തിരിച്ചുവരവിൽ ആശാനെ ഞെട്ടിക്കാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒരുങ്ങുന്നു, വമ്പൻ സ്വീകരണത്തിനു പദ്ധതി | Kerala Blasters

ഐഎസ്എൽ റഫറിമാരുടെ തെറ്റായ തീരുമാനങ്ങളിൽ ക്ഷമകെട്ട് അതിനോട് ശക്തമായ പ്രതിഷേധം നടത്തിയതിനു കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച് നൽകേണ്ടി വന്ന വില വളരെ വലുതായിരുന്നു. കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ റഫറി തെറ്റായ തീരുമാനമെടുത്ത് ഗോൾ അനുവദിച്ചതിനോട് പ്രതിഷേധിച്ചു കളിക്കളം വിടാൻ ഇവാൻ തീരുമാനിച്ചതിനു വലിയ നടപടികളാണ് അദ്ദേഹം നേരിടേണ്ടി വന്നത്.

ഇവാൻ വുകോമനോവിച്ചിന്റെ നടപടിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന് നാല് കോടി രൂപ പിഴശിക്ഷ ലഭിച്ചപ്പോൾ പരിശീലകന് പിഴക്കു പുറമെ പത്ത് മത്സരങ്ങളിൽ വിലക്കും ലഭിച്ചു. എഐഎഫ്എഫിന്റെ കീഴിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ ഇവാന് കഴിയാതിരുന്നതിനാൽ കഴിഞ്ഞ സീസണിലെ സൂപ്പർകപ്പ്, ഈ സീസണിന് മുന്നോടിയായി നടന്ന ഡ്യൂറൻഡ് കപ്പ്, ഐഎസ്എല്ലിലെ നാല് മത്സരങ്ങൾ എന്നിവ അദ്ദേഹത്തിന് നഷ്‌ടമായി. ഇപ്പോൾ വിലക്ക് മാറിയ അദ്ദേഹം ഒഡിഷ എഫ്‌സിക്കെതിരായ മത്സരത്തിൽ തിരിച്ചു വരാനൊരുങ്ങുകയാണ്.

തങ്ങളുടെ പ്രിയപ്പെട്ട പരിശീലകന്റെ തിരിച്ചുവരവിന് ഏറ്റവും മികച്ച സ്വീകരണം നൽകാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്. കൃത്യമായി പറഞ്ഞാൽ 238 ദിവസമാണ് ഈ പത്ത് മത്സരങ്ങളുടെ ഇടവേളയിൽ ഇവാൻ വുകോമനോവിച്ച് ഇല്ലാതിരുന്നത്. ആശാന്റെ വരവ് സ്വന്തം മൈതാനത്ത് തന്നെ നടക്കുന്ന മത്സരത്തിൽ ആയതിനാൽ അതിനു ഏറ്റവും ആവേശകരമായ സ്വീകരണം നൽകാനുള്ള പദ്ധതികൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടമായ മഞ്ഞപ്പട തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം ഒഡിഷ എഫ്‌സിക്കെതിരെ നാളെ നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ഗ്യാലറി പൂർണമായും വ്യാപിച്ചു കിടക്കുന്ന തരത്തിലുള്ള കൂറ്റൻ ടിഫോ വിരിക്കാൻ മഞ്ഞപ്പട പദ്ധതിയിട്ടിട്ടുണ്ട്. അതിനു പുറമെ വ്യത്യസ്‌തമായ മൊസൈക്ക് അവതരണവും ഇവാന് വേണ്ടിയുള്ള ചാന്റുകളും ബ്ലാസ്റ്റേഴ്‌സ് ആരാധകർ മൈതാനത്ത് ഉയർത്തും. ഒരുപാട് നാളുകൾക്ക് ശേഷം തിരിച്ചെത്തുന്ന ഇവാൻ വുകോമനോവിച്ചിന് ആവേശം നൽകുന്ന സ്വീകരണത്തിനാണ് കൊച്ചി സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.

ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും മികച്ച സ്വീകരണങ്ങളിൽ ഒന്നായിരിക്കും ഇതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതേസമയം തിരിച്ചുവരുന്ന ആശാന് മുന്നിൽ വലിയൊരു കടമ്പയാണുള്ളത്. പരിക്കും വിലക്കും കാരണം അഞ്ചോളം പ്രധാന താരങ്ങൾ ഇല്ലാതെ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ എഎഫ്‌സി കപ്പിൽ ആറു ഗോളുകളുടെ വിജയമായെത്തുന്ന ഒഡിഷ എഫ്‌സിയാണ്. തന്റെ തിരിച്ചുവരവിൽ ടീമിന് വിജയം സ്വന്തമാക്കി നൽകാൻ ഇവാൻ മികച്ച രീതിയിൽ തന്നെ തന്ത്രങ്ങൾ ഒരുക്കേണ്ടി വരും.

Kerala Blasters Fans Plans To Welcome Ivan Vukomanovic