ലോകകപ്പിന്റെ വേദിയിൽ മെസിയുടെ മാന്ത്രികചലനങ്ങൾ തുടരും, അടുത്ത ലോകകപ്പിലും താരം കളിക്കും

ക്രൊയേഷ്യക്കെതിരായ ലോകകപ്പ് സെമി ഫൈനൽ മൽസരത്തിനു ശേഷം ലയണൽ മെസി പറഞ്ഞത് ഫൈനൽ തന്റെ അവസാനത്തെ ലോകകപ്പ് മത്സരമാകാനുള്ള സാധ്യതയുണ്ടെന്നാണ്. ഇപ്പോൾ മുപ്പത്തിയഞ്ചു വയസായ താരത്തിന് അടുത്ത ലോകകപ്പ് ആകുമ്പോൾ 39 വയസായിരിക്കും പ്രായം. ആ സമയത്തും ഫോമും ശാരീരിക ക്ഷമതയും കൃത്യമായി നിലനിർത്താൻ കഴിയുമെന്ന കാര്യത്തിൽ ഉറപ്പില്ലാത്തതു കൊണ്ടായിരിക്കാം അടുത്ത ലോകകപ്പിൽ ഉണ്ടാകുമെന്ന കാര്യത്തിൽ മെസി ഉറപ്പു പറയാത്തത്.

മെസി ആരാധകരെ സംബന്ധിച്ച് ഈ വാർത്ത വളരെ നിരാശ നൽകുന്നതാണ്. മനോഹരമായ ഫുട്ബോൾ കളിക്കുന്ന മെസി കളിക്കളത്തിൽ ഉണ്ടാകില്ലെന്ന വാർത്ത അവർക്ക് പൂർണമായും അംഗീകരിക്കാൻ കഴിയില്ല. കഴിഞ്ഞ ദിവസം അർജന്റീനക്കൊപ്പം 1986 ലോകകപ്പ് ഉയർത്തിയ ജോർഹെ വാൽദാനോ മെസിയുമായി ബന്ധപ്പെട്ടു നടത്തിയ വെളിപ്പെടുത്തൽ ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്. 2026ൽ നടക്കുന്ന ലോകകപ്പിലും ലയണൽ മെസി കളിക്കുമെന്നു തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് വാൽദാനോ പറയുന്നത്.

ലോകകപ്പിന് ഒരാഴ്‌ച മുൻപ് ലയണൽ മെസിയുമായി താൻ അഭിമുഖം നടത്തിയിരുന്നുവെന്നും അതിനു ശേഷം മെസിയുമായി കുശലം പറയുമ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയതെന്നുമാണ് വാൽദാനോ പറയുന്നത്. അഞ്ചു ലോകകപ്പിൽ കളിക്കുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളായി മാറാൻ പോവുകയാണല്ലേ എന്ന ചോദ്യത്തിന് ഈ ലോകകപ്പ് നേടിയാൽ അടുത്ത ലോകകപ്പ് വരെയും അർജന്റീന ജേഴ്‌സിയിൽ തുടരുമെന്ന് മെസി തന്നോട് പറഞ്ഞുവെന്ന് വാൽദാനോ വ്യക്തമാക്കി.

ഇപ്പോൾ സ്വന്തമാക്കിയ ഈ നേട്ടം വളരെക്കാലം കളിക്കളത്തിൽ തുടരാൻ ലയണൽ മെസിയെ സഹായിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. ലോകകപ്പ് നേടിയതിനു ശേഷം ലയണൽ മെസി അർജന്റീന ടീമിൽ നിന്നും വിരമിക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് സംഭവിക്കില്ലെന്ന് താരം തന്നെ പറഞ്ഞിരുന്നു. ഇനിയും അർജന്റീന ജേഴ്‌സിയിൽ കളിക്കുമെന്നു പറഞ്ഞ താരം അടുത്ത ലോകകപ്പിലും കളിക്കണമെന്നാണ് പരിശീലകൻ ലയണൽ സ്‌കലോണിയും ആവശ്യപ്പെടുന്നത്.

fpm_start( "true" ); /* ]]> */