പ്രധാന താരങ്ങളില്ലെങ്കിലും പദ്ധതികൾ തയ്യാറാണ്, മത്സരത്തിനായി കാത്തിരിക്കാൻ വയ്യെന്ന് വുകോമനോവിച്ച് | Vukomanovic

ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ അഞ്ചാമത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ അവർക്ക് കൂടുതൽ ആവേശം നൽകാൻ ടീമിന്റെ മുഖ്യപരിശീലകനായ ഇവാൻ വുകോമനോവിച്ചും ഉണ്ടാകും. കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കളിക്കളം വിട്ടതിന്റെ നടപടിയുടെ ഭാഗമായി പത്ത് മത്സരങ്ങളിൽ വിലക്ക് ലഭിച്ച ഇവാൻ അതിനു ശേഷമാണ് നാളത്തെ മത്സരത്തിൽ ടീമിനെ നയിക്കാനെത്തുന്നത്.

ഇവാൻ വുകോമനോവിച്ച് തിരിച്ചെത്തുന്ന സമയത്ത് പ്രധാന താരങ്ങളുടെ പരിക്കും വിലക്കും കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് തിരിച്ചടിയാണ്. വിലക്ക് കാരണം രണ്ടു താരങ്ങളെയും പരിക്ക് കാരണം മൂന്നു താരങ്ങളെയും നാളത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് നഷ്‌ടമാകും. ഈ താരങ്ങളെല്ലാം ടീമിന്റെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നവരാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം. എന്നാൽ ഈ താരങ്ങളുടെ അഭാവം പരിഹരിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസം പരിശീലകനുണ്ടെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നു.

“യുവതാരങ്ങൾക്ക് അവസരം നൽകുന്ന ഇന്ത്യയിലെ ക്ലബുകളിൽ ഒന്നാണ് ഞങ്ങൾ. ഞങ്ങളുടെ അക്കാദമിയിൽ നിന്നുള്ള താരങ്ങൾക്ക് മാത്രമല്ല, ഇന്ത്യയിൽ എവിടെ നിന്നുമുള്ള യുവതാരങ്ങൾക്ക് അവസരം നൽകാൻ ഞങ്ങൾക്ക് മടിയില്ല. അക്കാര്യത്തിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു.” ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോൾ വുകോമനോവിച്ച് പറഞ്ഞു. നാളത്തെ മത്സരത്തിൽ യുവതാരങ്ങളെ ആശ്രയിച്ച് മികച്ച പ്രകടനം നടത്താൻ കഴിയുമെന്നാണ് വുകോമനോവിച്ചിന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

“തിരിച്ചുവരവിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ഞാൻ. ടീമിനൊപ്പം ഉണ്ടാകുന്ന സമയത്ത് ഞാൻ വളരെയധികം സന്തോഷവാനായ മനുഷ്യനാണ്. ഈ ക്ലബിനൊപ്പം തുടരുന്നതു വളരെ വ്യത്യസ്‌തമായ അനുഭവം തന്നെയാണ്, നിങ്ങൾക് വേണമെങ്കിൽ ഡാനിഷിനോട് ഇതേപ്പറ്റി ചോദിക്കാം. ഞങ്ങൾ ആരാധകർക്ക് വേണ്ടിയാണ് ഫുട്ബോൾ കളിക്കുന്നത്, തിരിച്ചുവരവിനായി അക്ഷമയോടെ ഞാൻ കാത്തിരിക്കുന്നു.” മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വ്യക്തമാക്കി.

നാളത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികളും കരുത്തരാണ്. എഎഫ്‌സി കപ്പിലെ കഴിഞ്ഞ മത്സരത്തിൽ മാലിദ്വീപ് ക്ലബ്ബിനെ ആറു ഗോളുകൾക്ക് തകർത്തു കളഞ്ഞതിന്റെ ആത്മവിശ്വാസവുമായാണ് ഒഡിഷ എഫ്‌സി കൊച്ചിയിൽ ഇറങ്ങുക. എന്നാൽ കഴിഞ്ഞ മത്സരത്തിൽ പ്രധാന താരങ്ങളിൽ പലരും ഇല്ലാതെ ഇറങ്ങിയിട്ടും നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെ വിറപ്പിക്കാൻ കഴിഞ്ഞ ബ്ലാസ്റ്റേഴ്‌സിന് ഇവാൻ കൂടി തിരിച്ചെത്തുന്നത് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നതിൽ സംശയമില്ല.

Ivan Vukomanovic Says He Cant Wait To Come Back