ലോകകപ്പ് വിജയം ആഘോഷിക്കാൻ സമയം നൽകിയില്ല, അർജന്റീന താരത്തോട് ഉടൻ ക്ലബിലെത്താൻ നിർദ്ദേശം

മുപ്പത്തിയാറു വർഷത്തിനു ശേഷമാണ് അർജന്റീന ലോകകപ്പ് കിരീടം നേടുന്നത്. ആദ്യ മത്സരത്തിൽ തോറ്റ് പിന്നീട് ശക്തമായി പൊരുതി നേടിയ അർജന്റീനയുടെ വിജയത്തിൽ മതിമറന്ന് ആഘോഷിക്കുകയാണ് ടീമിലെ ഓരോ താരങ്ങളും. എന്നാൽ വിജയം നേടി മൂന്നു ദിവസം മാത്രം പിന്നിട്ടിരിക്കെ ഒന്നു ശ്വാസം വിടാൻ പോലും സമയം നൽകാതെ ടീമിലെ പ്രതിരോധതാരമായ ക്രിസ്റ്റ്യൻ റൊമേറോയോട് ഉടനെ ഇംഗ്ലണ്ടിലെത്താൻ നിർദ്ദേശം നൽകിയിരിക്കുകയാണ് താരത്തിന്റെ ക്ലബായ ടോട്ടനം ഹോസ്‌പർ.

അർജന്റീനയുടെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കു വഹിച്ച താരമാണ് റോമെറോ. അർജന്റീന കളിച്ച ഏഴു മത്സരങ്ങളിലും താരം ആദ്യ ഇലവനിൽ ഇറങ്ങി. ഫൈനലിൽ 120 മിനുട്ടും കളിച്ച താരം പ്രതിരോധത്തിൽ കരുത്തുറ്റ പ്രകടനമാണ് കാഴ്‌ച വെച്ചത്. അർജന്റീന ടീമിൽ വലിയ മാറ്റമുണ്ടാക്കിയ സാന്നിധ്യമെന്ന് ലയണൽ മെസി തന്നെ വിശേഷിപ്പിച്ചിട്ടുള്ള താരം കൂടിയാണ് റോമെറോ. എന്നാൽ ലോകകപ്പ് വിജയം സമാധാനമായി ഒന്നാസ്വദിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് ഇരുപത്തിനാലുകാരനായ താരത്തിന് വന്നിരിക്കുന്നത്.

“അവന് ഒന്നു നേരെ ആസ്വദിക്കാനുള്ള സമയം പോലും ലഭിച്ചിട്ടില്ല. ഇതെങ്ങിനെ പോകുമെന്ന് നമുക്ക് നോക്കാം. പക്ഷെ അവർക്ക് റൊമേറോ ഇപ്പോൾ തന്നെ ഇംഗ്ലണ്ടിലേക്ക് വരണമെന്നാണ് ആഗ്രഹം.” ക്രിസ്റ്റ്യൻ റൊമേറോയുടെ അച്ഛനായ വിക്റ്റർ റോമെറോ കഴിഞ്ഞ ദിവസം ലാ വോസിനോട് പറഞ്ഞു. ഡിസംബർ ഇരുപത്തിയാറിന് ബ്രെന്റഫോഡും ടോട്ടനവും തമ്മിലുള്ള പ്രീമിയർ ലീഗ് മത്സരത്തിനു വേണ്ടിയാണ് റൊമേറോയെ ടോട്ടനം പെട്ടന്നു വിളിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. ടോട്ടനത്തിന്റെയും പ്രധാന താരമാണ് റോമെറോ.

പ്രീമിയർ ലീഗിൽ ബ്രൈറ്റണിന്റെ താരമായ മാക് അലിസ്റ്ററും അർജന്റീനയുടെ ലോകകപ്പ് ടീമിൽ ഉണ്ടായിരുന്ന കളിക്കാരനാണ്. അലിസ്റ്റർക്ക് ടീമിനൊപ്പം ചേരാൻ കൂടുതൽ സമയം ബ്രൈറ്റൻ അനുവദിച്ചിട്ടുണ്ട്. എന്നാൽ പല താരങ്ങളും പരിക്കിന്റെ പിടിയിലായതിനാൽ റോമെറോ വേഗം ടീമിനൊപ്പം ചേരണമെന്നാണ് പരിശീലകൻ അന്റോണിയോ കോണ്ടേയുടെ നിലപാട്. നിലവിൽ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്തു നിൽക്കുന്ന ടോട്ടനത്തിന്റെ തൊട്ടു പിന്നിൽ മാഞ്ചസ്റ്റർ യുണൈറ്റഡുണ്ട്.

fpm_start( "true" ); /* ]]> */