റാഷ്‌ഫോഡിന്റെ അത്ഭുതഗോളും ബിസാക്കയുടെ അക്രോബാറ്റിക് അസിസ്റ്റും, മിന്നുന്ന പ്രകടനവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിൽ നിന്നും ഒഴിവാക്കിയതിനു ശേഷം ആദ്യമായി കളിച്ച പ്രധാന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. ആദ്യപകുതിയിൽ ക്രിസ്റ്റ്യൻ എറിക്‌സണും രണ്ടാം പകുതിയിൽ മാർക്കസ് റാഷ്‌ഫോഡും നേടിയ ഗോളുകളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയത്. ഇതോടെ ഇഎഫ്എൽ കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറി. പ്രീമിയർ ലീഗിൽ ഇത്തവണ ടോപ് ഫോറിനായി പോരാടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച പ്രകടനം ഉറപ്പു നൽകുന്ന കളിയാണ് ബേൺലിക്കെതിരെ നടത്തിയത്.

ഇരുപത്തിയേഴാം മിനുട്ടിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യത്തെ ഗോൾ വന്നത്. രണ്ടു പ്രതിരോധതാരങ്ങളെ വെട്ടിച്ച് മാക്ടോമിനായ് നൽകിയ പന്ത് ബ്രൂണോ ഫെർണാണ്ടസിന് ലഭിച്ചു. താരം അത് മനോഹരമായി വലതു വിങ്ങിലൂടെ ബോക്‌സിലേക്ക് ഓടുകയായിരുന്ന വാൻ ബിസാക്കക്ക് നൽകി. കൃത്യമായി നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ള പാസായിരുന്നിട്ടു കൂടി ഒരു അക്രോബാറ്റിക് ഷോട്ടിലൂടെ ബിസാക്ക അത് ബോക്‌സിലേക്ക് നൽകിയപ്പോൾ സെന്ററിൽ ഉണ്ടായിരുന്ന എറിക്‌സൺ ഒന്ന് തൊട്ടു കൊടുക്കേണ്ട ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അൻപത്തിയേഴാം മിനുട്ടിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാമത്തെ ഗോൾ വരുന്നത്. സ്വന്തം ഹാഫിൽ നിന്നും പന്ത് സ്വീകരിച്ച മാർക്കസ് റാഷ്‌ഫോ വിങ്ങിലൂടെ നടത്തിയ ഒരു അതിവേഗ മുന്നേറ്റത്തിനു ശേഷം മൂന്നോളം ബേൺലി പ്രതിരോധതാരങ്ങളെ വെട്ടിച്ച് ബോക്‌സിലെത്തി. അതിനു ശേഷം വലതുകാൽ കൊണ്ടുള്ള കരുത്തുറ്റ ഷോട്ടിൽ താരം വലകുലുക്കുകയായിരുന്നു. ഇക്കഴിഞ്ഞ ലോകകപ്പിൽ മൂന്നു ഗോൾ നേടി ഇംഗ്ലണ്ട് ടീമിനു വേണ്ടി മികച്ച പ്രകടനം നടത്തിയ റാഷ്‌ഫോഡ് ക്ലബ് തലത്തിലും അതാവർത്തിക്കുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രതീക്ഷയാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവത്തിലും മികച്ച പ്രകടനം നടത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗിനു കീഴിൽ ആരാധകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ഈ സീസണിൽ ഏതെങ്കിലുമൊരു കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷക്കൊപ്പം കഴിഞ്ഞ സീസണിൽ നഷ്‌ടമായ ചാമ്പ്യൻസ് ലീഗ് യോഗ്യതയും മാഞ്ചസ്റ്റർ യുണൈറ്റഡിന് നേടിയെടുക്കാനുള്ള സാധ്യതയുണ്ട്. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ പുതിയ താരങ്ങൾ എത്തുന്നതോടെ ക്ലബ് കൂടുതൽ ശക്തിപ്പെടുകയും ചെയ്യും.