അവസരങ്ങൾ കുറയുന്നു, ബാഴ്‌സയിലേക്ക് ചേക്കേറാനുള്ള സാധ്യത തള്ളിക്കളയാതെ റയൽ മാഡ്രിഡ് താരം

സ്പെയിനിലെ മറ്റു ക്ലബുകൾ തമ്മിൽ താരങ്ങളുടെ കൈമാറ്റം ഉണ്ടാവാറുണ്ടെങ്കിലും ബാഴ്‌സലോണയും റയൽ മാഡ്രിഡും തമ്മിൽ താരങ്ങളുടെ ട്രാൻസ്‌ഫർ നടക്കാറില്ല. റയൽ മാഡ്രിഡിനും ബാഴ്‌സലോണക്കും വേണ്ടി കളിച്ചിട്ടുള്ള താരങ്ങളുടെ എണ്ണവും വളരെ കുറവാണ്. ലൂയിസ് ഫിഗോ ബാഴ്‌സലോണ വിട്ട് റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ വിവാദപരമായ ട്രാൻസ്‌ഫറിനു ശേഷം പിന്നീടൊരിക്കൽ പോലും ഈ രണ്ടു ക്ലബുകൾ തമ്മിൽ പരസ്‌പരം ഒരു താരത്തിന്റെയും ട്രാൻസ്‌ഫർ നടന്നിട്ടുമില്ല.

അതേസമയം അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഒരു റയൽ മാഡ്രിഡ് താരം ബാഴ്‌സലോണയിലേക്ക് എത്താനുള്ള സാധ്യതകൾ വർധിച്ചിട്ടുണ്ട്. ഈ സീസണോടെ റയൽ മാഡ്രിഡുമായുള്ള കരാർ അവസാനിക്കുന്ന സ്‌പാനിഷ്‌ താരം മാർകോ അസെൻസിയോയെ ടീമിലെത്തിക്കാൻ ബാഴ്‌സലോണക്ക് താല്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ വാർത്തയോട് പ്രതികരിക്കുമ്പോൾ മാർകോ അസെൻസിയോയും ഇക്കാര്യം നിഷേധിച്ചില്ലെന്നത് പ്രത്യേകം പരാമർശിക്കേണ്ടതാണ്.

“അവർ വിളിച്ചിരുന്നോയെന്ന കാര്യം എനിക്ക് അറിയില്ല. മറ്റുള്ള നിരവധി ക്ലബുകൾ ഞാനുമായി ബന്ധപ്പെട്ടിട്ടുണ്ട്. ജനുവരി മുതൽ എനിക്ക് മറ്റു ക്ലബുകളുമായി ചർച്ചകൾ നടത്താമെന്നിരിക്കെ അത് സ്വാഭാവികമാണ്. ഞാൻ ബാഴ്‌സയിലേക്ക് ചേക്കേറുമെന്നോ അതു പരിഗണിക്കുമെന്നോ ചിന്തിക്കുന്നില്ല. ഇപ്പോൾ എനിക്കതിനു മറുപടി നൽകാൻ കഴിയില്ല. എനിക്കറിയില്ല.” സ്‌പാനിഷ്‌ റേഡിയോ സ്റ്റേഷനോട് സംസാരിക്കുമ്പോൾ മാർകോ അസെൻസിയോ പറഞ്ഞു.

മയോർക്കയുടെ തലസ്ഥാനമായ പാൽമയിൽ ജനിച്ച മാർകോ അസെൻസിയോ റയൽ മയോർക്ക ക്ലബിന്റെ അക്കാദമിയിലൂടെയാണ് ഉയർന്നു വരുന്നത്. പതിനേഴാം വയസിൽ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ച താരത്തെ റയൽ മാഡ്രിഡും ബാഴ്‌സലോണയും സ്‌കൗട്ട് ചെയ്‌തെങ്കിലും ലോസ് ബ്ലാങ്കോസാണ് താരത്തെ ടീമിലെത്തിച്ചത്. 2014ൽ ടീമിലെത്തിയ താരം നിരവധി കിരീടനേട്ടങ്ങളിൽ പങ്കാളിയാവുകയും ചെയ്‌തു.

നിലവിൽ റയൽ മാഡ്രിഡിൽ അവസരങ്ങൾ കുറയുന്നതിൽ അസെൻസിയോ തൃപ്‌തനല്ല. താരത്തിന് പുതിയ കരാർ റയൽ മാഡ്രിഡ് ഓഫർ ചെയ്യാനുള്ള സാധ്യതയും കുറവാണ്. അതേസമയം അസെൻസിയോയുടെ പിതാവ് ബാസ്‌ക് പ്രവിശ്യയിൽ വേരുകളുള്ള വ്യക്തിയാണ്. അദ്ദേഹത്തിന് തന്റെ മകൻ ബാസ്‌ക് പ്രവിശ്യയിൽ നിന്നുള്ള താരങ്ങളെ മാത്രം ഉൾപ്പെടുത്തി ടീമിനെ ഇറക്കുന്ന അത്‌ലറ്റിക് ബിൽബാവോയിൽ കളിക്കണമെന്നാണ് ആഗ്രഹം.