ദിമിത്രിയോസിനു ബ്ലാസ്റ്റേഴ്‌സ് വിട്ടു പോകാനാവില്ല, താരം തുടരുമെന്ന കാര്യത്തിൽ പുതിയ പ്രതീക്ഷ | Dimitrios

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസൺ പൂർണമായും അവസാനിച്ചു. പരിക്കിന്റെ തിരിച്ചടികൾ നേരിട്ട ടീം ഒഡിഷ എഫ്‌സിക്കെതിരെ പ്ലേ ഓഫിൽ പരിമിതമായ വിഭവങ്ങളെ വെച്ച് പൊരുതിയെങ്കിലും ചെറിയ പിഴവുകൾ മുതലെടുത്ത് ആതിഥേയർ വിജയിച്ചു കയറി. ഇതോടെ അടുത്ത സീസണിൽ പ്രതീക്ഷയർപ്പിച്ചു നിൽക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സും ആരാധകരും.

അടുത്ത സീസണിലേക്ക് പോകുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കുള്ള പ്രധാന ആശങ്ക ടീമിന്റെ സൂപ്പർ സ്‌ട്രൈക്കർ ദിമിത്രിയോസ് ദയമെന്റാക്കോസിന്റെ കരാർ പുതുക്കിയിട്ടില്ലെന്നതാണ്. കഴിഞ്ഞ രണ്ടു സീസണുകളായി ഇന്ത്യൻ സൂപ്പർ ലീഗിലെ ടോപ് സ്കോറർമാരിൽ ഒരാളായ ദിമിത്രിയോസ് ക്ലബ് വിടാനുള്ള സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ വളരെ ശക്തമായിരുന്നു.

എന്നാൽ ദിമിത്രിയോസ് കേരള ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരാനുള്ള സാധ്യതയുണ്ടെന്നാണു ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ലഭ്യമായ വിവരങ്ങൾ പ്രകാരം തന്റെ രാജ്യമായ ഗ്രീസിലേക്ക് മടങ്ങിയ ദിമിത്രിയോസ് കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും തന്റെ ഡോക്യൂമെന്റസ് ഒന്നും സ്വീകരിച്ചിട്ടില്ല. താരം ക്ലബ് വിടാൻ ഉദ്ദേശിച്ചിട്ടില്ലെന്നു തന്നെയാണ് അതിൽ നിന്നും വ്യക്തമാകുന്നത്.

ക്ലബ് വിടാൻ തീരുമാനം എടുത്തിട്ടുള്ള താരമാണെങ്കിൽ അവർ മടങ്ങുമ്പോൾ ബന്ധപ്പെട്ട രേഖകൾ തിരിച്ചു വാങ്ങും. അതിനു ശേഷമേ അവർ ഇന്ത്യക്കകത്തോ പുറത്തോ ഉള്ള ക്ലബ്ബിലേക്ക് ചേരുകയുള്ളൂ. ഇവിടെ ദിമിത്രിയോസ് രേഖകൾ വാങ്ങാതെയാണ് മടങ്ങിയത് എന്നതിനാൽ താരം കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ നടത്തുന്നുണ്ടെന്ന് വ്യക്തമാണ്.

ദിമിത്രിയോസിനു കേരള ബ്ലാസ്റ്റേഴ്‌സിൽ തുടരാനുള്ള ആഗ്രഹം ഉണ്ടെങ്കിലും ക്ലബ് മുന്നോട്ടു വെച്ച ഓഫറിൽ താരം തൃപ്‌തനല്ല. ഐഎസ്എല്ലിൽ മികച്ച പ്രകടനം നടത്തുന്ന താരം കുറച്ചുകൂടി മെച്ചപ്പെട്ട ഓഫറാണ് ടീമിൽ നിന്നും പ്രതീക്ഷിക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് നേതൃത്വം താരത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Dimitrios Wants To Extend With Kerala Blasters