എട്ടാമത്തെ അത്ഭുതം സൃഷ്‌ടിച്ച് ലയണൽ മെസി, 2023ലെ ബാലൺ ഡി ഓർ അർജന്റീന താരത്തിനു തന്നെ | Messi

ഫുട്ബോൾ ലോകത്ത് ലയണൽ മെസി സ്വന്തമാക്കിയിട്ടുള്ളത് മറ്റാർക്കും ചിന്തിക്കാൻ പോലും കഴിയാത്ത നേട്ടങ്ങളാണ്. പതിനേഴാം വയസിൽ ബാഴ്‌സലോണക്കായി കരിയർ ആരംഭിച്ച താരം വളരെ പെട്ടന്ന് തന്നെ ക്ലബ് തലത്തിൽ സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കുകയും ഇരുപത്തിരണ്ടാം വയസിൽ തന്നെ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്‌തു. ഇപ്പോൾ മുപ്പത്തിയാറുകാരനായ മെസി ക്ലബിനും രാജ്യത്തിനും വേണ്ടി സ്വന്തമാക്കാൻ നേട്ടങ്ങളൊന്നും ബാക്കിയില്ല.

ക്ലബ് തലത്തിൽ വളരെ പെട്ടന്നു തന്നെ സാധ്യമായ നേട്ടങ്ങൾ സ്വന്തമാക്കിയെങ്കിലും ദേശീയ തലത്തിൽ അതിനായി മെസിക്ക് ഒരുപാട് കാലം കാത്തിരിക്കേണ്ടി വന്നു. പ്രധാന ടൂർണമെന്റുകളുടെ ഫൈനൽ നിരവധി തവണ കളിച്ച താരത്തിന് അവിടെയെല്ലാം നിരാശയായിരുന്നു ഫലമെങ്കിലും കരിയറിന്റെ അവസാനത്തെ ഘട്ടത്തിൽ അതെല്ലാം മാറ്റിയെടുക്കാൻ മെസിക്കായി. കഴിഞ്ഞ രണ്ടര വർഷത്തിനുള്ളിൽ ദേശീയ ടീമിനൊപ്പം സാധ്യമായ കിരീടങ്ങളെല്ലാം മെസി സ്വന്തമാക്കി.

കഴിഞ്ഞ വർഷം ലോകകപ്പ് കിരീടം സ്വന്തമാക്കിയതോടെ കരിയർ എല്ലാ രീതിയിലും പൂർണതയിലെത്തിക്കാൻ ലയണൽ മെസിക്ക് കഴിയുകയുണ്ടായി. ഇപ്പോൾ ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരവും ലയണൽ മെസി ഉറപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോയാണ് ലയണൽ മെസി ഇത്തവണത്തെ ബാലൺ ഡി ഓർ സ്വന്തമാക്കിയെന്ന സൂചകങ്ങളാണ് എല്ലായിടത്തു നിന്നും ലഭിക്കുന്നതെന്നു വ്യക്തമാക്കിയത്.

ഇത്തവണയും പുരസ്‌കാരം സ്വന്തമാക്കിയാൽ മെസി തന്റെ കരിയറിൽ നേടുന്ന എട്ടാമത്തെ ബാലൺ ഡി ഓർ പുരസ്‌കാരമായിരിക്കുമത്. ഏഴാമത്തെ ബാലൺ ഡി ഓർ താരം നേടിയപ്പോൾ തന്നെ ആ റെക്കോർഡ് മറികടക്കാൻ ആർക്കും കഴിയില്ലെന്ന് നിരീക്ഷകർ വിലയിരുത്തിയിരുന്നു. അതിനിടയിലാണ് എട്ടാം തവണയും താരം പുരസ്‌കാരം നേടാൻ പോകുന്നത്. ഭാവിയിൽ ലയണൽ മെസിയുടെ ഈ റെക്കോർഡ് തിരുത്താൻ ഒരു താരത്തിനും കഴിയില്ലെന്നുറപ്പാണ്.

ബാലൺ ഡി ഓറിൽ മെസിക്ക് പ്രധാനമായും വെല്ലുവിളിയായി ഉണ്ടായിരുന്നത് മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ട്രെബിൾ കിരീടങ്ങൾ സ്വന്തമാക്കിയ നോർവീജിയൻ സ്‌ട്രൈക്കർ എർലിങ് ഹാലാൻഡാണ്. എന്നാൽ ലയണൽ മെസിയുടെ ലോകകപ്പ് നേട്ടത്തിന് മുന്നിൽ ഹാലാൻഡിന്റെ ട്രെബിൾ നേട്ടം ഇല്ലാതായിപ്പോയെന്ന് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തിങ്കളാഴ്‌ച പാരീസിൽ വെച്ചു നടക്കുന്ന ചടങ്ങിലാണ് ബാലൺ ഡി ഓർ ആർക്കാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുക.

Romano Says Messi Expected To Win 2023 Ballon Dor