എളുപ്പം ഗോളടിക്കാമായിരുന്നിട്ടും എംബാപ്പെക്ക് പാസ് നൽകി മെസി, അവസരം തുലച്ച് ഫ്രഞ്ച് താരം | Lionel Messi

ആരാധകരുടെ കൂക്കിവിളികൾ ഏറ്റുവാങ്ങുന്ന ഓരോ മത്സരങ്ങളിലും ലയണൽ മെസി മികച്ച പ്രകടനം പുറത്തെടുക്കുകയാണ്. ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്‌ജി പുറത്തു പോയതിനു പിന്നാലെ നടന്ന മൂന്നു മത്സരങ്ങളിലാണ് ലയണൽ മെസിയെ ഫ്രഞ്ച് ക്ലബിന്റെ ആരാധകർ കൂക്കി വിളിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരം ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്തുമ്പോഴും കൂക്കി വിളിക്കുന്ന ആരാധകരെ പലരും വിമർശിക്കുകയും ചെയ്‌തു.

എന്തായാലും തന്നെ കൂക്കി വിളിച്ച ആരാധകർക്ക് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മെസി വീണ്ടും മറുപടി നൽകിയിട്ടുണ്ട്. നീസിന്റെ മൈതാനത്ത് നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ പിഎസ്‌ജി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയം നേടിയപ്പോൾ ടീമിന്റെ ആദ്യത്തെ ഗോൾ ഇരുപത്തിയാറാം മിനുട്ടിൽ നേടിയ ലയണൽ മെസി അതിനു ശേഷം സെർജിയോ റാമോസ് നേടിയ രണ്ടാമത്തെ ഗോളിന് വഴിയൊരുക്കുകയും ചെയ്തിരുന്നു.

അതേസമയം മത്സരത്തിൽ എംബാപ്പെക്ക് താരം നൽകിയ ഒരു അവസരമാണ് ഇപ്പോൾ ആരാധകർ ചർച്ച ചെയ്യുന്നത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ബോക്‌സിൽ പന്ത് ലഭിച്ച ലയണൽ മെസിക്ക് അത് അനായാസം വലയിലേക്കടിച്ച് ഗോളാക്കാൻ കഴിയുമായിരുന്നു. എന്നാൽ തന്നെക്കാൾ മികച്ച പൊസിഷനിൽ എംബാപ്പെ നിൽക്കുന്നതു കൊണ്ട് മെസി പന്ത് താരത്തിന് നൽകി. എന്നാൽ ഫ്രഞ്ച് താരം അതു പുറത്തേക്കടിച്ച് അവിശ്വസനീയമായ രീതിയിൽ തുലച്ചു കളയുകയായിരുന്നു.

ലയണൽ മെസിയെ ഓരോ മത്സരങ്ങളിലും ആരാധകർ കൂക്കിവിളികളോടെ സ്വീകരിക്കുമ്പോൾ കയ്യടികളോടെ സ്വീകരിച്ച താരമായിരുന്നു എംബാപ്പെ. ലോകകപ്പിൽ ഫ്രാൻസിന് വേണ്ടി മികച്ച പ്രകടനം നടത്തിയതാണ് എംബാപ്പെയെ ആരാധകരുടെ കണ്ണിലുണ്ണിയാക്കി മാറ്റിയത്. അതേസമയം ലോകകപ്പ് വിജയത്തിന്റെ പേരിൽ ഫ്രാൻസിലെ ആരാധകരുടെ വിമർശനങ്ങൾ മെസി ഏറ്റു വാങ്ങുമ്പോൾ അവരുടെ പ്രിയപ്പെട്ടവനായ എംബാപ്പെ തന്നെ അവസരങ്ങൾ തുലക്കുകയാണ്.

തനിക്ക് കൂക്കിവിളികൾ ലഭിച്ച ഓരോ മത്സരങ്ങളിലും ലയണൽ മെസി മികച്ച പ്രകടനമാണ് നടത്തിയത്. അതേസമയം കയ്യടികളോടെ ആരാധകർ സ്വീകരിക്കുന്ന എംബാപ്പെ കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ഗോൾ നേടിയിട്ടില്ലെന്നു മാത്രമല്ല, ശരാശരി പ്രകടനമാണ് കാഴ്ച്ച വെക്കുന്നതും. എന്തായാലും ഇനി മെസിയെ കൂക്കിവിളിക്കാൻ ആരാധകർ മടിക്കുമെന്നുറപ്പാണ്.

Content Highlights: Mbappe Missed Lionel Messi Created Chance Against Nice