ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളിയാകാനില്ല, ഇന്ത്യയിലെ മറ്റൊരു ക്ലബിലേക്കും ചേക്കേറില്ലെന്നു തീരുമാനിച്ച് ലെസ്‌കോവിച്ച് | Marko Leskovic

ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ മൂന്നു സീസണുകളിലും ടീമിനൊപ്പം ഉണ്ടായിരുന്ന താരമാണ് മാർകോ ലെസ്‌കോവിച്ച്. ആദ്യത്തെ രണ്ടു സീസണുകളിലും ടീമിന്റെ പ്രധാന പ്രതിരോധതാരം ലെസ്‌കോ ആയിരുന്നെങ്കിൽ ഇക്കഴിഞ്ഞ സീസണിൽ മിലോസ് ഡ്രിൻസിച്ച് എത്തിയതോടെ ക്രൊയേഷ്യൻ താരത്തിന്റെ അവസരങ്ങളെ അത് ബാധിച്ചിരുന്നു.

അഡ്രിയാൻ ലൂണ അടക്കമുള്ള ചില വിദേശതാരങ്ങൾ പരിക്കേറ്റു പുറത്തു പോയതോടെ ആദ്യ ഇലവനിൽ സ്ഥിര സാന്നിധ്യമായ ലെസ്‌കോവിച്ച് മികച്ച പ്രകടനമാണ് ടീമിന് വേണ്ടി കാഴ്‌ച വെച്ചത്. താരം മറ്റൊരു സീസൺ കൂടി ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള തീരുമാനം താരം എടുത്തു കഴിഞ്ഞിട്ടുണ്ട്.

ലെസ്‌കോവിച്ചിന്റെ കരാർ ഈ മാസത്തോടെ അവസാനിക്കുമ്പോൾ അത് പുതുക്കുന്നില്ലെന്ന തീരുമാനത്തിൽ താരം ഉറച്ചു നിൽക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള തീരുമാനത്തിനൊപ്പം ഇന്ത്യയിലെ മറ്റൊരു ക്ലബിന് വേണ്ടിയും കളിക്കുന്നില്ലെന്ന തീരുമാനം കൂടി ലെസ്‌കോവിച്ച് എടുത്തിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിനോട് താരത്തിനുള്ള ആത്മാർത്ഥത ഇതിൽ നിന്നും വ്യക്തമാണ്.

ഇവാൻ വുകോമനോവിച്ച് അടുത്ത സീസണിൽ ഉണ്ടാകില്ലെന്ന പ്രഖ്യാപനം വരുന്നതിനു മുൻപേ തന്നെ ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള തീരുമാനം ലെസ്‌കോവിച്ച് എടുത്തിട്ടുണ്ട്. അതുകൊണ്ടു തന്നെ പുതിയ പരിശീലകൻ എത്തുന്നത് കൊണ്ടല്ല താരം ക്ലബ് വിടുന്നതെന്ന് വ്യക്തമാണ്. താരം തന്റെ രാജ്യമായ ക്രൊയേഷ്യയിലേയോ യൂറോപ്പിലെയോ ക്ലബുകൾക്ക് വേണ്ടിയാകും ഇനി ബൂട്ടണിയുക.

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വളരെ പ്രിയപ്പെട്ട താരമാണ് ലെസ്‌കോവിച്ച്. കഴിഞ്ഞ മൂന്നു സീസണുകളായി മികച്ച പ്രകടനം നടത്തി എന്നതിന് പുറമെ ടീമിനെ നന്നായി നയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും യുവതാരങ്ങളോടുള്ള അദ്ദേഹത്തിന്റെ ഇടപെടൽ മികച്ചതായിരുന്നു. പരിചയസമ്പത്തും നേതൃഗുണവുമുള്ള ഒരു താരത്തെയാണ് ബ്ലാസ്റ്റേഴ്‌സിന് നഷ്‌ടമാകാൻ പോകുന്നത്.

Marko Leskovic Left Kerala Blasters