കൂക്കിവിളിച്ച ആരാധകർക്ക് ഇനി വായടച്ച് മിണ്ടാതിരിക്കാം, പിഎസ്‌ജിക്കു വേണ്ടി മിന്നും പ്രകടനവുമായി ലയണൽ മെസി | Lionel Messi

ചാമ്പ്യൻസ് ലീഗിൽ നിന്നുള്ള പിഎസ്‌ജിയുടെ പുറത്താവലിന് ക്ലബിലെ ഓരോ താരങ്ങളും ഒരുപോലെ ഉത്തരവാദികൾ ആണെങ്കിലും ആരാധകർ തിരിഞ്ഞത് ലയണൽ മെസിക്കെതിരെ ആയിരുന്നു. അതിനു ശേഷം സ്വന്തം മൈതാനത്ത് നടന്ന ഓരോ മത്‌സരത്തിലും മെസിയെ പിഎസ്‌ജി ആരാധകർ കൂക്കി വിളിച്ചു. ഫ്രാൻസിലെ തോല്പിച്ച് അർജന്റീന ലോകകപ്പ് സ്വന്തമാക്കിയതിന് അമർഷം കൂടി മെസിക്കെതിരായ കൂക്കിവിളിയിൽ തെളിഞ്ഞു നിന്നിരുന്നു.

എന്തായാലും ആ കൂക്കി വിളികൾക്കെല്ലാം കളിക്കളത്തിൽ മറുപടി നൽകുകയാണ് ലയണൽ മെസി. ആരാധകർ കൂക്കി വിളിച്ച ഓരോ മത്സരത്തിലും ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരം കഴിഞ്ഞ ദിവസം നീസിനെതിരെ നടന്ന ലീഗ് മത്സരത്തിലും അതാവർത്തിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പിഎസ്‌ജി വിജയം നേടിയ മത്സരത്തിൽ ടീമിന്റെ ആദ്യഗോൾ നേടിയ ലയണൽ മെസി രണ്ടാമത്തെ ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു.

മത്സരത്തിന്റെ ഇരുപത്തിയാറാം മിനുട്ടിലാണ് ലയണൽ മെസിയുടെ ഗോൾ പിറക്കുന്നത്. ലെഫ്റ്റ് ബാക്കായ നുനോ മെന്ഡസ് നടത്തിയ മുന്നേറ്റത്തിനു ശേഷം നൽകിയ പാസ് മനോഹരമായ രീതിയിൽ മെസി വലയിലേക്ക് തിരിച്ചു വിടുകയായിരുന്നു. ഗോൾകീപ്പർക്ക് യാതൊരു അവസരവും താരം നൽകിയില്ല. അതിനു ശേഷം നീസ് ആക്രമണങ്ങൾ ശക്തമായെങ്കിലും എഴുപത്തിയാറാം മിനുട്ടിൽ മെസിയുടെ കോർണറിൽ നിന്നും റാമോസ് വല കുലുക്കി.

മത്സരത്തിൽ ഒരു ഗോളും അസിസ്റ്റും നേടിയതോടെ ഈ സീസണിൽ ലയണൽ മെസിക്ക് ഫ്രഞ്ച് ലീഗിൽ പതിനാലു ഗോളുകളും പതിനാലു അസിസ്റ്റുകളുമായി. സീസണിൽ ഫ്രഞ്ച് ലീഗിൽ ഏറ്റവുമധികം ഗോളുകളിൽ പങ്കാളിയായ താരമാണ് ലയണൽ മെസി. ടോപ് സ്കോറർമാരിൽ മെസി ഒൻപതാം സ്ഥാനത്തു നിൽക്കുമ്പോൾ കൂടുതൽ അസിസ്റ്റ് നൽകിയ താരങ്ങളിൽ മെസി ഒന്നാമതാണ്.

ഇത്രയൊക്കെ മികച്ച പ്രകടനം നടത്തിയിട്ടും ആരാധകർ ലയണൽ മെസിയെ തിരഞ്ഞു പിടിച്ചു കൂക്കി വിളിക്കുന്നതാണ് അംഗീകരിക്കാൻ കഴിയാത്ത കാര്യം. ഇതിനെതിരെ മുൻ ഫ്രഞ്ച് താരങ്ങളായ തിയറി ഹെൻറി, ക്രിസ്റ്റഫെ ഡുഗറീ എന്നിവരെല്ലാം രംഗത്തു വന്നിരുന്നു. ആരാധകരുടെ ഈ പ്രതിഷേധം കാരണം ലയണൽ മെസി ഈ സീസണിന് ശേഷം പിഎസ്‌ജി വിടാനുള്ള സാധ്യതയും വർധിച്ചിട്ടുണ്ട്.

Content Highlights: Lionel Messi Goal And Assist Against Nice