ഇവാനും ലൂണയുമില്ലെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിനു സൂപ്പർകപ്പിൽ പദ്ധതികളുണ്ട്, കൊമ്പന്മാർ ഒരുങ്ങിത്തന്നെ | Kerala Blasters

കേരത്തിന്റെ മൈതാനങ്ങളിൽ വെച്ച് സൂപ്പർകപ്പ് മത്സരങ്ങൾ നടക്കുമ്പോൾ മലയാളക്കരയുടെ അഭിമാനമായ ക്ലബുകളിൽ ഒന്നായ കേരള ബ്ലാസ്റ്റേഴ്‌സിന് കിരീടമാണ് ലക്‌ഷ്യം. ഇന്ത്യൻ സൂപ്പർലീഗ് ഈ സീസണിൽ നേരിട്ട തിരിച്ചടികളെ മറികടക്കാനും ഏഷ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാനും സൂപ്പർകപ്പ് വിജയം ബ്ലാസ്റ്റേഴ്‌സിന് കൂടിയേ തീരൂ. അതിനു പുറമെ കേരളത്തിൽ വെച്ചാണ് ടൂർണമെന്റ് നടക്കുന്നതെന്നതും ഇതിലൊരു ഘടകമാണ്.

എന്നാൽ ടൂർണമെന്റിന് തൊട്ടു മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് തിരിച്ചടികളാണ് നേരിട്ടത്. ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമായ അഡ്രിയാൻ ലൂണക്ക് വ്യക്തിപരമായ ആവശ്യങ്ങൾ കാരണം ക്ലബ് വിട്ടു പോകേണ്ടി വന്നു. അതിനു പിന്നാലെ ടീമിന്റെ പരിശീലകനായ ഇവാൻ വുകോമനോവിച്ചിന് പത്ത് മത്സരങ്ങളിൽ വിലക്ക് എഐഎഫ്എഫ് ഏർപ്പെടുത്തി. ഇതോടെ ടൂർണമെന്റിൽ ടീമിന്റെ അവസ്ഥ എന്താകുമെന്ന് ഏവരും ആശങ്കപ്പെട്ടു.

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്റ്ററായ കരോലിസ് സ്‌കിൻകിൻസിന് ആശങ്കയൊന്നും ഉണ്ടായിരുന്നില്ല. ഇവാൻ വുകോമനോവിച്ച് ഇല്ലെങ്കിലും അദ്ദേഹത്തിന്റെ കീഴിൽ സഹപരിശീലകരായ ഫ്രാങ്ക് ദോവൻ, ഇഷ്‌ഫാക് അഹമ്മദ് എന്നിവർ മികച്ച കഴിവുകൾ ഉള്ളവരാണെന്നും അതിനാൽ സെർബിയൻ പരിശീലകന്റെ അഭാവം ബാധിക്കില്ലെന്നും സൂപ്പർകപ്പിൽ മികച്ച പ്രകടനം ടീം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കിൻകിസിന്റെ വാക്കുകൾ ശരിവെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യത്തെ മത്സരത്തിൽ മികച്ച വിജയത്തോടെയാണ് സൂപ്പർകപ്പിൽ തുടങ്ങിയത്.ഐ ലീഗ് ചാമ്പ്യന്മാരായ എഫ്‌സിയെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയത്. ദിമി, നീഷു കുമാർ, രാഹുൽ കെപി എന്നിവർ ബ്ലാസ്റ്റേഴ്‌സിനായി ഗോൾ നേടിയപ്പോൾ പഞ്ചാബിന്റെ ഗോൾ കൃഷ്‌ണാനന്ദ സിങ് ആണ് സ്വന്തമാക്കിയത്.

അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ ഈ വർഷത്തെ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിസ്റ്റുകളായ ബെംഗളൂരു എഫ്‌സിയെ സമനിലയിൽ തളച്ച ശ്രീനിധി ഡെക്കാൻ ആണ്. അതിനു ശേഷം ബെംഗളൂരു എഫ്‌സിയെയും ബ്ലാസ്റ്റേഴ്‌സ് നേരിടും. നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ബ്ലാസ്റ്റേഴ്‌സ് അടുത്ത മത്സരം വിജയിച്ചാൽ സെക്കൻഡ് റൌണ്ട് ഉറപ്പിക്കാൻ കഴിയും. പുതിയ പരിശീലകരുടെ തന്ത്രങ്ങൾക്ക് അതിനു കഴിയുമെന്നാണ് പ്രതീക്ഷ.

Content Highlights: Kerala Blasters Winning Start In Hero Super Cup