ഇനി ഞാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകനായിരിക്കും, ഭാവിയെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ഫെഡോർ ചെർണിച്ച് | Fedor Cernych

അഡ്രിയാൻ ലൂണക്ക് പരിക്കേറ്റപ്പോൾ പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ താരമാണ് ഫെഡോർ ചെർണിച്ച്. യൂറോപ്യൻ രാജ്യമായ ലിത്വാനിയയുടെ നായകനായ ഫെഡോറിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. യൂറോപ്പിലെ വമ്പൻ പോരാട്ടങ്ങളിൽ പങ്കെടുത്ത് മിന്നും ഗോളുകൾ നേടിയ താരത്തിൽ ആരാധകർക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു.

ആരാധകരുടെ പ്രതീക്ഷ ഏറെക്കുറെ കാത്തു സൂക്ഷിക്കാൻ താരത്തിന് കഴിഞ്ഞു. ഇന്ത്യയിൽ ആദ്യമായി കളിക്കുന്ന താരം ഏഴു മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങി മൂന്നു ഗോളും ഒരു അസിസ്റ്റുമാണ് സ്വന്തമാക്കിയത്. അതിൽ ഒഡിഷക്കെതിരെ പ്ലേ ഓഫിൽ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ച ഗോളും ഉൾപ്പെടുന്നു. നാട്ടിലേക്ക് തിരിച്ചു പോയ താരം കഴിഞ്ഞ ദിവസം ആരാധകർക്ക് സന്ദേശം നൽകിയിരുന്നു.

“നമ്മളെല്ലാവരും ആഗ്രഹിച്ചത് പോലെയല്ല ഈ സീസൺ അവസാനിച്ചത്, പക്ഷെ പലപ്പോഴും ഫുട്ബോൾ അങ്ങിനെയാണ്. എന്റെ ഭാവിയെക്കുറിച്ച് എനിക്കിപ്പോഴും ഒരു വ്യക്തതയുമില്ല. പക്ഷെ എനിക്ക് എല്ലാവരോടും എന്റെ ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു. നിങ്ങൾ ടീമിന് നൽകിയ പിന്തുണയും സ്നേഹവും വിലമതിക്കാൻ കഴിയാത്ത ഒന്നാണ്.”

“വളരെയധികം ആശ്ചര്യപ്പെടുത്തുന്ന ഒരുപാട് പേരെ ഞാനിവിടെ കണ്ടിരുന്നു. ബ്ലാസ്റ്റേഴ്‌സ് ഫാമിലിയിൽ ഒരു അംഗമായി മാറാൻ എനിക്ക് അവസരം ലഭിച്ചത് ഒരുപാട് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. എന്റെ ഭാവി എന്തു തന്നെയായാലും വേണ്ടില്ല, ഞാൻ എല്ലായിപ്പോഴും ഒരു ബ്ലാസ്റ്റേഴ്‌സ് ആരാധകനായി തുടരും.” ഫെഡോർ ചെർണിച്ച് തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

വെറും ആറു മാസത്തെ കരാറിൽ സ്വന്തമാക്കിയ താരത്തിന് ആരാധകർ വലിയ പിന്തുണയാണ് നൽകിയത്. ഏഴായിരത്തോളം പേർ മാത്രം പിന്തുടർന്നിരുന്ന ഫെഡോറിന്റെ ഇൻസ്റ്റാഗ്രാം പേജിലിപ്പോൾ രണ്ടര ലക്ഷത്തോളം ഫോളോവേഴ്‌സുണ്ട്. അതേസമയം ദിമിത്രിയോസ്, പെപ്ര എന്നിവർ തുടരുകയും നോവ സദൂയി ടീമിലെത്തുകയും ചെയ്‌താൽ ബ്ലാസ്റ്റേഴ്‌സ് ഫെഡോറിനെ നിലനിർത്താൻ സാധ്യതയില്ല.

fpm_start( "true" ); /* ]]> */

Fedor Cernych Message To Kerala Blasters Fans