സ്‌കോട്ടിഷ് വൻമതിലിന്റെ ഫോളോവിങ് ലിസ്റ്റിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടങ്ങൾ, ഇനി ഔദ്യോഗിക സ്ഥിരീകരണം വന്നാൽ മതി | Tom Aldred

സ്‌കോട്ടിഷ് പ്രതിരോധതാരമായ ടോം അൽഡ്രെഡ് അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സി അണിയുമെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരുന്നു. ഈ സീസൺ അവസാനിക്കുന്നതോടെ ഓസ്‌ട്രേലിയൻ ക്ലബായ ബ്രിസ്‌ബേൻ റോറുമായുള്ള കരാർ അവസാനിക്കുന്ന താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നുണ്ടെന്ന് അഭ്യൂഹങ്ങൾക്ക് നിറം പകരുന്ന സൂചനകളാണ് ലഭിക്കുന്നത്.

നേരത്തെ താരം ഇട്ട ചിത്രത്തിന് കീഴിലുള്ള സഹതാരത്തിന്റെ കമന്റ് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കേരളത്തിൽ എല്ലാ സന്തോഷവും ഉണ്ടാകട്ടെയെന്ന ആശംസയാണ് സഹതാരവും ഇംഗ്ലണ്ടിൽ ജനിച്ച ശ്രീലങ്കൻ ദേശീയ ടീമിലെ കളിക്കാരനായ ജാക്ക് ഹിങ്‌ബെർട്ട് നൽകിയത്. ഇപ്പോൾ താരത്തിന്റെ ഇൻസ്റ്റാഗ്രാം ഫോളോവിങ് ലിസ്റ്റ് അഭ്യൂഹങ്ങൾ ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാനപ്പെട്ട ആരാധകക്കൂട്ടമായ കെബിഎഫ്‌സി മഞ്ഞപ്പട, കേരള ബ്ലാസ്റ്റേഴ്‌സ് ആർമി എന്നീ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളെ ടോം അൽഡ്രെഡ് ഫോളോ ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. അതിനു പുറമെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിനെയും അദ്ദേഹം ഫോളോ ചെയ്യുന്നു. ഇതിൽ നിന്നും അദ്ദേഹം അടുത്ത സീസണിൽ ഐഎസ്എല്ലിലേക്ക് തന്നെയെന്ന് വ്യക്തമാണ്.

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഇൻസ്റ്റാഗ്രാം ഒഫീഷ്യൽ പേജിനെ അദ്ദേഹം ഫോളോ ചെയ്യുന്നില്ല. നിലവിൽ ഒരു ക്ലബുമായി കരാറിലിരിക്കെ ട്രാൻസ്‌ഫർ അഭ്യൂഹം ശക്തമായുള്ള മറ്റൊരു ക്ലബ്ബിനെ ഫോളോ ചെയ്യുന്നത് മര്യാദയല്ലെന്നത് കൊണ്ടായിരിക്കാം താരം അതിനു മുതിരാത്തത്. എന്തായാലും താരം ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെയെന്ന് ഇതിൽ നിന്നും ഉറപ്പിക്കാം.

ജൂണിലാണ് അൽഡ്രെഡും ഓസ്‌ട്രേലിയൻ ക്ലബുമായുള്ള കരാർ അവസാനിക്കുന്നത്. അതിനു ശേഷം ട്രാൻസ്‌ഫർ ഔദ്യോഗികമായി പ്രഖ്യാപിക്കാനാവും ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്. താരവുമായി ബ്ലാസ്റ്റേഴ്‌സ് പ്രീ കോണ്ട്രാക്റ്റ് ഒപ്പിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്തായാലും അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് നേതൃത്വം നേരത്തെ തുടങ്ങിയെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

Tom Aldred Following Kerala Blasters Fan Pages