൻ റോറിനു വേണ്ടി കളിക്കുന്ന ടോം അൽഡ്രെഡിനെ സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. സ്‌കോട്ടിഷ് താരത്തിന്റെ ട്രാൻസ്‌ഫർ ഏറെക്കുറെ ഉറപ്പിച്ചുവെന്നാണ് ലഭ്യമായ സൂചനകൾ. അതേസമയം മുപ്പത്തിരണ്ടുകാരനും ഇന്ത്യൻ ഫുട്ബോളിൽ പരിചയസമ്പത്തുള്ളവനുമായ ലെസ്‌കോവിച്ചിനു പകരക്കാരനായി 33 വയസുള്ള താരത്തെ സ്വന്തമാക്കുന്നതിൽ ആരാധകർക്ക് ആശങ്കയുണ്ട്.

എന്നാൽ ലെസ്‌കോവിച്ചിനെ ഒഴിവാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സിന് യാതൊരു പദ്ധതിയും ഇല്ലായിരുന്നുവെന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ. താരത്തിന് പുതിയ കരാർ നൽകി ക്ലബിനൊപ്പം നിലനിർത്താൻ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ഉദ്ദേശിച്ചിരുന്നത്. എന്നാൽ മൂന്ന് വർഷമായി ബ്ലാസ്‌റ്റേഴ്‌സിലുള്ള താരത്തിന് ഇന്ത്യയിൽ തുടരാൻ താത്പര്യമില്ലാത്തതു കൊണ്ടാണ് പുതിയ താരത്തെ തേടേണ്ടി വന്നത്.

ബ്ലാസ്റ്റേഴ്‌സിനൊപ്പം മൂന്നു വർഷമായി മികച്ച പ്രകടനമാണ് ലെസ്‌കോവിച്ച് നടത്തുന്നത്. മീലൊസ് ഡ്രിൻസിച്ച് വന്നതിനാൽ അവസരങ്ങൾ ഒന്ന് കുറഞ്ഞെങ്കിലും പിന്നീട് വീണ്ടും ടീമിന്റെ പ്രധാനിയായി താരം മാറി. ഒഡിഷക്കെതിരായ പ്ലേ ഓഫിലടക്കം താരം ഏറ്റവും ആത്മാർത്ഥമായ പ്രകടനമാണ് നടത്തിയത്. അതിനാൽ തന്നെ താരത്തിന്റെ അഭാവം ടീമിന് തിരിച്ചടിയാണ്.

അതേസമയം പകരക്കാരനായി എത്തിക്കാൻ ശ്രമിക്കുന്ന സ്‌കോട്ടിഷ് താരവും വളരെയധികം പരിചയസമ്പന്നനാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ വാട്ഫോഡിന് വേണ്ടി ബൂട്ട് കെട്ടിയിട്ടുള്ള അൽഡ്രെഡ് നിലവിൽ കളിക്കുന്ന ഓസ്‌ട്രേലിയൻ ക്ലബിന്റെ നായകൻ കൂടിയാണ്. ഇന്ത്യയിലെ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേർന്നാൽ താരത്തിന് മികച്ച പ്രകടനം നടത്താൻ കഴിയും.

Reason Kerala Blasters Signing Tom Aldred