ആ റെക്കോർഡും റൊണാൾഡോക്ക് നഷ്‌ടമായി, യൂറോപ്പിലെ രാജാവ് ലയണൽ മെസി തന്നെ | Lionel Messi

ആരാധകർ തനിക്കെതിരെ രൂക്ഷമായ രീതിയിൽ പ്രതികരിക്കുമ്പോഴും പിഎസ്‌ജിക്കു വേണ്ടി ഗംഭീരപ്രകടനം തുടരുകയാണ് ലയണൽ മെസി. കഴിഞ്ഞ ദിവസം നീസിനെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പിഎസ്‌ജി വിജയിച്ചപ്പോൾ ഒരു ഗോൾ നേടിയ അർജന്റീന താരം സെർജിയോ റാമോസ് നേടിയ രണ്ടാമത്തെ ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു. ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്തിയതും മെസിയായിരുന്നു.

പിഎസ്‌ജിയിൽ മെസി സംതൃപ്‌തനല്ലെങ്കിലും ടീമിനായി ഏറ്റവും മികച്ച കളി പുറത്തെടുക്കാൻ മെസിക്ക് കഴിയുന്നുണ്ട്. ഈ സീസണിൽ ഇതുവരെ ഫ്രഞ്ച് ലീഗിൽ പതിനാലു ഗോളുകളും പതിനാലു അസിസ്റ്റുകളും മെസി സ്വന്തമാക്കി. ഫ്രഞ്ച് ലീഗിൽ ഏറ്റവുമധികം ഗോളുകളിൽ പങ്കാളിയായ താരവും ലയണൽ മെസി തന്നെയാണ്. താരത്തിന്റെ മികവെന്താണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.

ഇതിനു പുറമെ ഇന്നലത്തെ മത്സരത്തിൽ ഗോൾ നേടിയതോടെ ലയണൽ മെസിയെ തേടി മറ്റൊരു റെക്കോർഡ് കൂടിയെത്തിയിട്ടുണ്ട്. യൂറോപ്പിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന റെക്കോർഡാണ് ലയണൽ മെസി സ്വന്തമാക്കിയത്. ലയണൽ മെസിയുടെ പേരിൽ 702 ഗോളുകളുള്ളപ്പോൾ രണ്ടാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിൽ 701 ഗോളുകളാണുള്ളത്. റൊണാൾഡോ യൂറോപ്പിൽ ഇപ്പോഴില്ലാത്തതിനാൽ ഈ റെക്കോർഡ് മെസിക്ക് വർധിപ്പിക്കാൻ കഴിയും.

ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ നേട്ടം സ്വന്തമാക്കാൻ രണ്ടു താരങ്ങളും എടുത്ത മത്സരങ്ങളുടെ എണ്ണമാണ്. ക്രിസ്റ്റ്യാനോ യൂറോപ്പിൽ 701 ഗോളുകൾ നേടാൻ 949 മത്സരങ്ങൾ കളിച്ചപ്പോൾ ലയണൽ മെസി വെറും 841 മത്സരങ്ങളിൽ നിന്നാണ് ഇത്രയും ഗോളുകൾ നേടിയത്. റൊണാൾഡോയെക്കാൾ 105 മത്സരങ്ങൾ കുറവ് കളിച്ചാണ് മെസി ഈ നേട്ടം സ്വന്തമാക്കിയതെന്നത് മെസിയുടെ മികവ് വ്യക്തമാക്കുന്നു. യൂറോപ്പിലെ രാജാവായി ഇതോടെ മെസി മാറി.

ഇതിനു പുറമെ മറ്റൊരു നേട്ടം കൂടി ലയണൽ മെസി കഴിഞ്ഞ ദിവസം സ്വന്തമാക്കി. യൂറോപ്പിൽ ആയിരം ഗോളുകളിൽ പങ്കാളിയാവുകയെന്ന റെക്കോർഡാണ് മെസി ഇന്നലെ നേടിയത്. 702 ഗോളുകളും 298 അസിസ്റ്റുകളുമാണ് ലയണൽ മെസിയുടെ പേരിൽ യൂറോപ്പിലുള്ളത്. ഗോളടിക്കുന്നതിനൊപ്പം തന്നെ ഗോളടിപിച്ച് ടീമിനെ മുന്നോട്ടു കൊണ്ടുപോകാനുള്ള മെസിയുടെ കഴിവ് ഇതിൽ വ്യക്തമാണ്.

Content Highlights: Lionel Messi Surpasses Ronaldo European Goal Record