ഇടിമിന്നൽ പോലെയൊരു ലോങ്ങ് റേഞ്ചർ, ലോകകപ്പിന് ശേഷം അർജന്റീന താരങ്ങൾ വേറെ ലെവലാണ് | Marcos Acuna

ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടിയതിന്റെ പ്രതിഫലനം ക്ലബ് തലത്തിലും കാണുന്നുണ്ടെന്ന് തീർച്ചയാണ്. ലോകകപ്പ് നേടിയ അർജന്റീന ടീമിലുണ്ടായിരുന്ന ഭൂരിഭാഗം താരങ്ങളും മികച്ച പ്രകടനമാണ് ടീമിനൊപ്പം നടത്തുന്നത്. സൗദി അറേബ്യയുമായുള്ള ആദ്യത്തെ മത്സരം തോറ്റതിനു ശേഷം ആവേശകരമായ രീതിയിൽ പിന്നീടുള്ള മത്സരങ്ങളിൽ വിജയം നേടി കിരീടം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസം ഓരോ താരങ്ങളിലുമുണ്ട്.

ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിൽ അർജന്റീന താരമായ മാർക്കോസ് അക്യൂന അത് തെളിയിക്കുകയും ചെയ്‌തു. സ്‌പാനിഷ്‌ ക്ലബായ സെവിയ്യയിൽ കളിക്കുന്ന താരം കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പത്ത് പേരായി ചുരുങ്ങിയ ടീമിനെ വിജയത്തിന്റെ അരികിലെത്തിക്കാൻ സഹായിച്ചിരുന്നു. എന്നാൽ സെൽറ്റ വിഗോയും സെവിയ്യയും തമ്മിൽ നടന്ന മത്സരം രണ്ടു ടീമുകളും രണ്ടു ഗോളുകൾ നേടി സമനിലയിൽ പിരിയുകയാണ് ചെയ്‌തത്.

മത്സരത്തിന്റെ പത്തൊൻപതാം മിനുട്ടിൽ തന്നെ സെവിയ്യ പത്ത് പേർ മാത്രമായി ചുരുങ്ങിയെങ്കിലും ആദ്യപകുതി അവസാനിക്കുന്നതിനു മുൻപ് തന്നെ അവർ ഒരു ഗോളിന് മുന്നിലെത്തി. രണ്ടാം പകുതിയുടെ എൺപത്തിയൊന്നാം മിനുട്ടിലാണ് അർജന്റീന താരത്തിന്റെ ഗോൾ പിറക്കുന്നത്. എതിരാളികളിൽ നിന്നും പന്ത് റാഞ്ചിയ അക്യൂന മുപ്പതു വാരയോളം അകലെ നിന്നും എടുത്ത ബുള്ളറ്റ് ഷോട്ട് ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെയാണ് വലക്കകത്ത് കയറിയത്.

എന്നാൽ പത്ത് പേരായി ചുരുങ്ങിയതിനു ശേഷം നേടിയ രണ്ടു ഗോളിന്റെ ലീഡ് നിലനിർത്താൻ അവസാന മിനിറ്റുകളിൽ സെവിയ്യക്ക് കഴിയാഞ്ഞത് തിരിച്ചടി നൽകി. എൺപത്തിയൊമ്പതാം മിനുട്ടിലും ഇഞ്ചുറി ടൈമിലും ഗോളുകൾ നേടി സെൽറ്റ വീഗൊ മത്സരത്തിൽ സെവിയ്യക്കെതിരെ സമനില നേടിയെടുത്തു. ഇതിൽ അരിശം പൂണ്ട് വാക്കേറ്റത്തിന് പോയ അക്യൂനയും ചുവപ്പുകാർഡ് നേടി പുറത്തു പോവുകയും ചെയ്‌തു.

സ്പെയിനിലെ പ്രധാന ക്ലബുകളിൽ ഒന്നാണെങ്കിലും ഈ സീസണിൽ അത്ര മികച്ച ഫോമിലല്ല സെവിയ്യ കളിക്കുന്നത്. നിലവിൽ ലീഗിൽ പതിമൂന്നാം സ്ഥാനത്താണ് സെവിയ്യ നിൽക്കുന്നത്. അതേസമയം സെവിയ്യക്കെതിരെ സമനില നേടിയ സെൽറ്റ വീഗൊ ഒൻപതാം സ്ഥാനത്തു നിൽക്കുന്നു.

Content Highlights: Marcos Acuna Scored Wonder Goal For Sevilla