അർജന്റീന സ്‌ട്രൈക്കർ ഫാക്റ്ററി തന്നെ, മിന്നും ഫോമിൽ കളിക്കുന്ന ഇകാർഡി ദേശീയ ടീമിൽ തിരിച്ചെത്തുമോ | Icardi

ലോകഫുട്ബോളിൽ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരുള്ള ദേശീയ ടീമുകളിൽ ഒന്നാണ് അർജന്റീന. ഇക്കഴിഞ്ഞ ലോകകപ്പോടു കൂടി അത് കൂടുതൽ വ്യക്തമാവുകയും ചെയ്‌തു. ലയണൽ മെസി കഴിഞ്ഞാൽ സ്‌കലോണിയുടെ അർജന്റീന ടീമിനായി ഏറ്റവുമധികം ഗോളുകൾ നേടിയ ലൗടാരോ മാർട്ടിനസ് നിറം മങ്ങിയപ്പോൾ പകരക്കാരനായി ഇറങ്ങിയ ജൂലിയൻ അൽവാരസ് ഗംഭീര പ്രകടനമാണ് നടത്തിയത്. ഇപ്പോൾ രണ്ടു പേരും മത്സരിക്കുന്ന പ്രകടനമാണ് ക്ലബിനും രാജ്യത്തിനുമായി നടത്തുന്നത്.

അതിനിടയിൽ ദേശീയ ടീമിന് വേണ്ടി മുൻപ് കളിച്ച് പിന്നീട് വിസ്‌മൃതിയിലേക്ക് പോയ ഒരു താരം ഇപ്പോൾ ഗംഭീര പ്രകടനം നടത്തുന്നുണ്ട്. ഇരുപത്തിനാലാം വയസിൽ തന്നെ ഇന്റർ മിലൻറെ നായകനായി അവരെ ഒരുപാട് വർഷങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലേക്ക് നയിച്ചു ശ്രദ്ധ നേടിയ മൗറോ ഇകാർഡിയാണ് ആ താരം. നിലവിൽ തുർക്കിഷ് ക്ലബായ ഗളത്സരയിൽ കളിക്കുന്ന താരം തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.

ഇന്റർ മിലാൻ വിട്ടതിനു ശേഷം പിഎസ്‌ജിയിലേക്ക് ചേക്കേറിയ ഇകാർഡി കഴിഞ്ഞ സീസണിൽ തുർക്കിഷ് ക്ലബിനായി ലോണിൽ കളിച്ചിരുന്നു. 24 മത്സരങ്ങളിൽ നിന്നും 22 ഗോളും ഏഴ് അസിസ്റ്റും ലീഗിൽ സ്വന്തമാക്കിയ താരത്തെ കഴിഞ്ഞ സമ്മറിൽ ഗലാത്സരെ സ്ഥിരം കരാറിൽ ടീമിലെത്തിച്ചു. കഴിഞ്ഞ സീസണിൽ നടത്തിയ പ്രകടനത്തിന്റെ ആവർത്തനമാണ് ഈ സീസണിൽ ഇകാർഡി നടത്തുന്നത്. സീസണിൽ ഒൻപത് ലീഗ് മത്സരങ്ങളിൽ നിന്നും പത്ത് ഗോളും ഒരു അസിസ്റ്റും താരം സ്വന്തമാക്കി.

ഇന്നലെ ബയേൺ മ്യൂണിക്കിനെതിരെ തുർക്കിഷ് ക്ലബിന്റെ ഒരേയൊരു ഗോൾ നേടിയ താരം ഇതിനു മുൻപ് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ വിജയഗോളും കുറിച്ചിരുന്നു. ഈ സീസണിലും മിന്നുന്ന പ്രകടനം നടത്തിയാൽ കോപ്പ അമേരിക്കക്കുള്ള അർജന്റീന ടീമിൽ താരത്തിന് സ്ഥാനം ലഭിക്കുമോയെന്നാണ് ആരാധകർ ചോദിക്കുന്നത്. 2018ൽ മെക്‌സിക്കോക്കെതിരായ സൗഹൃദ മത്സരത്തിലാണ് ഇകാർഡി അവസാനമായി അർജന്റീന ടീമിനായി കളിക്കുന്നത്.

അൽവാരസ്, ലൗടാരോ തുടങ്ങിയ താരങ്ങൾ ഉള്ളതിനാൽ ഇകാർഡി അർജന്റീന ടീമിലേക്ക് എത്തുമോയെന്ന കാര്യത്തിൽ സംശയങ്ങൾ ഉണ്ടെങ്കിലും താരത്തിന്റെ ഗംഭീര ഫോം യൂറോപ്പിലെ ക്ലബുകളുടെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള സാധ്യതയുണ്ട്. മുപ്പതു വയസുള്ള താരം തന്റെ കഴിവുകൾ ഇപ്പോഴും അതുപോലെ തന്നെ ബാക്കിയുണ്ടെന്ന് കളിക്കളത്തിൽ തെളിയിച്ചു കൊണ്ടിരിക്കുന്നു. ഒരു പ്രോപ്പർ സ്‌ട്രൈക്കറായ ഇകാർഡിയെ പല ടീമുകൾക്കും ഒരു മുതൽക്കൂട്ടായിരിക്കും.

Mauro Icardi Is In Superb Form This Season